Friday
14 Dec 2018

ഒ വി വിജയന്റെ ചിരി

By: Web Desk | Friday 16 February 2018 10:59 PM IST

വി വിജയനെ കണ്ടെത്താന്‍ പല വഴികളാണ്. വിജയന്റെ കാര്‍ട്ടൂണുകള്‍, ചെറുകഥകള്‍, നോവലുകള്‍, പ്രബന്ധസമാഹാരങ്ങള്‍. എല്ലാം അതിപ്രശസ്തം. മലയാള നോവല്‍സാഹിത്യത്തെ രണ്ടായി പകുത്ത ‘ഇതിഹാസം’ പാലക്കാടിന്റെ സമൂഹത്തിലെ സങ്കീര്‍ണ ഘടനയെ ഇഴപിരിച്ചെടുത്ത ഒന്നാന്തരം നോവലുകള്‍-മധുരം ഗായതി, തലമുറകള്‍, പിന്നെ കാറ്റുപറഞ്ഞകഥ, മങ്കര തുടങ്ങിയ കഥകള്‍. എന്നും ഇന്നും വായനയുടെ വിസ്മയമായിരുന്നു അദ്ദേഹം. എനിക്ക് നാലരപതിറ്റാണ്ടിനപ്പുറത്തു നിന്നാരംഭിച്ച സഹോദര ബന്ധം.
എന്തിനാണിതൊക്കെ പറയുന്നത്. ജീവിച്ചകാലത്തും മരണാനന്തരവും എന്തെങ്കിലുമൊരു പ്രശ്‌നമില്ലാത്ത വിജയനില്ലായിരുന്നു. ഇപ്പോഴിതാ മരണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തില്‍ ഞങ്ങള്‍ പാലക്കാട്ടുകാര്‍ വീണ്ടും ഒ വി വിജയനെ കണ്ടെത്തി. വായിച്ചിട്ടല്ല. ഒരു ദിവസം രാവിലെ പാലക്കാട് മുനിസിപ്പാലിറ്റിയുടെ മുറ്റത്തെ ഒരു മൂലയില്‍ വിജയന്റെ ചില അംശങ്ങള്‍, ഇലകള്‍ക്കിടയില്‍ നിന്നു കണ്ടെത്തി. ആത്മാംശങ്ങളല്ല, ഈയിടെ കാണാതായ വിജയന്‍ പ്രതിമയുടെ ചിലഭാഗങ്ങള്‍. നഗരത്തിലെ ഒരു ഭാഗത്ത് സ്ഥാപിച്ച ഈ പ്രതിമ ആരോ പൊക്കിയിരുന്നു. ജീവിച്ച കാലത്ത് ആര്‍ക്കും തട്ടിയെടുക്കാന്‍ പാകത്തിലായിരുന്നില്ല എഴുത്തും ചിന്തയും. പക്ഷെ പ്രതിമ ആരോപൊക്കി. സഹിക്കവയ്യാത്ത ആരാധകര്‍ മറ്റൊരു പ്രതിമയുമായെത്തി. പഴയ പ്രതിമ കാണാതായ മുതലില്‍പ്പെടുത്തി ഞങ്ങള്‍ മറന്നപ്പോഴാണ് വിജയന്റെ പ്രതിമാശകലങ്ങള്‍, ആരോ നഗരസഭയുടെ ഓരത്ത് നിക്ഷേപിച്ചത്.
വിജയനെക്കുറിച്ചുള്ള ഒരുപാട് ചിത്രങ്ങള്‍ മനസില്‍ വന്നു. എന്നും വിവാദത്തിലായിരുന്നു ഈ മഹാസാത്വിക പ്രതിഭ. ഓര്‍ക്കാന്‍ ഒരുപാടുണ്ട്. വിജയന്‍ പ്രതിമയുടെ പൊട്ടുകള്‍ നോക്കി മടങ്ങിയപ്പോള്‍ അതൊക്കെയായിരുന്നു മനസില്‍. വിജയന്റെ എഴുത്തിനെ അവഹേളിച്ചായിരുന്നല്ലോ തുടക്കം. ഇടതിന്റെയും വലതിന്റെയും ‘അര്‍ദ്ധസാക്ഷര’ വെളിച്ചപ്പാടുകള്‍ അതിലുണ്ടായിരുന്നു. ‘ഇതിഹാസ’ത്തില്‍ സന്മാര്‍ഗികതയില്ലെന്നായിരുന്നു പരാതി. അത് മോഹഭംഗം പ്രവചിക്കുന്നു. അശ്ലീലമാണ്. അതൊക്കെ വിസ്തരിക്കുന്നില്ല. ആ നോവല്‍ ‘ബന്‍ഗര്‍വാടി’യെന്ന മാഴ്ഗുഡ്കറുടെ മറാത്തി നോവലിന്റെ അനുകരണമാണെന്ന് ഒരു പണ്ഡിതന്‍. അതിന് മറുപടി വിജയന്‍ ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തില്‍ എഴുതിയിട്ടും കലിപ്പ് അടങ്ങിയില്ല. തീയതിവച്ച് വിജയന്‍ പറഞ്ഞു ”മഴ്ഗുഡ്കറുടെ കൃതി ഇറങ്ങുന്നതിന് രണ്ടു വര്‍ഷം മുന്‍പിറങ്ങിയ ഇതിഹാസം” എങ്ങനെ അനുകരണമാവും.
അതൊന്നും കേള്‍ക്കാന്‍ മനസില്ലാതെ വിജയന്‍ ചിത്രവധം അവര്‍ തുടര്‍ന്നു. മറ്റൊരാള്‍ അത് ആംഗല നോവലിന്റെ അനുകരണമാണെന്ന് വാദിച്ചു. ഒരു പ്രാദേശിക ഭാഷാ പ്രതിഭയ്ക്ക് ‘ഇതിഹാസ’മെഴുതാനുള്ള വിഭവമില്ലത്രെ. അവിടെയും തീരാതെ വിജയവധം തുടര്‍ന്നു. വിജയന്‍ പുതിയ നോവലുകളിലൂടെ മറുപടി നല്‍കി. പാലക്കാട്ട് എന്റെ മുന്‍കയ്യില്‍ ഒരു വിജയന്‍ സംവാദമൊരുക്കിയപ്പോള്‍, ഒരിടതുപക്ഷ യുവനേതാവ് വിജയനെ വിവരം കെട്ട അരാജകവാദിയാക്കി. അതിനു മുമ്പ് ഇവിടെ നടന്ന പുരോഗമന സാഹിത്യസമ്മേളനത്തില്‍ ഒരു പ്രഗത്ഭ നേതാവ് വിജയന്റെ സാമൂഹിക കടപ്പാടില്ലായ്മയെ അധിക്ഷേപിച്ചു. സാഹിത്യം സമൂഹത്തെ നവീകരിക്കാനാണെന്ന സിദ്ധാന്തവും പറഞ്ഞു. തന്റെ നിലപാടറിയാവുന്ന വിജയന്‍ വെറുതെ ചിരിച്ചു. വിജയന്റെ ‘ട്രെയ്ഡ് മാര്‍ക്ക്’ പുഞ്ചിരി.
വിജയന്‍ വിവാദം തീരാനുളളതായിരുന്നില്ല. ഇടതുപക്ഷത്തെ ഒരു വിഭാഗം വിജയനെ വിടാതെ എതിര്‍ത്തെങ്കിലും വിജയന്‍ അത് ആസ്വദിച്ചിരുന്നു. ഒരിക്കലദ്ദേഹം പറഞ്ഞു ”വാസൂ, അവര്‍ വായിച്ചിട്ടല്ലേ എതിര്‍ക്കുന്നത്. അത്രയും മതി.” മറുപക്ഷ അഖിലേന്ത്യാ പാര്‍ട്ടിക്ക് ‘സാഹിത്യ നിഷ്‌കളങ്കത’ കാരണം ഒന്നും പറയാനുമില്ലായിരുന്നു. അതായിരുന്നു വിജയന്റെ ദുഃഖം. എഴുതിയ അക്ഷരങ്ങള്‍ വായിക്കപ്പെടാതെ പോയാലത്തെ ദുഃഖം. ലൈംഗിക അരാജകത, സദാചാര ബോധക്കുറവ്, സമൂഹത്തോടുള്ള പ്രതിബദ്ധതക്കുറവ് തുടങ്ങിയ പല ആരോപണങ്ങളിലും പ്രതിയായപ്പോഴും വിജയന്‍ വായിച്ചും വരച്ചും എഴുതിയും മറുപടികണ്ടെത്തി. ഒരുതരം വിദ്വേഷവും കന്മഷവുമില്ലാതെ. ”അങ്ങില്ലായിരുന്നെങ്കില്‍, ഈ ഞങ്ങളുണ്ടാവുമായിരുന്നില്ലെന്ന്” ഇഎംഎസ് അനുസ്മരണത്തിലെഴുതി. കന്മഷമില്ലാത്ത എഴുത്ത്.
എന്നിട്ടും വിജയന് കിട്ടിയത് കന്മഷങ്ങള്‍, വിവാദങ്ങള്‍. തീരാത്ത സൈ്വരക്കേട്. തെറ്റിദ്ധരിക്കപ്പെടലുകളുടെ ഘോഷയാത്രയായിരുന്നു അദ്ദേഹത്തിനു ചുറ്റും. അവസാനം കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ പി ജി, വിജയനെ വാനോളം പുകഴ്ത്തി. അതിനുമുമ്പ് ഏറെക്കാലം കേള്‍ക്കേണ്ടതൊക്കെ കേട്ട അദ്ദേഹം അന്നും മനസറിഞ്ഞ് ചിരിച്ചു. വൈകി വന്ന വിവേകത്തിലും അദ്ദേഹം നിര്‍മമനായിരുന്നു. പണ്ട് പറഞ്ഞതൊക്കെ മാറ്റിപ്പറയാന്‍, പുതിയ സാഹിത്യവിചാരം ഉണ്ടായതു നന്നായി.
പിന്നെയും വിജയന്‍ വിവാദത്തിലായിരുന്നു. കോട്ടയ്ക്കല്‍ (മലപ്പുറം ജില്ല) അദ്ദേഹം ഹ്രസ്വകാലം പഠിച്ചിരുന്നു. അവിടത്തുകാര്‍, അതിന്റെ ഓര്‍മയ്ക്കായി അവിടെ ഒരു പ്രതിമ സ്ഥാപിച്ചതും വിവാദമായി. അത് മാറ്റിക്കിട്ടാനായി ശ്രമം. എന്തോ വേണ്ടാത്തത് കൊണ്ടുവച്ചപോലെ വിരുദ്ധനീക്കങ്ങളുണ്ടായി. ആര്‍ക്കായിരുന്നു അസഹിഷ്ണുത എന്നറിയില്ല. കുറേപേര്‍ക്കെങ്കിലും അദ്ദേഹം ഹൈന്ദവ വാദിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന സക്കറിയ വരെ വിജയനെ ഹൈന്ദവ കെണിയില്‍ കുരുക്കാന്‍ നോക്കി. അതേക്കുറിച്ചദ്ദേഹം വളരെ ദുഃഖത്തോടെ പറഞ്ഞിരുന്നു. കിടപ്പുമുറിവരെ സ്വാതന്ത്ര്യം കൊടുത്തവരുടെ ദുഷിപ്പ് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.
സ്വകാര്യ സംഭാഷണത്തിലും വിജയന്‍ ഇതൊക്കെ പറഞ്ഞിരുന്നു. എന്റെ ദീര്‍ഘകാല വിജയന്‍ ബന്ധത്തില്‍ ഒരിക്കലും അദ്ദേഹം ആരെയും ദുഷിച്ചതായി എനിക്കറിയില്ല. സമൂഹത്തിലെ ദുഷിപ്പുകളെയും ആശയപരമായ ഉദാസീനതകളെയും അദ്ദേഹം നര്‍മവും പരിഹാസവും കലര്‍ത്തി എഴുതിയും വരച്ചും കഴിഞ്ഞു. പിന്നെയും വന്നു വിവാദം. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ചിതാഭസ്മത്തെക്കുറിച്ചായിരുന്നു. മകന്‍ മധുവും മരുമകന്‍, കാര്‍ട്ടൂണിസ്റ്റ് രവിശങ്കറും തമ്മില്‍ ഭസ്മത്തര്‍ക്കം. ഇപ്പോഴതെവിടെയെത്തി എന്നറിയില്ല. ഭസ്മം ആര്‍ക്കു കിട്ടിയെന്നറിയില്ല. വിജയന്‍ ജീവിച്ചിരുന്നെങ്കില്‍ ഇത് മുന്‍കൂട്ടി അറിയാനാവുമായിരുന്നെങ്കില്‍ അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ വരച്ച് ‘ഭസ്മാസുരന്‍’ എന്നാവും പേരിടുക. എന്നിട്ടത് നോക്കി ചിരിക്കും. ഭാവി നേരത്തേ അറിയില്ലായിരുന്നല്ലോ അദ്ദേഹത്തിന്- മൂഴ്ഗുഡ്കറുടെ ‘ബന്‍ഗര്‍വാടി’യുടെ കഥയെന്നപോലെ.
ഇപ്പോഴിതാ മറ്റൊരു വിജയന്‍ ബോംബ്. നഗരസഭാ മുറ്റത്തെ, വിജയന്‍ പ്രതിമയുടെ പൊട്ടുകഷ്ണങ്ങള്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി. അങ്ങ് തസ്രാക്കില്‍ (ഇതിഹാസത്തിന്റെ മൂലഗ്രാമം) ഞങ്ങള്‍ വിജയന്‍ സ്മാരകം ഉചിതമായി നിര്‍മിച്ച് നിരവധി പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഈ വിവാദങ്ങള്‍ അങ്ങോട്ടു നീളരുതെന്നാണ് പ്രാര്‍ഥന. വിജയന്റെ മൃതദേഹം അവസാനമായി നാട്ടുകാര്‍ക്കായി വച്ചത് നഗരസഭയുടെ ടൗണ്‍ഹാളിലായിരുന്നു. ആയിരങ്ങളാണ് അന്നവിടെവന്ന് അവരുടെ പ്രിയപ്പെട്ടവനെ ദര്‍ശിച്ചുപോയത്.
അതിനപ്പുറത്താണ് ഈ പ്രതിമാഭംഗത്തിന്റെ ഭാഗങ്ങള്‍ കണ്ടത്. ആരുടെയോ നിഷാദത്വമായി കരുതാനേ തോന്നുന്നുള്ളു. എനിക്കറിയാവുന്ന വിജയന്‍ എവിടെയിരുന്നോ പഴയ ആ ചിരിതൂകുന്നുണ്ടാവും. വിജയന്റെ ഇതിഹാസഭാഷയില്‍ തന്നെ പറയാം.
”നിശ്ശോകം”