Monday
25 Jun 2018

ഓഖിയുടെ കടല്‍

By: Web Desk | Sunday 25 February 2018 1:23 AM IST

ഇന്ദിരാകൃഷ്ണന്‍

അവര്‍ ആരൊക്കെയാണെന്നറിയില്ലെത്രപേര്‍
നിരക്കുന്നൂ മുന്നില്‍ മുഖമറിയാത്തോര്‍
പ്രകൃതി രുദ്രയായിടഞ്ഞുലയവേ
തകര്‍ന്നതെത്രയോ പകല്‍ക്കിനാവുകള്‍
ഉതിര്‍ന്നതെത്രയോ തണല്‍ പ്രതീക്ഷകള്‍.

അലറിയാര്‍ക്കുന്ന കടല്‍ത്തിരമാല
ഇടഞ്ഞു നിഷ്ഠൂരം തകര്‍ത്ത തോണികള്‍
മുകളിലാകാശം മഴപ്പെരുക്കമായ്
ചിതറി വീണവര്‍ തളര്‍ന്നു താണവര്‍
ഇളകും സങ്കടക്കടല്‍, കടലുപോ-
ലുയരും രോദനം കടലമ്മേയെന്നു
കരഞ്ഞു കേണവര്‍, അവര്‍ കടല്‍മക്കള്‍

അവരെയോര്‍ത്തു ഞാനൊരു നിമിഷം, ഹാ!
തൊഴുതു നില്‍ക്കുന്നു, മിഴി നിറയുന്നൂ
കനത്തിരുട്ടുമായ് വെയില്‍ തെളിഞ്ഞുവോ
മെഴുതിരിനാളം മുനിഞ്ഞു കത്തിലും
മനസ്സില്‍ മങ്ങൂഴം നിറഞ്ഞുപോയവര്‍
കരയ്ക്കുഴറുന്നൂ, കടല്‍ വിലാപമായ്.