Monday
22 Oct 2018

ട്രംപിനെ ശക്തമായി വിമര്‍ശിച്ച് ഒബാമ വീണ്ടും രാഷ്ട്രീയത്തിലേക്ക്

By: Web Desk | Friday 20 October 2017 10:06 PM IST

ന്യൂയോര്‍ക്ക്:

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ താക്കീതുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ സജീവരാഷ്ട്രീയത്തിലേക്ക്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഒബാമ ന്യൂജേഴ്‌സിയിലെയും വിര്‍ജീനിയയിലെയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്താണ് ട്രംപിനെതിരെയ പോരാട്ടത്തിന് ഒബാമ തുടക്കമിട്ടിരിക്കുന്നത്.
എങ്ങനെ ഭരിക്കണം, എവിടെ ഭരണം തുടങ്ങണമെന്നറിയാതെ നിക്കുന്നവര്‍ ജനങ്ങളെ ഒന്നിപ്പിച്ച് ഭരിക്കുന്നതിന് പകരം അവരെ തമ്മിലടപ്പിക്കുന്നു. എന്നൊക്കെ നമ്മുടെ രാഷ്ട്രീയം പിച്ചിചീന്തപ്പെട്ടിട്ടുണ്ടോ അന്നൊക്കെ അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടം നമ്മള്‍ നടത്തിയിട്ടുണ്ട്. നമുക്ക് കഴിയും ഈ ജനത ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് ഒബാമ വിര്‍ജീനിയയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയത്തെ തള്ളിക്കളയണമെന്ന് ഒബാമ ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രകോപനങ്ങളുണ്ടാക്കുന്ന പ്രവണതയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മള്‍ നിരവധി തവണ അനുഭവിച്ചിട്ടുള്ള വിഭാഗീയതയുടെ ആ പഴയ രാഷ്ട്രീയം തുടരാനാകില്ല. ചിലര്‍ 50 കൊല്ലം മുമ്പത്തെയോ വിഭാഗീയ രാഷ്ട്രീയത്തിലേയ്ക്ക് നമ്മെ തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ ഒബാമ പറഞ്ഞു. ഇത് 21ാം നൂറ്റാണ്ടാണെന്ന് ഓര്‍മ്മ വേണം – ഒബാമ ന്യൂആര്‍ക്കില്‍ പറഞ്ഞു. വിര്‍ജിനിയയിലെ അടുത്ത പ്രസംഗവേദിയിലും അദ്ദേഹം വിമര്‍ശനം തുടര്‍ന്നു. ഇപ്പോഴത്തെ രാഷ്ട്രീയം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ തരത്തിലല്ല മുന്നോട്ട് പോകുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ സുരക്ഷിതത്വങ്ങളില്‍ നിന്ന് അവകാശങ്ങളില്‍ നിന്ന് ആളുകളെ ആട്ടിയോടിക്കാന്‍ ശ്രമിക്കുകയാണ്. വ്യത്യസ്ത ആശയങ്ങളും ചിന്തകളും നിലപാടുകളുമുള്ള മനുഷ്യരെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ച് പ്രകോപിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്.
അടുത്തവര്‍ഷം അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ഫലം ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും വിലയിരുത്തല്‍ കൂടിയാവും. ആകെയുള്ള 435 സീറ്റിലേക്കും സെനറ്റിലെ 100 സീറ്റില്‍ 33ലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷമുള്ളത്. വിര്‍ജിനിയയില്‍ സംസ്ഥാന ലെഫ്.ഗവര്‍ണറായ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റാല്‍ഫ് നോര്‍താമും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എഡ് ഗില്ലസ്പിയും തമ്മിലാണ് മത്സരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനാണ് എഡ് ഗില്ലസ്പി. ട്രംപുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. 2008ലേയും 2012ലേയും പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒബാമ വിര്‍ജിനിയയില്‍ ജയം നേടിയിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനോട് തോറ്റപ്പോളും ഹിലരി ക്ലിന്റന്‍ ഇവിടെ ജയിച്ചിരുന്നു.
ജനുവരി 20ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷം രാഷ്ട്രീയ സംവാദങ്ങളില്‍ ഒബാമ സജീവമായിരുന്നില്ല. മുന്‍ പ്രസിഡന്റുമാര്‍ അത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പതിവുള്ളതല്ല.
ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ജനോപകാരപ്രദമായ ഒബാമയുടെ പല പദ്ധതികളും അട്ടിമറിച്ചിരുന്നു. ന്യൂജേഴ്‌സിയിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിക്കാനാണ് സാധ്യത. അതേസമയം, വിര്‍ജീനിയയില്‍ കനത്ത പോരാട്ടമായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

Related News