Thursday
15 Nov 2018

നോട്ടുനിരോധനം: കേന്ദ്ര സര്‍ക്കാരിന്‍റെ കള്ളങ്ങള്‍ പൊളിഞ്ഞു

By: Web Desk | Wednesday 29 August 2018 10:43 PM IST

  • 99.3 ശതമാനം നിരോധിത നോട്ടുകളും തിരിച്ചെത്തി
  • ഡിജിറ്റലൈസേഷന്‍ വാദവും തെറ്റി
  • പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ 37 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിനും തീവ്രവാദികള്‍ക്ക് അനധികൃതമായി പണം ലഭ്യമാകുന്നത് തടയാനുമെന്ന പേരില്‍ നരേന്ദ്രമോഡി നടപ്പിലാക്കിയ നോട്ടുനിരോധനം വന്‍ ദുരന്തമാണെന്ന് തെളിയിച്ച് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയെങ്കില്‍ കള്ളനോട്ടുകളും വ്യാജ കറന്‍സികളും തീവ്രവാദികള്‍ക്ക് ലഭ്യമാകുന്ന പണവും എവിടെനിന്ന് എന്ന ചോദ്യത്തിന് ഇനി നരേന്ദ്രമോഡിയാണ് ഉത്തരം പറയേണ്ടത്.

2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവാക്കിയത്. പ്രചാരത്തിലുണ്ടായിരുന്നതില്‍ 1.5 മുതല്‍ 3.5 ലക്ഷം കോടിവരെ തിരിച്ചെത്തിയില്ലെന്നും അവ കള്ളപ്പണവും വ്യാജനോട്ടുകളുമായിരിക്കുമെന്നുമായിരുന്നു നോട്ടുനിരോധനത്തെ തുടര്‍ന്ന് മോഡിയും മോഡി പ്രചാരകരും ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നത്. എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗം 2.5 ലക്ഷം കോടി തിരികെയെത്തിയില്ലെന്നാണ് പ്രവചിച്ചതെങ്കില്‍ നീതി ആയോഗ് അംഗം മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിവേക് ദെബ്രോയ് പ്രചാരത്തിലുള്ള നോട്ടുകളുടെ പത്ത് ശതമാനം അതായത് 1.6 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെയെത്തില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കേവലം 10,720 കോടിയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താതിരുന്നതെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് റിസര്‍വ് ബാങ്ക് ഉപയോഗിച്ചത്. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. നോട്ട് നിരോധനത്തിന് ശേഷം പുതിയ 500, 2000 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിന് 2016- 17 കാലത്ത് 7,965 കോടിയാണ് റിസര്‍വ് ബാങ്ക് ചെലവിട്ടത്. തൊട്ടുമുന്‍വര്‍ഷം 3421 കോടിയായിരുന്നു നോട്ട് അച്ചടിക്കാന്‍ ചെലവിട്ടത്. 2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെ 4912 കോടിയും ചെലവിട്ടതായും ആര്‍ബിഐ വ്യക്തമാക്കി.

ഡിജിറ്റലൈസേഷന്‍ വ്യാപകമായെന്ന മോഡിയുടെ അവകാശവാദവും പൊളിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. പ്രചാരത്തിലുള്ള കറന്‍സിയുടെ മൂല്യം 2018 മാര്‍ച്ച് 31 ന് 18.04 ലക്ഷമായി ഉയര്‍ന്നു. 37.7 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണിത്.
അതേസമയം മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാക്കി എന്ന് കണ്ടെത്തിയ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ബിജെപി തടഞ്ഞുവച്ചു. രാജ്യത്തിന്റെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയെന്ന് കണ്ടെത്തിയ സമിതിയുടെ റിപ്പോര്‍ട്ടാണ് ബിജെപി എംപിമാര്‍ തടഞ്ഞുവച്ചത്. റിപ്പോര്‍ട്ട് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാതിരിക്കാനും എംപിമാര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

31 അംഗ സമിതിയില്‍ പതിനേഴ് പേരും ബിജെപി എംപിമാരാണ്. ബിജെപിക്ക് ഭൂരിപക്ഷമുള്ള സമിതിയുടെ ഈ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ബിജെപി എം പി നിഷികാന്ത് ദുബേ പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ വീരപ്പ മൊയിലിക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത നോട്ടുനിരോധത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമുഖതയാണ് റിപ്പോര്‍ട്ട് തടയാന്‍ കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം.
ഈ മാസം അവസാനത്തോടുകൂടി ഈ സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് തടഞ്ഞുവച്ചത് പുറത്തുവരുന്നത്. സമിതിക്കായുള്ള പുതിയ അംഗങ്ങളെ സെപ്റ്റംബര്‍ ഒന്നിനാണ് തിരഞ്ഞെടുക്കുന്നത്. അതിനാല്‍ ഈ റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റിന്റെ പരിഗണനക്ക് വരില്ല. റിപ്പോര്‍ട്ടും അതിന്മേലുള്ള ചര്‍ച്ചയും ബിജെപി എംപിമാര്‍ ഇതുവരെയും തടഞ്ഞുവച്ചിരിക്കുകയായിരുന്നു.