Friday
14 Dec 2018

ഓഖി പോയിട്ട് ഒരുമാസം; തീരം വറുതിയില്‍ തന്നെ

By: Web Desk | Friday 29 December 2017 10:22 PM IST

സ്വന്തം ലേഖകന്‍

കൊച്ചി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് കടന്ന് പോയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും കടല്‍ത്തീരങ്ങളില്‍ മ്ലാനത മായുന്നില്ല .കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് പലരും കടലില്‍ പോയില്ല .പോയവര്‍ക്ക് മത്തിപോലുള്ള ചെറിയ മീനുകള്‍ ലഭിച്ചുവെങ്കിലും വില്‍പ്പന മന്ദഗതിയില്‍ ആയത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് .കടലിലെ മത്സ്യങ്ങള്‍ ശവശരീരങ്ങള്‍ തിന്നവയാണെന്ന പ്രചാരണമാണ് വിപണിയെ ബാധിച്ചത് .ഈ വ്യാജ പ്രചാരണങ്ങളെ മറികടക്കുന്നതിന് എതിര്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് തീരവാസികള്‍ . ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിദഗ്ധര്‍പറയുന്നുണ്ടെങ്കിലും അത് സമൂഹത്തില്‍ വിലപോകുന്നില്ല . ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ മല്‍സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം( സിഎംഎഫ്ആര്‍ഐ) വിശദീകരണം നല്‍കിയിട്ടുണ്ട് .മീനുകള്‍ പൊതുവെ മൃതശരീരങ്ങള്‍ ഭക്ഷിക്കാറില്ലെന്നും ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുനില്‍ മുഹമ്മദ് പറഞ്ഞു. പ്രചാരണം മീന്‍വിപണിയെ ബാധിച്ചതായി മത്സ്യത്തൊഴിലാളികളും പറയുന്നു.
കടല്‍ മത്സ്യങ്ങള്‍ വാങ്ങാന്‍ ചിലര്‍ വിമുഖത കാട്ടുന്നതായി ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മധ്യകേരളത്തില്‍ ചാള, മത്തി, അയല, തുടങ്ങിയ മീനുകളുടെ വില്പനയില്‍ ഇടിവുണ്ടായി. എന്നാല്‍ ഇവയൊന്നും മൃതശരീരം ഭക്ഷിക്കുന്നവയല്ല.അതേസമയം ചിലയിനം സ്രാവുകള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ മത്സ്യബന്ധന മേഖലകളില്‍ ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.ഇതിന് പുറമെ മക്കളുടെ വിദ്യാഭ്യസത്തിനടക്കം എടുത്ത വായ്പകള്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്ക നിലവിലുണ്ട് .ചെല്ലാനത്ത് വായ്പ എടുത്തു നിര്‍മിച്ച വീടുകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ തന്നെ നല്ല തുക വേണം .ഈ തുക അടിയന്തരമായി സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട് .അപകട ഭീതിയെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതും മേഖലയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട് .ഓഖിക്കു ശേഷം പലപ്പോഴും കടല്‍ കയറുന്നത് പതിവായതോടെ തീരത്ത് ആശങ്കകള്‍ ഒഴിഞ്ഞ നേരമില്ല.

 

Related News