Monday
23 Jul 2018

എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് പ്രത്യേക അവകാശ പദവി നഷ്ടമാകുമെന്ന് ഇറാന്‍

By: Web Desk | Wednesday 11 July 2018 10:23 PM IST

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. അത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക അവകാശ പദവി നഷ്ടമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനെ ഒഴിവാക്കി അമേരിക്ക, സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്ന് ഇറാന്റെ ഡെപ്യൂട്ടി അംബാസഡര്‍ മസൗദ് റെസ്‌വാനിയന്‍ റഹഗി പറഞ്ഞു.
ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ വര്‍ഷം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക കഴിഞ്ഞ മാസം അന്ത്യശാസനം നല്‍കിയിരുന്നു. എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബര്‍ നാലോടെ അത് പൂര്‍ണമായും നിര്‍ത്തണമെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും വാണിജ്യ ഉപരോധം അവര്‍ക്കും ബാധകമാണെന്നുമാണ് അമേരിക്കന്‍ നിലപാട്.
എണ്ണ വിഷയം കൂടാതെ ഇറാനിലെ ഛാബഹര്‍ തുറമുഖത്തിന്റെ വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാമെന്ന വാഗ്ദാനം ഇന്ത്യ പാലിക്കാത്തതിലും ഇറാന് അമര്‍ഷമുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ സത്വര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ റഹഗി പറഞ്ഞു. ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ഊര്‍ജപങ്കാളിയാണ് ഇറാനെന്നും ഇരു രാജ്യങ്ങളിലേയും വിതരണക്കാരുടേയും ഉപഭോക്താക്കളുടേയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് യുക്തിപരമായ നിരക്കിലാണ് എണ്ണ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്ണ ഉല്‍പാദനത്തില്‍ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇറാനുള്ളത്. ഇറാഖും സൗദി അറേബ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെ 10 മാസങ്ങളില്‍ 18.4 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇറാന്‍ കയറ്റി അയച്ചത്. ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍.