Wednesday
12 Dec 2018

ഓഖി; ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ദുരന്ത ബാധിതര്‍ക്ക് എത്തിച്ചു: മുഖ്യമന്ത്രി

By: Web Desk | Thursday 25 January 2018 10:13 PM IST

തിരുവനന്തപുരം:

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പരിധിയില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ദുരന്ത ബാധിതര്‍ക്ക് എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

വ്യോമ, നാവിക, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ ഏജന്‍സികളുടെ ഏകോപനത്തിലൂടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ നടത്തി. 15 കപ്പല്‍, ഏഴ് ഹെലികോപ്ടര്‍, നാല് വിമാനം എന്നിവയുടെ നേതൃത്വത്തില്‍ പകലും രാത്രിയുമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരന്തം സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട മുഴുവന്‍ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായുള്ള റിപ്പോര്‍ട്ട് സഭാചട്ടം 300 പ്രകാരം മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തുമെന്നും അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ലഭിച്ചപ്പോള്‍ തന്നെ കൃത്യമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. മാനദണ്ഡ പ്രകാരമുള്ള ഒരു മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ല. ചുഴലിക്കാറ്റ് ഉള്‍പ്പെടെ ഉള്ളവ ഉണ്ടാകുമ്പോള്‍ ആദ്യ ഘട്ടമായി 72 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പും തുടര്‍ന്ന് 48 മണിക്കൂര്‍,24 മണിക്കൂര്‍,12 മണിക്കൂര്‍ എന്നിങ്ങനെ മുന്നറിയിപ്പ് ലഭിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന ഒരു നിര്‍ദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ല.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയും തീരദേശമേഖലകളില്‍ ക്യാമ്പ് ചെയ്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സര്‍ക്കാര്‍ നടപടികളില്‍ മത്സ്യത്തൊഴിലാളികള്‍ സംതൃപ്തരാണെന്നും ഈ സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.

Related News