Thursday
18 Oct 2018

ആഘോഷങ്ങളുടെ അതിര്‍വരമ്പില്‍ ഒരു കൂട്ടം കുരുന്നുകള്‍

By: ശ്യാമ രാജീവ് | Tuesday 14 November 2017 9:55 AM IST

തിരുവനന്തപുരം:

ബാല്യത്തിലെ നിറപ്പകിട്ടാര്‍ന്ന സുദിനം ആഘോഷിക്കാനാവാതെ ഈ ശിശുദിനത്തിലും ഒരു കൂട്ടം കുരുന്നുകള്‍. അനന്തമായ ആകാശമുണ്ടായിട്ടും പറന്നു നടക്കാന്‍ ചിറകുകളില്ലാത്ത കുട്ടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരള മഹിള സമഖ്യ സൊസൈറ്റിയ്ക്കു കീഴിലുള്ള നിര്‍ഭയ അഭയകേന്ദ്രങ്ങളിലുള്ളത്. ബാല്യത്തില്‍ കുട്ടികള്‍ അനുഭവിച്ചറിയേണ്ട സ്വാതന്ത്ര്യത്തിന്റെ ആഘോഷം കൂടിയാണ് ശിശുദിനം. എന്നാല്‍ തന്റേതല്ലാത്ത കാരണത്താല്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഈ കുരുന്നുകള്‍ക്ക് ഈ ശിശുദിനവും നിയന്ത്രണങ്ങളുടെ ആഘോഷമാണ്. പഠിക്കാന്‍ സൗകര്യമുണ്ടെങ്കിലും മറ്റു കുട്ടികളെപ്പോലെ നെഹറുവിന്റെ വേഷമണിഞ്ഞ് വര്‍ണ്ണക്കടലാസുകള്‍ വാരിവിതറി ആഘോഷമേളങ്ങള്‍ക്കൊപ്പം പങ്കെടുക്കുവാനുള്ള അവസരം ഇവര്‍ക്കില്ല. ഇന്ന് നാടെങ്ങും ശിശുദിന റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ നിയന്ത്രണത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പരിമിതമായ ആഘോഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവരാണ് നിര്‍ഭയയിലെ കുട്ടികള്‍.

സംസ്ഥാനത്ത് സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കീഴില്‍ 12 നിര്‍ഭയ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന എട്ടു കേന്ദ്രങ്ങളില്‍ 238 പേരാണ് ഉള്ളത്. തിരുവനന്തപുരത്ത് പൂജപ്പുര, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിലായി 101 പേരുണ്ട്. ഇതില്‍ ആറു വയസുള്ള കുട്ടികള്‍ തുടങ്ങി 14 വയസുമുതല്‍ 18 വയസുവരെ പ്രായമായവരാണ് അധികവും. 18 നു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ പ്രസവിച്ചവരുടെ മക്കളും ഈ കേന്ദ്രങ്ങളിലുണ്ട്.

മറ്റു കുട്ടികളെപ്പോലെ പൊതുസമൂഹവുമായി നേരിട്ട് ഇടപെഴകാനുള്ള സ്വാതന്ത്രം ഇല്ലാത്തതിന്റെ വേദന ഈ കുട്ടികള്‍ അനുഭവിക്കുന്നുണ്ടെന്ന് മഹിളാ സമഖ്യ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ പി ഇ ഉഷ പറയുന്നു. ആഘോഷങ്ങളാണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. അവരുടെ പ്രായത്തില്‍ അനുഭവിച്ചറിയേണ്ടതാണ് ശിശുദിനവും അതിന്റെ പ്രാധാന്യവും ആഘോഷവുമെല്ലാം. അതുകൊണ്ടു തന്നെ പരിമിതമായ ആഘോഷങ്ങള്‍ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിനുള്ളില്‍ ശിശുദിന റാലിയും മിഠായി വിതരണവുമെല്ലാം നടക്കും. കുട്ടികളുടെ പുനരധിവാസമാണ് പ്രധാന പ്രശ്‌നമെന്നും ഉഷ പറഞ്ഞു. ഒരോ അഭയകേന്ദ്രങ്ങളിലും 25 കുട്ടികളെയാണ് അധിവസിപ്പിക്കേണ്ടത്. എന്നാല്‍ തലസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലും 30 -ലധികം കുട്ടികളുണ്ട്. കുട്ടികളുടെ നിരക്കിന് ആനുപാതികമായി ഉദ്യോഗസ്ഥരെയും നിയമിക്കേണ്ടതുണ്ട്. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ പലരും ജോലി ഉപേക്ഷിച്ചു പോകുന്ന സ്ഥിതിവിശേഷമാണ്. കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ആവശ്യമുള്ള ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെങ്കില്‍ അത് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ നിര്‍ഭയ കേന്ദ്രങ്ങളില്‍ 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളില്‍ 56 പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുള്ളതെന്ന ഞെട്ടിക്കുന്ന കണക്കാണ് സമഖ്യയ്ക്കു പറയാനുള്ളത്. ഇതില്‍ 60 ശതമാനം കുട്ടികളുടെയും ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ള കുട്ടികള്‍ ട്രൈബല്‍ വിഭാഗത്തിലുള്ളതാണ്. അവര്‍ കുട്ടികളെ ദത്തുനല്‍കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. മറ്റൊന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിര്‍ഭയ കേന്ദ്രങ്ങളിലെത്തിയ കുട്ടികളുടെ കണക്ക് 700 ആണ്. ഇതില്‍ 300 കുട്ടികള്‍ തിരികെ വീടുകളിലേക്കു പോയി. ബാക്കിയുള്ളവര്‍ പല കാരണങ്ങളാലും കേന്ദ്രങ്ങളില്‍ തന്നെ കഴിയുകയാണ്.

പോക്‌സോ കേസുകളില്‍ അന്വേഷണം മികച്ച രീതിയില്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് സമഖ്യയുടെ ആവശ്യം. സുരക്ഷിതത്വമുണ്ടെങ്കിലും വീടുകളിലെ അന്തരീക്ഷം ലഭിക്കാത്തത് കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് കൗണ്‍സിലിംഗും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. പഠിക്കാനുള്ള അവസരത്തിനു പുറമെ കുട്ടികളുടെ മറ്റ് കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. യോഗ ക്ലാസിനു പുറമെ, ആര്‍ട്ട്, ക്രാഫ്റ്റ്, സംഗീതം, നൃത്തം, ബാഗ് നിര്‍മ്മാണം, തയ്യല്‍ പരിശീലനം എന്നിവയെല്ലാം കുട്ടികള്‍ക്ക് നല്‍കുന്നു. കൂടാതെ മാസത്തിലെ ആദ്യ ശനിയാഴ്ച ഓരോ കേന്ദ്രത്തിലും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ വിജയികളായ നാല് പേരെ ഓരോ കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് അവസാന ശനിയാഴ്ച മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. കുട്ടികളെ മാനസികമായി പിന്തുണയ്ക്കുവാന്‍ സമഖ്യ ഇത്തരം ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും നിയന്ത്രണത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാ കാലത്തും കുട്ടികള്‍ക്കു വെല്ലുവിളിയാണെന്നും പി ഇ ഉഷ പറഞ്ഞു.

ഇത് നിര്‍ഭയ കേന്ദ്രങ്ങളിലെ കുട്ടികളുടെ കഥയാണ്. പരിമിതമല്ലാത്ത ആഘോഷങ്ങള്‍ പോലും അനുഭവിക്കാന്‍ അവസരം ലഭിക്കാത്ത എത്രയോ കുട്ടികള്‍ സമൂഹത്തിന്റെ വിവിധ കോണുകളിലുണ്ട്. അവര്‍ക്കെല്ലാം നിറംകെട്ട ഒരു സുദിനം തന്നെയായിരിക്കും ഈ ശിശുദിനം.