Friday
22 Jun 2018

ഓഖി: കേന്ദ്രസംഘം 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ

By: Web Desk | Friday 29 December 2017 10:40 PM IST

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘവുമായി മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, തോമസ് ഐസക് എന്നിവരുടെ
നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം പുനരധിവാസ ആവശ്യങ്ങള്‍ക്കായി 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യും. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനം ആവശ്യപ്പെട്ട അടിയന്തര പുനരധിവാസ പദ്ധതി അംഗീകരിച്ചത്. കേന്ദ്ര സംഘത്തിന്റെ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ബിപിന്‍ മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്ര സംഘം കൈക്കൊണ്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി തോമസ് ഐസകും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും അഭിപ്രായപ്പെട്ടു. ദുരന്തബാധിതമെന്ന് സംസ്ഥാനസര്‍ക്കാരിന്റെ നിവേദനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്ന സ്ഥലങ്ങളിലെല്ലാം കേന്ദ്രസംഘം പരിശോധന നടത്തിയെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
422 കോടി രൂപയുടെ അടിയന്തര സഹായമാണ് സംസ്ഥാനം നേരത്തെ ആവശ്യപ്പെട്ടത്. പിന്നീടത് 442 കോടി രൂപയുടെ അടിയന്തര സഹായ നിവേദനമാക്കി പുതുക്കി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നല്‍കിയ 442 കോടിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം പരിശോധന നടത്തിയതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
പരമ്പരാഗത രീതിയിലാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തിലെ 226 കോടി രൂപയ്ക്ക് കേന്ദ്രമാനദണ്ഡമനുസരിച്ച് അംഗീകാരം നല്‍കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുതുക്കിയ നിവേദനത്തിലെ 442 കോടിയില്‍ 38 കോടി ഒഴികെയുള്ളവയ്ക്ക് കേന്ദ്രസംഘം ധനസഹായത്തിന് ശുപാര്‍ശ നല്‍കി.
മത്സ്യബന്ധനം, അനുബന്ധ ഉപകരണങ്ങള്‍, ഭവനനിര്‍മാണം തുടങ്ങിയവയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മിക്കവാറും കേന്ദ്ര സംഘം അംഗീകരിച്ചു. ദീര്‍ഘകാല പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. അക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളാണ് തീരുമാനമെടുക്കേണ്ടതെന്നും ബിപിന്‍ മല്ലിക് പറഞ്ഞു.
തീരത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് തന്നെയായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ തീരദേശ മേഖലയിലെ വീടുകള്‍ സുരക്ഷിതമല്ല. വീടുകള്‍ തീരത്തുനിന്ന് കൂടുതല്‍ അകലത്തേക്ക് മാറ്റുന്നതാണ് സുരക്ഷിതം. ഇക്കാര്യങ്ങള്‍ എല്ലാം മുന്നില്‍കണ്ടാണ് ദീര്‍ഘകാല പുനരധിവാസപാക്കേജ് സമര്‍പ്പിച്ചിരിക്കുന്നത്. അടിയന്തര പുനരധിവാസത്തിനുള്ള നിവേദനത്തിലെ ആവശ്യങ്ങളില്‍ കേന്ദ്രസംഘം ശുപാര്‍ശ ചെയ്ത 7230 കോടിയുടെ പാക്കേജില്‍ 3030 കോടിയും ഈ ആവശ്യത്തിനുള്ളതാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.

Related News