Friday
14 Dec 2018

സങ്കടക്കടല്‍ അലയടിക്കുന്ന മനസ്സിന്റെ തീരങ്ങള്‍

By: Web Desk | Sunday 24 December 2017 10:09 PM IST

സന്തോഷ് എന്‍ രവി

വിഴിഞ്ഞം: കടല്‍ശാന്തമെങ്കിലും കരയില്‍ ആയിരങ്ങളുടെ ഉള്ളില്‍ ഇപ്പോഴും സങ്കട തിരകള്‍ അലയടിക്കുന്നു. മരിച്ചവര്‍, കാണാതായവര്‍ എന്നിവര്‍ നിരവധി. പ്രതീക്ഷകള്‍ നശിച്ച് ഇവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ വിഴിഞ്ഞത്തെ പള്ളിമുറ്റത്ത് നിസഹായരായി ഇരിക്കുന്ന കാഴ്ചകള്‍ കാണാം. അത്താണി നഷ്ടപ്പെട്ട് അഷ്ടിക്കു വകയില്ലാതെ ക്ഷീണിതരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദയനീയ മുഖം കാണുമ്പോഴറിയാം ഓഖി വരുത്തിയ ദുരന്തത്തിന്റെ തീവ്രത. വിഴിഞ്ഞത്തെ കോസ്റ്റല്‍ പൊലീസിന്റെ സ്റ്റേഷന്റെ അവസ്ഥയില്‍ നിന്നു തന്നെ നമുക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഉണ്ടെന്ന് മനസ്സിലാക്കാം. കോസ്റ്റല്‍ പൊലീസിന് ഇവിടെ ആകെ ഉള്ളത് ഒരേ ഒരു ബോട്ട് ആണ് ഇത് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലും നേരത്തെ ഉണ്ടായിരുന്ന മൂന്നു ബോട്ടുകളില്‍ രണ്ടെണ്ണം കട്ടപ്പുറത്താണ് .വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് ഇവ കട്ടപ്പുറത്തായതെന്നാണ് ഔദ്യോഗിക വിശദീകരണം. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്ഥിതിയും മറിച്ചല്ല 65 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ചെറിയ ബോട്ട് ഒരാഴ്ച ഓടിയതോടെ ഉപയോഗിക്കാന്‍ കഴിയാതെ വര്‍ഷങ്ങളായി കിടക്കുകയാണ്. തീരസംരക്ഷണസേനയുടെ ഒരു ബോട്ട് മാത്രമാണ് ഓഖി ദുരന്തത്തിനു ശേഷം ഏറ്റവും കൂടുതല്‍ ഉപകരിച്ചത് ഇവര്‍ക്കാണ് ഏറ്റവും പരാതി കേള്‍ക്കേണ്ടി വന്നതും.

കണ്‍മുന്നിലെ ഭീകരത വിട്ടൊഴിയാതെ
കഴിഞ്ഞ 30 ന് കടലില്‍ പോയി ഓഖിയെ തുടര്‍ന്നുണ്ടായ ദുരന്തത്തിനു ഇരയായി തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ ഇപ്പോഴും ഭീതിയുടെ പിടിയിലാണ്. മണിക്കൂറുകളോളം കടല്‍ത്തിരയോട് പൊരുതി അവസാനം തങ്ങള്‍ക്കു മുന്നില്‍ അതു വരെ ഒപ്പമുണ്ടായിരുന്ന പലരും ആഴിയിലേക്ക് ആണ്ടു പോകുന്ന കാഴ്ച കണ്ടവര്‍ ഇപ്പോള്‍ കടലിലേക്ക് ഇറങ്ങാന്‍ ഭയക്കുന്നു പലരും മത്സ്യ ബന്ധനം മതിയാക്കുന്നു ഓട്ടോ ഓടിച്ചെങ്കിലും ജീവിക്കും എന്ന് ഓഖി ഇരകളുടെ പ്രതികരണം അത്രത്തോളമുണ്ട് കടല്‍ത്തിരയില്‍ ഇവര്‍ അനുഭവിച്ച യാതനകള്‍.

തീരം വറുതിയിലേക്ക്

ദുരന്തത്തിനു ശേഷം ഇപ്പോള്‍ തീരത്ത് ഏതാനും പേര്‍ മാത്രമേ മത്സ്യ ബന്ധനത്തിനു പോകുന്നുള്ളൂ അതും മുഴു പട്ടിണിയായ കുടുംബങ്ങളുടെ ദയനീയ സ്ഥിതി കണ്ട് കടല്‍ത്തീരത്തു നിന്നു അകലെ അല്ലാതെ അടുത്തു മാത്രമേ ഇവര്‍ പോകുന്നുള്ളൂ ചെറിയ തിരകള്‍ മതി ഇവരുടെ ഉള്ളൊന്നു പിടയാന്‍ പിന്നെ കിട്ടിയതുമായി തിരികെ കരയിലേക്ക് ചിലപ്പോള്‍ ഇന്ധന ചെലവ് പോലും കിട്ടില്ല. മത്തൊഴിലാളി സ്ത്രീകള്‍ ഇതുവരെ കച്ചവടത്തിനായി പുറത്തേക്ക് ഇറങ്ങിയിട്ടില്ല. പലരുടെയും ഉറ്റവരും ബന്ധുക്കളും ഇനിയും മടങ്ങി വരാനുണ്ട് കുറച്ചു പേരെങ്കിലും മടങ്ങിയെത്തുമെന്ന പ്രാര്‍ത്ഥനയിലാണ് തീരം. കച്ചവടവും മത്സ്യ ബന്ധനവും മുടങ്ങിയതോടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വീഴുകയാണ്. തീരത്ത് ഏതാനും സ്ത്രീകള്‍ കച്ചവടം നടത്താന്‍ ഇറങ്ങിയെങ്കിലും ആരും വാങ്ങാന്‍ എത്തുന്നില്ല .

തീരം വിജനമാണ്
വിഴിഞ്ഞത്ത് ഇപ്പോള്‍ ലേലം വിളികളുടെയും ഉറപ്പിക്കലിന്റെയും ഒച്ചയില്ല കടലും കരയും ഒരു പോലെ മൂകമാണ്. വില്‍പ്പനക്കാരും വാങ്ങാന്‍ എത്തുന്നവരും തിങ്ങി ഞെരുങ്ങിയിരുന്ന തീരത്ത് വള്ളങ്ങള്‍ കയറ്റി വച്ചിരിക്കുകയാണ് പുലര്‍ച്ച മുതല്‍ രാവുവരെ നീണ്ടു നില്‍ക്കുന്ന ആരവങ്ങളില്ല. അങ്ങിങ്ങ് ഏതാനും മത്സ്യതൊഴിലാളികള്‍ വലകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും വട്ടം കൂടിയിരുന്ന് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.
ആഘാതം രാജ്യാന്തര തുറമുഖ നിര്‍മ്മാണത്തിലും.

ആയിരത്തിലധികം ടണ്‍ ഭാരമുള്ള ഡ്രജര്‍ അടിച്ച് കരയിലേക്ക് കയറ്റി വയ്ക്കാന്‍ തിരമാലയ്ക്ക് നിസാരമായി കഴിഞ്ഞുവെന്നതാണ് ഏവരെയും അത്ഭുഭുതപ്പെടുത്തുന്നത്. വളരെ വേഗം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന തുറമുഖ നിര്‍മാണത്തിന് കോടികളുടെ നാശനഷ്ടമാണ് ഓഖി വരുത്തി വച്ചത്.കടല്‍ കുഴിക്കലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലോട്ടിംഗ് പൈപ്പുകള്‍ തകര്‍ത്തു. കരിങ്കല്‍ തടയണകള്‍ ശക്തമാതിരയില്‍ ചിന്നി ചിതറി. കൂറ്റന്‍ ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ കാറ്റിലും തിരയിലും തകര്‍ന്നടിഞ്ഞു.ദുരന്തത്തിനു ശേഷം ഇപ്പോള്‍ കടല്‍ കുഴിക്കല്‍ ചെറിയ തോതില്‍ ആരംഭിച്ചു പൂര്‍ണ്ണ തോതില്‍ എത്താന്‍ ഇനിയും ഏറെ നാള്‍ വേണ്ടിവരും.
സുരക്ഷയില്ലാതെ മത്സ്യ തൊഴിലാളികള്‍.

കടല്‍പ്പണിക്ക് പോകുന്നവര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള റേഡിയോ ബീക്കണ്‍ സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ കിറ്റ് വിതരണം സംസ്ഥാനത്താകമാനം ആറായിരം പേരില്‍ ഒതുങ്ങി.ഒരു കോടി ചെലവാക്കി സുനാമി മുന്നറിയിപ്പ് സംവിധാനം ,മത്സ്യലഭ്യത, കാറ്റിന്റെ വേഗത ദിശ എന്നിവ മലയാളത്തില്‍ എഴുതി കാണിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് സെസിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് സ്ഥാപിച്ച ആധുനിക പ്രദര്‍ശന സംവിധാനം ഏതാനും നാളുകള്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പ്രകൃതിക്ഷോഭം വരുമ്പോള്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയിരുന്ന ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പ് സംവിധാനവും നിലച്ചു.മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞത്ത് സ്ഥാപിച്ച സമഗ്ര സമുദ്ര വിജ്ഞാന കേന്ദ്രം ഉദ്ഘാടനത്തില്‍ ഒതുങ്ങി.
ബോധവത്കരണമില്ലാതെ

മത്സ്യതൊഴിലാളികള്‍ ഏറെയും അപകടത്തില്‍പ്പെടുന്നത് ഇവര്‍ക്ക് വേണ്ടത്ര ബോധവത്കരണമില്ലാത്തതിനാലാണ്. ജിപിഎസ് സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ഉണ്ടെന്ന് പറയുമ്പോഴും മത്സൃ തൊഴിലാളികള്‍ ഇവ ഉപയോഗിക്കാറില്ല. മത്സ്യ ബന്ധന ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ വേണമെന്ന് ആവശ്യപ്പെടുമെങ്കിലും ഇവ പിന്നീട് ആരും തന്നെ ഉപയോഗിക്കുന്നില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും ഇടവക തലത്തിലും വേണ്ടത്ര ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.

Related News