Thursday
24 Jan 2019

അണുവായുധങ്ങള്‍ സമ്മാനിക്കുന്നതെന്ത്?

By: Web Desk | Tuesday 29 August 2017 7:42 PM IST

ഇന്ന് ആണവ പരീക്ഷണ വിരുദ്ധദിനം

ജോസ് ചന്ദനപ്പള്ളി

അണുശക്തി എന്നു കേള്‍ക്കുമ്പോഴേക്കും മനസ്സിലേക്ക് രണ്ടു നഗരങ്ങളുടെ പേരുകള്‍ ഓടിയെത്തുന്നില്ലേ; ഹിരോഷിമയും നാഗസാക്കിയും. ഏഴ് ദശകങ്ങള്‍ക്ക് മുന്‍പ് ഈ നഗരങ്ങള്‍ക്ക് മുകളില്‍ അണുവായുധം ആദ്യമായി പ്രഹരിച്ചപ്പോള്‍ അതുവരെ കാണാത്ത മഹാദുരിതങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്. പതിനായിരങ്ങള്‍ കത്തിച്ചാമ്പലായി. അസംഖ്യം മനുഷ്യരും പ്രകൃതി പോലും ഇന്നും ദുരിതം പേറി ജീവിക്കാന്‍ വിധിക്കപ്പെട്ടവളായി. അണുവായുധത്തിന്റെ പിടിയിലമരാതെ ലോകമിന്നും മുന്നോട്ടു പോകാന്‍ ഇടയാക്കുന്നതും ഈ നടുക്കുന്ന ഓര്‍മ്മകളാണ്. ആണവ റിയാക്ടറുകളില്‍ ഉണ്ടായ അപകടങ്ങള്‍ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്നും മാനവരാശിയെ ഭീതിപ്പെടുത്തുന്നു. അണുവായുധത്തിന്റെ ഭീഷണി എന്നന്നേക്കുമായി അവസാനിച്ചതായി ഇനിയും നമുക്ക് പറയാനായിട്ടില്ല. ഭൂമിയാകെ നിമിഷിങ്ങള്‍ക്കുളളില്‍ ഭസ്മമാക്കാന്‍ കഴിയുന്ന അണുവായുധങ്ങള്‍ക്കു മുകളിലാണ് നാമെന്ന് ഓര്‍ക്കുക. അക്കാരണത്താല്‍ തന്നെ ലോകത്ത് സമാധാനം കാംക്ഷിക്കുന്നവര്‍ക്കും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നടുക്കുന്ന സ്വപ്‌നങ്ങളാണ് അണുവായുധങ്ങള്‍ സമ്മാനിക്കുന്നത്.
ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി ആണവനിരായുധീകരണം മാറി. ഓഗസ്റ്റ് മാസം 29 രാജ്യാന്തര ആണവ പരീക്ഷണ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 64-ാമത് യോഗമാണ് തീരുമാനമെടുത്തത്. 2009 ഡിസംബര്‍ രണ്ടാം തീയതി ചേര്‍ന്ന യോഗമാണ് ഐക്യകണ്‌ഠേന ഈ തീരുമാനം കൈക്കൊണ്ടത്. അന്നു മുതല്‍ ഈ ദിനാചരണം ആചരിച്ചു തുടങ്ങിയത്. ആണവനിരായുധീകരണത്തിന്റെ ആവശ്യകത ലോകത്തെ പഠിപ്പിക്കാനാണ് സെപ്റ്റംബര്‍ 29 സമ്പൂര്‍ണ ആണവനിരായുധീകരണ ദിനമായി ആചരിക്കുന്നത്. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും മാനവികതയ്ക്കും അണുവായുധങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മാനവസമൂഹത്തിന് വഴിയൊരുക്കാന്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു. സോവിയറ്റ് യൂണിയന്റെ കസാഖിസ്ഥാനിലെ ആണവ പരീക്ഷണ ശാലയായ സെമി പലാറ്റിന്‍സ്‌ക് ടെസ്റ്റ് സെന്റര്‍ (എസ്ടിഎസ്) അടച്ചുപൂട്ടിയത് ഓഗസ്റ്റ് 29-നാണ്.
വടക്കു കിഴക്കന്‍ കസാഖിസ്ഥാനിലെ എസ്ടിഎസ് 1949 മുതല്‍ 400-ലേറെ ആണവ പരീക്ഷണങ്ങളാണ് ഇവിടെ നടത്തിയത്. നിരന്തരമായ ആണവപരീക്ഷണങ്ങള്‍ പല രീതിയില്‍ ജനങ്ങളെ ബാധിച്ചു. റേഡിയേഷന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ എസ്ടിഎസ് അടച്ചുപൂട്ടുന്നതുവരെ പുറം ലോകത്തെ അറിയിച്ചിരുന്നില്ല. 1991 ഓഗസ്റ്റ് 29-ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷവും വര്‍ഷങ്ങള്‍ വേണ്ടിവന്നു ഇവിടെ ഉണ്ടായിരുന്ന അപകടകരമായ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍.
അണുവായുധ ശേഷിയുളളവര്‍
ലോകത്ത് ചുരുക്കം ചില രാഷ്ട്രങ്ങളുടെ കൈവശമാണ് അണുവായുധം ഉളളതായി സ്ഥിരീകരിച്ചത്. അമേരിക്കയിലും റഷ്യയിലുമാണ് ആയുധശേഖരത്തിന്റെയും അണുവായുധത്തിന്റെയും സിംഹഭാഗമുളളത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരം സമിതിയിലെ മറ്റ് മൂന്ന് അംഗങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നിവരും ഈ പട്ടികയിലുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ഉത്തരകൊറിയ എന്നിവയാണ് അണുവായുധം കൈവശം വെച്ചിരിക്കുന്ന മറ്റു രാജ്യങ്ങള്‍.
സോവിയറ്റ് യൂണിയന്റെ
ആണവ പരീക്ഷണം
1949-ല്‍ ആര്‍ഡിഎസ്1 പരീക്ഷിച്ചതിലൂടെ സോവിയറ്റ് യൂണിയന്‍ ലോകത്ത് അണുബോംബ് പരീക്ഷിക്കുന്ന രണ്ടാമത്തെ രാജ്യമായി. സമീപപ്രദേശത്തെ നഗരങ്ങളെ ഒഴിപ്പിക്കാതെയായിരുന്നു ഈ പരീക്ഷണം. ഇത് പ്രാദേശികമായി വന്‍ ഭീതി പരത്തി. ഇവിടെ നടത്തിയ പരീക്ഷണങ്ങളുടെ ആകെ പ്രഹരശേഷി ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന്റെ 2000 മടങ്ങു വരുമെന്നാണ് കണക്ക്. കസാഖിസ്ഥാനിലെ ഈ പ്രദേശത്ത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഇന്നും മാരകരോഗങ്ങളുണ്ടാകുന്നു. ജനതയുടെ ശരാശരി ആയൂര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞെന്നും കണക്കുകള്‍ പറയുന്നു.
ആണവ റിയാക്ടറുകളിലെ
അപകടങ്ങള്‍
മനുഷ്യ പുരോഗതിക്ക് ആണവോര്‍ജം ഉപയോഗിക്കാനാണ് ആണവ റിയാക്ടറുകള്‍ കണ്ടുപിടിച്ചത്. 1942 ഡിസംബറില്‍ ആദ്യ ആണവ റിയാക്ടറിന് രൂപം കൊടുത്തത് നൊബേല്‍ ജേതാവായ എന്റിക്കോ ഹെര്‍വി എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞനാണ്. ചിക്കാഗോയില്‍ ഇതിന് രൂപം കൊടുക്കുമ്പോള്‍ സുരക്ഷിതമെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. ഒരിക്കലും രക്ഷിക്കാത്ത ഈ ഊര്‍ജ ഉറവിടം ഇന്ധനക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതി. ഏറെക്കുറെ ഈ ധാരണകള്‍ ശരിയായിരുന്നു. എന്നാല്‍ മനുഷ്യജീവിതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില സംഭവങ്ങള്‍ ആണവ റിയാക്ടറുമായി ബന്ധപ്പെട്ട് ഉണ്ടായി. 1957 ഒക്‌ടോബര്‍ 10-ന് ആണവ റിയാക്ടറുമായി ബന്ധപ്പെട്ട് ആദ്യ അപകടം ബ്രിട്ടണിലെ വിന്‍ഡ്‌സ്‌കേലിലാണുണ്ടായത്. ആണവ റിയാക്ടറിലെ താപനില ഉയര്‍ത്താനുളള ശ്രമം റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നതിന് ഇടയാക്കി. അപകട പരിസരത്ത് നിരവധി ആളുകള്‍ക്ക് കാന്‍സര്‍ രോഗബാധയുണ്ടായി എന്നതായിരുന്നു ദുരന്തത്തിന്റെ മറ്റൊരു വശം.
അമേരിക്കയിലെ ത്രീ മില്‍സ് ഐലന്റിലുണ്ടായ അപകടത്തിന്റെ ഫലമായി ഇന്നും ജനിതക വൈകല്യമുളള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. 1978 മാര്‍ച്ച് 28-നായിരുന്നു ഈ അപകടം. ആണവ റിയാക്ടര്‍ അപകടങ്ങളില്‍ ഏറ്റവുമധികം നാശം വിതച്ചത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബില്‍ നടന്ന ദുരന്തത്തിലാണ്. 1986 ഏപ്രില്‍ 26-ന് ആണവോര്‍ജ്ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ഫലമായി ഏകദേശം 50 ലക്ഷത്തോളം ആളുകള്‍ക്ക് റേഡിയേഷന്‍ ഏറ്റതായി കരുതിയ ദുരന്തം നിരവധി ജീവനും അപഹരിച്ചു. ഭൂകമ്പവും സുനാമിത്തിരമാലകളും ജപ്പാനിലെ ഫുകുഷിമ ആണവ റിയാക്ടറുകളില്‍ വിതച്ച അപകടമാണ് ഈ പട്ടികയില്‍ അവസാനത്തേത്. 2011 മാര്‍ച്ച് 11-ന് നടന്ന അപകട ഫലമായി റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയും വന്‍തോതില്‍ അണുപ്രസരണം ഉണ്ടാവുകയും ചെയ്തു. 20 കിലോമീറ്റര്‍ ചുറ്റളവില്‍ ലക്ഷക്കണക്കിനു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.