Saturday
21 Jul 2018

പഴയ സിനിമകള്‍ മികച്ച സന്ദേശം നല്‍കുന്നു: ശാരദ

By: Web Desk | Monday 12 February 2018 8:02 PM IST

 ശാരദ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
പതിറ്റാണ്ടുകളുടെ അഭിനയാനുഭവങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ദുഖപുത്രി
കൊച്ചി: പഴയകാല സിനിമകളെല്ലാം മികച്ച സന്ദേശം നല്‍കുന്നവ കൂടിയായിരുന്നുവെന്ന് നടി ശാരദ. അക്കാലത്ത് സിനിമകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നു. പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ തന്റെ ‘ബലിപീഠം’ എന്ന തെലുഗു  സിനിമ കണ്ട ശേഷം ഒന്നിച്ചതു ശാരദ വിവരിച്ചു. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സിഎംഎഫ്ആര്‍ഐ) വിമണ്‍ സെല്‍ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാരദ.
എന്റെ സിനിമകള്‍ കണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാകുന്നുവെന്നറിയുന്നതാണ് സിനിമാജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണ് നമുക്ക് വേണ്ട്ത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ പിന്തുണക്കുന്ന കഥാപാത്രങ്ങളായിരുന്നു ഞാന്‍ കൂടുതല്‍ ചെയ്തത്. വെള്ളിത്തിരയിലെ പഴയകാല അഭിനയാനുഭവങ്ങള്‍ ശാരദ സദസ്സുമായി പങ്കുവെച്ചു. മലയാളത്തിന്റെ ‘ദുഖപുത്രി’ എന്ന് എന്നെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും എനിക്ക് ചിരിവരാറുണ്ട്. വ്യക്തി ജീവിതത്തില്‍ ചെറുതല്ലാത്ത കുസൃതികള്‍ കൂടെ കൊണ്ടുനടക്കുന്നയാളാണ് ഞാന്‍.
സാമൂഹിക സേവനത്തിലൂടെ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ തയ്യാറാകണമെന്നും മുന്‍ പാർലമെണ്ട് അംഗം കൂടിയായ ശാരദ പറഞ്ഞു. കേരളം എല്ലാ നിലയിലും വ്യത്യസ്തമായ സംസ്ഥാനമാണ്. പല മേഖലയിലും മാതൃകാപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംസ്ഥാനമാണ് കേരളം.   സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, വിമണ്‍ സെല്‍ ചെയര്‍പേഴ്സണ്‍ ഡോ സോമി കുര്യാക്കോസ്, ഡോ പി ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്
Related News