Saturday
15 Dec 2018

ഓഖി: കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി.

By: Web Desk | Thursday 28 December 2017 10:46 PM IST

കൊല്ലം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ കൊല്ലം ജില്ലയിലെ തീരദേശമേഖലയിലും വ്യാപക കൃഷിനാശം സംഭവിച്ച ചെമ്പനരുവിയിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇന്നലെ സന്ദര്‍ശനം നടത്തി.
ഇരവിപുരം, മുതാക്കര ചെമ്പനരുവി ഒരേക്കര്‍ കോളനി എന്നിവിടങ്ങളിലാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്ക്, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്ഡെ, ആഭ്യന്തര വകുപ്പ് ടെക്നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവരുള്‍പ്പെട്ട സംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തിയത്.
കാപ്പില്‍ പാലത്തിനു സമീപം ജില്ലാ കളക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, സബ് കളക്ടര്‍ ഡോ. എസ് ചിത്ര എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘത്തെ സ്വീകരിച്ചു. കടലാക്രമണംമൂലം തീരം ഇടിഞ്ഞ ഇരവിപുരത്തായിരുന്നു ആദ്യ സന്ദര്‍ശനം. എം നൗഷാദ് എംഎല്‍എ, മേയര്‍ വി രാജേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് നാട്ടുകാര്‍ സംഘത്തോടു വിവരിച്ചു.
മൂതാക്കര ഹാര്‍ബറില്‍ എം മുകേഷ് എംഎല്‍എ, മേയര്‍ വി രാജേന്ദ്രബാബു, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, ബോട്ടുടമാ സംഘം ഭാരവാഹികള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ കേന്ദ്ര ഉദ്യോഗസ്ഥര്‍ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ തൊഴിലാളികളോടും സംസാരിച്ചു.
കൊല്ലം ബീച്ച് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രകൃതിക്ഷോഭം മൂലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ സ്ഥിതിവിവരക്കണക്കുകളും സുരക്ഷാ ക്രമീകരണങ്ങള്‍, തുടര്‍ നടപടികള്‍ സംബന്ധിച്ച പദ്ധതികള്‍ എന്നിവയുടങ്ങുന്ന റിപ്പോര്‍ട്ട് കളക്ടര്‍ സംഘത്തിന് സമര്‍പ്പിച്ചു.
തുടര്‍ന്ന് സംഘാംഗങ്ങളായ ഡോ. സഞ്ജയ് പാണ്ഡെയും ഓംപ്രകാശും ചെമ്പനരുവി ഒരേക്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി. വാഴ, റബര്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയിടങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ശശികല, വൈസ് പ്രസിഡന്റ് എ. റഷീദ് തുടങ്ങിയവരും മേഖലയിലെ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമാക്കി.

 

Related News