Wednesday
22 Aug 2018

സംസ്ഥാനത്ത് 1600ഓളം ഓണം- ബ്ക്രീദ് ചന്തകള്‍

By: Web Desk | Friday 3 August 2018 8:16 PM IST

കൊച്ചി: മലയാളികള്‍ക്ക് ഇത്തവണയും വിലക്കുറവിന്റെ ഓണം സമ്മാനിക്കാന്‍ സംസ്ഥാനത്ത് 1600ഓളം ഓണ- ബക്രീദ് ചന്തകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. വിപുലമായ ഒരുക്കളാണ് ഇതിനോടനുബന്ധിച്ച് നടക്കുന്നത്. 14345 റേഷന്‍കടകള്‍, 1580ല്‍ പരം സപ്ലൈക്കോ- മാവേലി സ്റ്റോറുകള്‍, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ജില്ലാകേന്ദ്രങ്ങളിലും താലൂക്ക്തലത്തിലുമെല്ലാം ഓണം- ബ്ക്രീദ് വിപണന മേള എന്ന പേരില്‍ വിപുലമായിട്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുകയെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം അറിയിച്ചു. സപ്ലൈക്കോ ഉല്‍പ്പന്നങ്ങള്‍ക്കുപുറമെ വിഎസ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, എംപിഐ, വനശ്രീ, മില്‍മ. മത്സ്യഫെഡ്, സാഫ് എന്നിവയും മറ്റു പൊതുമേഖലാസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപണനമേളകളിലൂടെ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ആവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയെല്ലാം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെട്ടിട്ടുണ്ട്. ഏറ്റവും ഗുണമേന്മയുള്ള അരിയാണ് കുറഞ്ഞവിലയില്‍ ഓണം- ബക്രീദ് ചന്തകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ഈ അരി തന്നെയായിരിക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യുക. കൂടാതെ ഓണത്തോടുബന്ധിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കില്‍ നല്‍കും. എഎവൈ കുടുംബങ്ങള്‍ക്ക് ഇത് തുടര്‍ന്നും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. എഎവൈ കാര്‍ഡുടമകള്‍ക്ക് ആവശ്യസാധനങ്ങടങ്ങിയ ഓണക്കിറ്റും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പാടെ അവഗണിക്കുകയായിരുന്നു. എന്നാലും ലഭിക്കുന്ന ധാന്യം പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കാന്‍ റേഷന്‍രംഗം സുതാര്യവത്കരിച്ചതിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. റേഷന്‍ കടകളില്‍ ഇലക്‌ട്രോണിക് സംവിധാനവുമായി ബന്ധപ്പെട്ട പുതിയ സെര്‍വര്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.

Related News