Monday
23 Jul 2018

പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും: മുഖ്യമന്ത്രി

By: Web Desk | Saturday 13 January 2018 10:22 PM IST

തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയില്‍ രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന ലോക കേരളസഭയില്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്ത വിവിധ വിഷയങ്ങള്‍ക്ക് മറുപടി നല്‍കിയുള്ള സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും.
കേരള വികസന നിധി രൂപീകരിക്കും. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഈ നിര്‍ദ്ദേശത്തെ പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കും. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും നല്‍കും. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീമിന് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള നിയമസഭയുടെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത് അതിന്റെ കമ്മറ്റികളാണ്. ഇവിടെ നടന്ന ചര്‍ച്ചകളില്‍ നിരവധി കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടലാണ് നമുക്ക് ഇനി വേണ്ടത്. തുടര്‍പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഒരു സെക്രട്ടേറിയറ്റ് സംവിധാനം ലോക കേരളസഭയ്ക്ക് ഉണ്ടാകും.
ഓരോ മേഖലകളിലും ലോക കേരളസഭ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്റിംഗ് കമ്മറ്റികള്‍ രൂപീകരിക്കണം. അവര്‍ക്ക് അതത് മേഖലകളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്താം. സ്റ്റാന്റിംങ് കമ്മറ്റികളുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. നോര്‍ക്ക ഇക്കാര്യത്തില്‍ പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനവും കൊണ്ടുവരുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.