Thursday
15 Nov 2018

ആക്രമണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് നല്ലവണ്ണം അറിയാമെന്ന് സുകുമാരന്‍ നായര്‍

By: Web Desk | Friday 2 November 2018 5:42 PM IST

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എന്‍എസ്എസ് കരയോഗമന്ദിരങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ മുന്നറിയിപ്പുമായി എന്‍എസ്എസ് രംഗത്ത്. ആക്രമണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് നല്ലവണ്ണം അറിയാമെന്നും എന്‍എസ്എസ്സിനോട് ഇക്കളി വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എന്‍എസ്എസ്സിനും സമുദായാംഗങ്ങള്‍ക്കുമുണ്ടെന്ന കാര്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നത് നല്ലതാണ്. സമാധാനപരമായി എന്‍എസ്എസ് നടത്തിവരുന്ന പ്രതിഷേധത്തിന്റെ പേരിലാണ് സംസ്ഥാനത്ത് മൂന്നുനാലുസ്ഥലങ്ങളില്‍ എന്‍എസ്എസ് കരയോഗമന്ദിരങ്ങള്‍ക്കെതിരേ ചെറിയ തോതില്‍ ആക്രമണമുണ്ടായത്. ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നതിനെയും എന്‍എസ്എസ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഹൈന്ദവ ഈശ്വരവിശ്വാസികള്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് എല്ലാംമറന്ന് വിശ്വാസസംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ നടപടി. ദേവസ്വം നിയമനങ്ങളിലെ സംവരണമെന്നത് ഹൈന്ദവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഇതില്‍ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുമുണ്ട്. ആ സാഹചര്യം മനസ്സിലാക്കി ഹിന്ദുക്കള്‍ക്കിടയില്‍ സംവരണത്തിന്റെ പേരില്‍ ഒരു ഭിന്നതയ്ക്കിടവരുന്നെങ്കില്‍ വരട്ടെയെന്ന ലക്ഷ്യം സര്‍ക്കാരിനുണ്ടെന്ന് ആരെങ്കിലും സംശയിച്ചെങ്കില്‍ അതില്‍ തെറ്റുപറയാനാവില്ലെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഒരുവര്‍ഷം മുമ്പ് നടത്തിയതാണ്. അത് നടപ്പാക്കുന്നതിന് പ്രത്യേകം ചട്ടമുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. 32 ശതമാനം സംവരണം കിട്ടിയിരുന്ന പട്ടികജാതി/വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം 40 ശതമാനമായി വര്‍ധിപ്പിച്ചതായും അറിയുന്നു. പൊടുന്നനെ ഇത്തരമൊരു പ്രഖ്യാപനമുണ്ടായതിന്റെ പിന്നിലെ ലക്ഷ്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാവണമെങ്കില്‍ ഇനിയും എത്രയോ കടമ്പകള്‍ കടക്കണം. എന്‍എസ്എസ്സിനെ സംബന്ധിച്ചിടത്തോളം ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാള്‍ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ്. അതിനുവേണ്ടി നിയമപരമായ നടപടികളും വിശ്വാസികളോടൊപ്പം ചേര്‍ന്ന് സമാധാനപരമായ പ്രതിഷേധങ്ങളും തുടരും. അതിന് ജാതി- മത- സമുദായഭേദങ്ങളില്ല, പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങളുമില്ലെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Related News