Monday
17 Dec 2018

ലഭിക്കാതെ പോയ അറിയിപ്പുകളും ചരിത്രം കുറിച്ച രക്ഷാപ്രവര്‍ത്തനവും

By: Web Desk | Thursday 14 December 2017 11:14 PM IST

ഖി ചുഴലികൊടുങ്കാറ്റ് വരുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കി മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാ വകുപ്പുകളെയും കേന്ദ്ര സേനകളെയും ഏകോപിപ്പിച്ച് ഹൃദയത്തില്‍തൊട്ട നിസ്തുലവും സത്യസന്ധവുമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. ഓഖി കൊടുങ്കാറ്റിന്റെ ഇരുളിലും തെളിഞ്ഞു നില്‍ക്കുന്ന സര്‍ഗാത്മകതയുടെയും ഭാവി പ്രതീക്ഷകളുടെയും അടയാളങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏകോപന സ്വഭാവത്തോടു കൂടിയ രക്ഷാപ്രവര്‍ത്തനം.
ചുഴലിക്കാറ്റും പേമാരിയും വന്‍തിരമാലകളും ഉണ്ടാകുമെന്നുള്ള യാതൊരു മുന്നറിയിപ്പും നവംബര്‍ 29-ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്. അപൂര്‍വമായി മാത്രമേ ഇത് കൊടുങ്കാറ്റായി മാറുകയുള്ളൂ. 1940-കളില്‍ മാത്രമേ അത്തരം ഒരു സംഭവം ഇന്നത്തെ ആളുകളുടെ ഓര്‍മ്മയില്‍ ഉള്ളൂ. ന്യൂനമര്‍ദ്ദം സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ആയിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പില്‍ നിന്ന് ആദ്യം ലഭിച്ചിരുന്നത്. ന്യൂനമര്‍ദത്തിന്റെ തോതിലുള്ള വര്‍ദ്ധനവ് സംബന്ധിച്ചായിരുന്നു പിന്നീട് ഉള്ള അറിയിപ്പുകള്‍. അത്തരത്തിലുള്ള ഒരു സന്ദേശം ആദ്യമായി ലഭിക്കുന്നത് നവംബര്‍ 30-ന് മാത്രമാണ്. എന്നാല്‍ 30-ന് രാവിലെ 10 മണി മുതല്‍ ആദ്യ അപകടം അടിമലത്തുറയില്‍ ഉണ്ടായതുമുതല്‍ ശക്തമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
ഇതൊക്കെയാണ് യാഥാര്‍ത്ഥ്യങ്ങള്‍. ഞങ്ങളാരെയും കുറ്റപ്പെടുത്തുന്നില്ല. ശാസ്ത്രത്തിന്റെ പരിമിതികള്‍ എന്നു മാത്രം കണക്കാക്കാം. രക്ഷപ്പെട്ട തൊഴിലാളികളുടെ എണ്ണവും രക്ഷാപ്രവര്‍ത്തനത്തിനെക്കുറിച്ചുള്ള അവരുടെ വാക്കുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ നിസീമമായ ആത്മാര്‍ഥതയിലേക്ക് വിരല്‍ ചൂണ്ടുന്നു. സര്‍ക്കാരിനെ നിരന്തരം കുറ്റപ്പെടുത്തുന്ന ആളുകള്‍ ഇതുവരെ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെ ആത്മാര്‍ഥമായും നിഷ്പക്ഷമായും വിലയിരുത്തുന്നത് ഉചിതമായിരിക്കും.
നവംബര്‍ 30-ന് രാവിലെ 10 മണിക്ക് അടിമലത്തുറ ഭാഗത്ത് ഒരു വള്ളം നാലു തൊഴിലാളികളുമായി അപകടത്തില്‍പ്പെട്ടു എന്ന ടെലിഫോണ്‍ സന്ദേശം വിഴിഞ്ഞം സ്റ്റേഷനില്‍ എത്തുകയുണ്ടായി. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ നിന്ന് 10.05-ന് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടു പുറപ്പെട്ടു. ശക്തമായ
മഴയിലും കാറ്റിലും പട്രോള്‍ ബോട്ടുമായുള്ള ആശയവിനിമയവും നിയന്ത്രണവും നഷ്ടപ്പെട്ട് ബോട്ട് വടക്കോട്ട് ഒഴുകിപ്പോയി. മണിക്കൂറുകളോളം കടലില്‍ നിയന്ത്രണം വിട്ട് ഒഴുകിയ ബോട്ട് അന്നേ ദിവസം 7 മണിക്ക് കൊല്ലത്ത് കണ്ടെത്തി.
ഇതേ സമയം തന്നെ കൊല്ലങ്കോട്, പൊഴിയൂര്‍, വിഴിഞ്ഞം, പൂന്തുറ, പരുത്തിയൂര്‍, കോട്ടപ്പുറം, അടിമലത്തുറ സ്ഥലങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ അപകടവിവരം ഫിഷറീസ് സ്റ്റേഷനില്‍ ലഭിച്ചുകൊണ്ടിരുന്നു. കോസ്റ്റ്ഗാര്‍ഡിനെ സഹകരിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ശക്തമായ പേമാരിയും കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കി. 11 മണിയോടെ തന്നെ തിരുവനന്തപുരം മെറ്റ് സെന്ററുകളില്‍ നിന്ന് ലഭിച്ച അപകട സന്ദേശവും കാലാവസ്ഥാ പ്രവചനവും ലഭിച്ചു. കോസ്റ്റ്ഗാര്‍ഡിനോടും, നേവിയോടും അടിയന്തരമായി ഇടപെടാനുള്ള സന്ദേശങ്ങള്‍ നല്‍കി. 10.00 മണിക്ക് തന്നെ അടിമലത്തുറ സംഭവത്തെ തുടര്‍ന്ന് എന്റെ ഓഫീസില്‍ നിന്നും സന്ദേശം നേവിക്കും എയര്‍ഫോഴ്‌സിനും നല്‍കുകയുണ്ടായി. ഉടന്‍തന്നെ ആവശ്യമായ കപ്പലുകളും ഹെലികോപ്റ്ററുകളും വിമാനങ്ങളും കേരളത്തിന്റെ തീരപ്രദേശങ്ങളെ ലക്ഷ്യമാക്കി തിരുവനന്തപുരം കേന്ദ്രീകരിച്ച് നീങ്ങുമെന്ന് നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും മറുപടി ലഭിച്ചു.
പക്ഷെ പ്രക്ഷുബ്ധമായ കാലാവസ്ഥ കാരണം കപ്പലുകള്‍ ഉദ്ദേശിച്ച സമയത്ത് തിരുവനന്തപുരത്ത് എത്താനായില്ല. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് മൂടിക്കെട്ടിയ ആകാശവും ഉയര്‍ന്ന തിരമാലകളും തടസമായിരുന്നു. കടലിന് 10 മീറ്റര്‍ ഉയരത്തില്‍ എത്തിയാല്‍പോലും ഹെലികോപ്റ്ററുകള്‍ക്ക് കടല്‍ കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വിമാനങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തെയും ഇത് ബാധിച്ചിരുന്നു. 30-ന് രാവിലെ തന്നെ എല്ലാ ജില്ലകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിഴിഞ്ഞത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഇവയുടെ ടെലിഫോണ്‍ നമ്പറുകള്‍ വിവിധ മാധ്യമങ്ങളില്‍ കൂടി പരസ്യപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ സി-427 ബോട്ട് വീല്‍ ഹൗസ് തകര്‍ന്ന് ജിപിഎസ് കേടായി നിയന്ത്രണം വിട്ട് ഒഴുകി വര്‍ക്കല ഭാഗത്ത് എത്തി. നിയന്ത്രണം വീണ്ടെടുത്ത് ഏഴുമണിയോടെ ബോട്ട് കൊല്ലം തങ്കശേരി ഭാഗത്ത് എത്തുകയുണ്ടായി.
നവംബര്‍ 29-നോ 30-ന് അതിരാവിലെയോ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും വള്ളങ്ങളുമാണ് കൂടുതലായി അപകടത്തില്‍പ്പെട്ടത്. 30-ന് രാവിലെ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും അത് വിജയകരമാക്കാന്‍ പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞില്ല. അതിരൂക്ഷമായ മഴയും കാറ്റും കാരണം രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ബോട്ടുകള്‍ തകരാറിലാവുകയും നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കുകയുമാണുണ്ടായത്.
നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, കേന്ദ്ര ഫിഷിങ് മന്ത്രാലയം എന്നിവരുടെ അടിയന്തിര സഹായം എന്റെ ഓഫീസില്‍ നിന്ന് അഭ്യര്‍ഥിച്ചു. രാവിലെ മുതല്‍ തന്നെ കൂടുതല്‍ അപകടം നടന്ന പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ തീരത്തോടു ചേര്‍ന്ന് 100 മീറ്ററിനോട് ചേര്‍ന്ന് താമസിക്കുന്നവരെ അവിടെ നിന്ന് മാറ്റി ക്യാമ്പുകളില്‍ എത്തിച്ചു. ഇതിനാവശ്യമായ അറിയിപ്പുകള്‍ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് പള്ളികള്‍ വഴിയും നല്‍കി.
വൈകുന്നേരം 06.30-ഓടെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ നേരിട്ടെത്തി കമാണ്ടര്‍ ഇന്‍ ചാര്‍ജ്ജ് വര്‍ഗീസുമായി കാര്യങ്ങള്‍ വിശകലനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകാന്‍ സാദ്ധ്യതയുള്ള പ്രദേശത്തിന്റെ ദിശ, ആഴം, ദൂരം എന്നിവ സംബന്ധിച്ച് ഏകദേശ വിവരം കൈമാറുകയും അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അഭ്യര്‍ത്ഥിക്കുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും അടുത്ത ദിവസത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വെളുപ്പിനെ തന്നെ തുടങ്ങുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ മത്സ്യഗ്രാമങ്ങളും വിശേഷ്യ വിഴിഞ്ഞവും കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഡിസംബര്‍ ഒന്നിന് രാവിലെ തന്നെ വിഴിഞ്ഞം വാര്‍ഫില്‍ നങ്കൂരമിട്ടിരുന്ന എമറാള്‍ഡ് എന്ന സ്വകാര്യ ഫിഷിങ് ബോട്ട് വകുപ്പു നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ വകുപ്പിന്റെ ചെലവില്‍ സജ്ജമാക്കി വിഴിഞ്ഞം, പൂന്തുറ, പൂവാര്‍ സ്വദേശികളായുള്ള 12 മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രാത്രി പത്തു മണിവരെ തെരച്ചില്‍ തുടര്‍ന്നു. വിഴിഞ്ഞം, പൂവാര്‍, അടിമലത്തുറ സ്വദേശികളായ ഒമ്പതുപേരെ എമറാള്‍ഡ് വഴി അന്നു തന്നെ രക്ഷിക്കാന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ശുഷ്‌കാന്തി മത്സ്യത്തൊഴിലാളികള്‍ക്ക് ബോദ്ധ്യമായ പ്രവര്‍ത്തനമായിരുന്നു ഇത്.
തേങ്ങാപട്ടണത്ത് നിന്ന് വകുപ്പ് ഏര്‍പ്പെടുത്തിയ മറ്റൊരു സ്വകാര്യ ബോട്ടിന്റെ സഹായത്തോടെ പൂവാര്‍, പൂന്തുറ സ്വദേശികളായ ഒമ്പതു പേരെ രക്ഷപ്പെടുത്തുന്നതിനും ഒരു മൃതദേഹം കരയിലെത്തിക്കുകയും ചെയ്തു. കാണാതായ മത്സ്യത്തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നതിന് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് ഉദേ്യാഗസ്ഥരുടെ പ്രതേ്യക വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
മത്സ്യത്തൊഴിലാളികള്‍ പോകാന്‍ സാദ്ധ്യതയുള്ള പ്രദേശത്തിന്റെ ഏകദേശ ദൂരവും ദിശയും സ്ഥാനവും കണക്കാക്കി രക്ഷാപ്രവര്‍ത്തക സംഘത്തിന് കൈമാറി. ഫിഷറീസ്, റവന്യൂ വകുപ്പുദ്യോഗസ്ഥരെ സമന്വയിപ്പിച്ച് മത്സ്യഗ്രാമങ്ങളായ വിഴിഞ്ഞം, പൂവാര്‍, അടിമലത്തുറ, കരിങ്കുളം പൂന്തുറ, പൊഴിയൂര്‍, വെട്ടുകാട്, വലിയതുറ, തുമ്പ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.
പ്രധാന കേന്ദ്രങ്ങളിലെ ഹെല്‍പ്പ് ഡെസക്കുകളെ ജില്ലാ സംസ്ഥാന രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തി. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് ടെക്‌നിക്കല്‍ ഏരിയ കണ്‍ട്രോള്‍ റൂം വഴി നേവിക്കും എയര്‍ഫോഴ്‌സിനും ലഭ്യമാക്കി.
മത്സ്യബോര്‍ഡ് വഴിയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ 83 പേര്‍ക്ക് 5000 രൂപ വീതം അപകടധനസഹായവും 4 പേര്‍ക്ക് 10000 രൂപ നിരക്കില്‍ മരണാനന്തര ചെലവുകള്‍ക്കുള്ള ധനസഹായവും ഡിസംബര്‍ 3-ന് തന്നെ വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ തെരച്ചില്‍ നടത്തുന്നതിനുള്ള 35 യാനങ്ങള്‍ക്ക് 200 ലിറ്റര്‍ വീതവും കൊല്ലം ജില്ലയില്‍ 18 യാനങ്ങള്‍ക്ക് 150 ലിറ്റര്‍ വീതം 9700 ലിറ്റര്‍ മണ്ണെണ്ണ മത്സ്യഫെഡ് മുഖേന ലഭ്യമാക്കി. ഇവരുടെ തെരച്ചിലില്‍ ഏഴോളം മൃതദേഹങ്ങള്‍ കണ്ടെത്തി.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളില്‍ ലക്ഷ്യം തെറ്റി എത്തിയ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഡിസംബര്‍ ആറിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിലയിരുത്തിയതിനോടൊപ്പം വിവിധസംസ്ഥാനങ്ങളില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയും ആ സംസ്ഥാനങ്ങളിലെ ഡിസ്ട്രസ് റിലീഫ് സെന്റര്‍ വഴി സംസ്ഥാന സര്‍ക്കാരിന്റെ സഹായം ധനമായും മറ്റ് ആവശ്യ സാധനങ്ങളായും ലഭ്യമാക്കി.
ജീവന്‍ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കി ഒരു പരിധിവരെയെങ്കിലും അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലി ഉറപ്പു വരുത്താനും സര്‍വകക്ഷി യോഗത്തില്‍ ധാരണയായിട്ടുണ്ട്. സര്‍ക്കാര്‍ 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും 25 ലക്ഷം രൂപയുടെ സഹായം ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇന്‍ഷുറന്‍സോ ക്ഷേമനിധി അംഗത്വമോ ഇല്ലെന്ന കാരണത്തില്‍ ആര്‍ക്കും സഹായങ്ങള്‍ നിഷേധിക്കില്ല. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്.
ദുരന്തം മൂലം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്ക് കൗണ്‍സിലിങ് സഹായവും നല്‍കും. തീരദേശ പൊലീസിലേക്ക് നിയമനം നല്‍കുമ്പോള്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കും. ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ ശക്തമായ രീതിയില്‍ മുന്നോട്ട് പോകുകയാണ്. രൂക്ഷമായ കടലില്‍പോയ 550 ഓളം തൊഴിലാളികളുടെ തിരിച്ചു വരവ് സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ത്ഥത വെളിവാക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. കടലില്‍ പോകുന്ന ഒരു മത്സ്യത്തൊഴിലാളിക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനം ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു. മത്സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും ഉന്നതിയിലേക്ക് നയിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിനാണ് മത്സ്യത്തൊഴിലാളികള്‍ ഇരയായിരിക്കുന്നത്. അടിയന്തിര ആശ്വാസ പദ്ധതികള്‍ക്കൊപ്പം ഇടക്കാലാശ്വാസവും ദീര്‍ഘകാല പദ്ധതികളും വളരെ ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഇതിന് എല്ലാവരുടേയും സഹായസഹകരണം അഭ്യര്‍ത്ഥിക്കുന്നു.