Saturday
18 Nov 2017

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എഐവൈഎഫ്

By: Web Desk | Tuesday 14 November 2017 8:18 PM IST

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക. മാനേജ്‌മെന്റ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജീവിക്കാനാവശ്യമായ മിനിമം വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് ഭാരത് ആശുപത്രി മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പേരിലായി ഭീമമായ തുകയാണ് രോഗികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് ന്യായമായ വേതനം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല.

സംഘടിച്ചതിന്റെയും പ്രതികരിച്ചതിന്റെയും പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചും പിരിച്ചുവിട്ടും തൊഴിലാളികളെ ഇവര്‍ പീഢിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളികളുമായി യാതൊരു കരാറിലും ഒപ്പിട്ടിട്ടില്ലാത്ത മാനേജ്‌മെന്റ് കരാര്‍ അവസാനിച്ചതിന്റെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് വിശദീകരണം നല്‍കുന്നത്. സമരം നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു വിധ ചര്‍ച്ചയ്ക്കും തയ്യാറാകാത്തതും തൊഴിലാളി വിരുദ്ധ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഭാരത് ആശുപത്രിക്ക് സമീപത്തെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ആശുപത്രിക്ക് 200 മീറ്റര്‍ ചുറ്റളവില്‍ യോഗങ്ങളും പ്രകടനങ്ങളും പാടില്ലെന്ന് ആശുപത്രി അധികൃതര്‍ കോടതിവിധി സമ്പാദിച്ചതിനെ തുടര്‍ന്ന് 200 മീറ്റര്‍ അകലെ പൊലീസ് പ്രകടനം തടയുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുമായി ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് മനോജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി പ്രദീപ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ് പി സ്മിത്ത്, പൗലോസ് എം സ്‌കറിയ, കെ ബി അജേഷ്, ജോയിന്റ് സെക്രട്ടറിമാരായ ശരത് മണിമല, കിഷോര്‍ കെ ഗോപാല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എബി കുന്നേപ്പറമ്പില്‍, കെ കെ ബിജു, ഫിലിപ് ഉലഹന്നാന്‍, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് എസ് ഷാജോ, എഐടിയുസി മണ്ഡലം സെക്രട്ടറി കെ രമേശ് എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ എം ജി രഞ്ജിത്ത്, സി കെ മോഹനന്‍, അരുണ്‍ കുമാര്‍ ടി ആര്‍, അജിത്ത് വാഴൂര്‍, പ്രേംജി സത്യന്‍, റെനീഷ് കാരിമറ്റം, അഭിലാഷ്, രാജേഷ് ചെങ്ങളം എന്നിവര്‍ നേതൃത്വം നല്‍കി.