Friday
15 Dec 2017

സൗദിയില്‍ മൂന്ന് മാസത്തിനിടെ 61,500 പ്രവാസികള്‍ പുറത്ത്‌

By: Web Desk | Thursday 5 October 2017 11:26 PM IST

പ്രത്യേക ലേഖകന്‍
റിയാദ്: തീവ്രസ്വദേശിവല്‍ക്കരണം നടക്കുന്ന സൗദി അറേബ്യയില്‍ പ്രതിമാസം കാല്‍ ലക്ഷത്തോളം പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതായി ഔദ്യോഗിക വെളിപ്പെടുത്തല്‍.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 61,500 പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. ഈ വര്‍ഷം ആദ്യപാദത്തില്‍ സൗദിയില്‍ ജോലി ചെയ്തിരുന്ന വിദേശികള്‍ ഒരു കോടി 85 ലക്ഷമായിരുന്നത് ഇപ്പോള്‍ ഒരു കോടി 79 ലക്ഷമായി കുറഞ്ഞു. ആറ് ലക്ഷം പേര്‍ തൊഴില്‍രഹിതരായി കുടിയിറക്കപ്പെട്ടു. സ്വദേശിവല്‍ക്കരണം തകൃതിയാവുന്നതിനിടയിലും സൗദിയിലെ തൊഴില്‍ രഹിതരുടെ സംഖ്യ പെരുകിക്കൊണ്ടിരിക്കുകയാണെന്നും അതോറിറ്റി പറയുന്നു. മൂന്ന് മാസത്തിനകം സൗദി തൊഴില്‍രഹിതരുടെ എണ്ണം 12.8 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനപാദത്തില്‍ ഇത് 12.1 ശതമാനമായിരുന്നു.

1.38 കോടി സ്വദേശികള്‍ക്ക് പണിയുള്ളപ്പോള്‍ 2.16 ലക്ഷം സ്വദേശി പുരുഷന്മാരും 8.59 ലക്ഷം വനിതകളുമടക്കം 10.75 ലക്ഷം തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ സൗദി അറേബ്യയിലുണ്ട്. പുരുഷന്മാരില്‍ 7.4 ശതമാനവും സ്ത്രീകളില്‍ 33.1 ശതമാനവുമാണ് തൊഴില്‍രഹിതരെന്നും കണക്കാക്കപ്പെടുന്നു. മൊബൈല്‍ഫോണ്‍, ഷോപ്പിങ് മാളുകള്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍ എന്നീ മേഖലകള്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയ സൗദി സര്‍ക്കാര്‍ സ്വര്‍ണാഭരണശാലകള്‍, പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയും രണ്ട് മാസത്തിനകം സ്വദേശവല്‍ക്കരിക്കും.

rep. image