Saturday
22 Sep 2018

ഓഖി ദുരിതാശ്വാസം: കേന്ദ്രം 133 കോടി രൂപ പ്രഖ്യാപിച്ചു

By: Web Desk | Wednesday 27 December 2017 10:11 PM IST

തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 133 കോടി രൂപയാണ് ദുരിതാശ്വാസത്തിന് പ്രാഥമിക സഹായമായി കേന്ദ്രം പ്രഖ്യാപിച്ചത്. കേരളം ആവശ്യപ്പെട്ടത് 422 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആയിരുന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും പുനരധിവാസം, തൊഴില്‍ ഉറപ്പാക്കല്‍ എന്നിവയായിരുന്നു സംസ്ഥാനം സമര്‍പ്പിച്ച പുനരധിവാസ പാക്കേജിലെ പ്രധാന ഇനം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സമഗ്രക്ഷേമവും പുനരധിവാസം ഉള്‍പ്പെടെയുള്ള 7238 കോടി രൂപയുടെ സമഗ്ര പാക്കേജ് എന്നിവ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി മുമ്പാകെ നേരത്തെ സംസ്ഥാനം സമര്‍പ്പിച്ചിരുന്നു.
ദുരിത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് അടിയന്തര സഹായം പ്രഖ്യാപിച്ചത്. ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് കേന്ദ്ര സംഘം ഉറപ്പ് നല്‍കി. നഷ്ടപരിഹാരം കണക്കാക്കാനുള്ള സന്ദര്‍ശനം ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം തുടരും. വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍ എന്നീ ദുരിതപ്രദേശങ്ങളാണ് കേന്ദ്രസംഘം സന്ദര്‍ശിച്ചത്. എന്നാല്‍ ഓഖി ദുരന്തത്തില്‍ കേന്ദ്രം അനുവദിച്ച അടിയന്തര സഹായമായ 133 കോടി രൂപ അപര്യാപ്തമാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
അതേസമയം മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപയ്ക്ക് പുറമേ കാണാതായവര്‍ക്ക് കൂടി 20 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആശ്രിതരുടെ പേരില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ട് മുഖേന അഞ്ചു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായാണ് തുക നല്‍കുക. പലിശ ഓരോ മാസവും അവകാശിക്ക് കൈമാറും. റവന്യൂ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡെപ്യൂട്ടി സെക്രട്ടറി, കളക്ടര്‍മാര്‍, എസ്പിമാര്‍ എന്നിവരടങ്ങുന്ന ഉപരികമ്മിറ്റിയായിരുന്നു അര്‍ഹരുടെ ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കളക്ടര്‍മാര്‍ക്ക് കൈമാറുന്ന തുക തഹസില്‍ദാര്‍മാര്‍ വഴി പിന്തുടര്‍ച്ചാവകാശികളെ കണ്ടെത്തി അന്വേഷണ അടിസ്ഥാനത്തില്‍ ദുരിതബാധിതര്‍ക്ക് ലഭ്യമാകും. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രതിമാസം പതിനായിരം രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അടിയന്തര ധനസഹാമായി 1,69,000 ദുരിതബാധിതര്‍ക്ക് റവന്യൂ വകുപ്പ് മുഖേന സര്‍ക്കാര്‍ രണ്ടായിരം രൂപ വീതം നല്‍കിയിരുന്നു. ഇതിനോടകം തന്നെ തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കുകളില്‍ 78 ദുരന്തബാധിതര്‍ക്ക് 20000 രൂപ വീതം ധനസഹായം ലഭിച്ചിട്ടുണ്ട്.
കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ സഹകരണ ബാങ്കുകളിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ദുരിതബാധിതര്‍ക്കായുള്ള തുക സര്‍ക്കാര്‍ നിക്ഷേപിച്ചു.

Related News