Saturday
23 Jun 2018

ഓണം ഓര്‍മയും വര്‍ത്തമാനവും

By: Web Desk | Sunday 3 September 2017 10:43 PM IST

ഗൃഹാതുരമായ ഓര്‍മകളുമായി മലയാളികള്‍ വീണ്ടുമൊരു ഓണമാഘോഷിക്കുകയാണ്. പുരാണവും ചരിത്രവും ഇഴ പിരിഞ്ഞുനില്‍ക്കുന്ന ഒരു ഭൂതകാലത്തിന്റെ ഓര്‍മകളാണ് ഓണത്തിലൂടെ പുനര്‍ജനിക്കുന്നത്. അതിന് സമാനമായ ഒരു ഭരണാനുഭവം സമ്മാനിക്കുന്നതായിരുന്നു കേരളീയരെ സംബന്ധിച്ച് ഇത്തവണത്തെ ഓണക്കാലം.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രിതവും സമഗ്രവുമായ നയങ്ങളുടെ ഫലമായി വിലക്കയറ്റം വലിയ ബാധ്യതകളൊന്നും പൊതുജനത്തിന് മേല്‍ വരുത്തിയിട്ടില്ലാത്ത ഒരനുഭവം കൂടിയാണ് ഇത്തവണത്തേത്.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച നയങ്ങളുടെ ഫലമായി വലിയ പ്രയാസങ്ങള്‍ നേരിടുമായിരുന്ന ഒരു ജനതയ്ക്ക് തങ്ങളുടെ ജനപക്ഷ നിലപാടുകളിലൂടെ കൈത്താങ്ങായതിന്റെ അനുഭവം കൂടിയാണത്. സിവില്‍ സപ്ലൈസ്, കൃഷി, സഹകരണ വകുപ്പുകള്‍ ഒരുപോലെ ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടിയ ഓണമായിരുന്നു ഇത്തവണത്തേത്.
നോട്ടുനിരോധനത്തിന്റെ കയ്പ്‌നീര്‍ ഇപ്പോഴും ജനം കുടിച്ചു തീര്‍ന്നിട്ടില്ല. അതൊരു തുഗ്ലക്ക് പരിഷ്‌കാരമായിരുന്നുവെന്ന് അടിവരയിട്ട് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ജൂലൈ ഒന്നു മുതല്‍ ധൃതിപിടിച്ച് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുത്തിയതിന്റെ ദുരിതങ്ങളും പെയ്തു തീര്‍ന്നിട്ടില്ല. എന്നുമാത്രമല്ല ഓരോ ദിവസം കഴിയുന്തോറും അതിന്റെ കുരുക്കുകള്‍ മുറുകുകയുമാണ്. വില കുറയുമെന്ന് പ്രവചിച്ചിരുന്ന നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കയറുന്ന സ്ഥിതിയായിരുന്നു സംജാതമായത്.
പ്രതിസന്ധിയെ രൂക്ഷമാക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് എന്നിട്ടും കേന്ദ്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാചകവാതക സിലിന്‍ഡറിന് വിലകൂട്ടിയത് അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു. അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം തലയ്ക്കുമീതെ തൂങ്ങിനില്‍ക്കുമ്പോഴാണ് സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിന്‍ഡറുകള്‍ക്ക് വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ പുതിയ ബാധ്യത അടിച്ചേല്‍പ്പിച്ചത്.
ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതു വഴിയുണ്ടായ ബാധ്യതയും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു. ഇപ്പോള്‍ തന്നെ ആറുരൂപയിലധികം വര്‍ധിച്ചു കഴിഞ്ഞു. അങ്ങനെ വിലക്കയറ്റം രൂക്ഷമാക്കുന്ന സമീപനങ്ങളാണ് കേന്ദ്രം സ്വീകരിച്ചത്. ഭക്ഷ്യ സബ്‌സിഡിയും ആനുകൂല്യങ്ങളും കുറേയധികം സാധാരണക്കാര്‍ക്ക് അന്യമാക്കുന്നതിനുള്ള സമീപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ഈയൊരു പശ്ചാത്തലത്തില്‍ വന്നെത്തിയ ഓണത്തെ വിലക്കയറ്റമില്ലാതെ ആഘോഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു എന്നത് ഓരോ മലയാളിക്കും അനുഭവവേദ്യമായ കാര്യമാണ്. മാസങ്ങള്‍ക്കു മുമ്പ് തന്നെ കൂടുതല്‍ അരി ഉല്‍പാദനം നടക്കുന്ന ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ചെന്ന് സംസാരിച്ച് അരി എത്തിക്കുന്നതിന് ധാരണയുണ്ടാക്കി. അതുവഴി 50,000 ടണ്‍ അരിയാണ് ഓണക്കാലത്തേയ്ക്ക് മാത്രമായി കേരളത്തിലെത്തിച്ചത്. അതിന് പുറമേ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് സഹകരണ വകുപ്പും സംസ്ഥാനത്തേയ്ക്ക് അരി എത്തിച്ചു. വിലകുറച്ച് ഓണച്ചന്തകള്‍ വഴി ജനങ്ങള്‍ക്കെത്തിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികം വില്‍പനയാണ് ഓണച്ചന്തകള്‍ വഴി ഉണ്ടായത്.
വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി വിപുലമായ പദ്ധതികളാണ് കൃഷിവകുപ്പും നടപ്പിലാക്കിയത്. ഉല്‍പാദനം കൂടിയിട്ടും പ്രതിസന്ധി നേരിടുന്ന ഉത്തരേന്ത്യയിലെ കര്‍ഷകരില്‍ നിന്ന് വ്യത്യസ്തമായി കൂടെ നില്‍ക്കുന്നൊരു സര്‍ക്കാരുണ്ടെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പിനൊപ്പം നില്‍ക്കാന്‍ ചെറുതും വലുതുമായ എല്ലാ കര്‍ഷകരും കുടംബശ്രീ പോലുള്ള സംരംഭങ്ങളും പൊതു ജനങ്ങളും സന്നദ്ധമായി. അതുകൊണ്ടു തന്നെ കേരളത്തിനാവശ്യമായതില്‍ വലിയൊരു പങ്ക് പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാനും നമുക്കായി.
പണിമുടക്കും അവകാശസമരങ്ങളും ഇല്ലാത്ത ഓണക്കാലം കൂടിയാണ് ഇത്തവണത്തേത്. താല്‍ക്കാലിക, ദിവസവേതന ജീവനക്കാര്‍ക്കുപോലും യഥാസമയം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധരായി എന്നതുകൊണ്ടുതന്നെ സ്വകാര്യ സ്ഥാപനങ്ങളും തൊഴിലാളി സൗഹൃദ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. അതെല്ലാംകൊണ്ടാണ് ഇത്തവണത്തെ ഓണം സമൃദ്ധമായി ആഘോഷിക്കാന്‍ മലയാളിക്ക് അവസരമൊരുക്കിയത്. ഇത് ഒരു ഓണക്കാലത്തിന്റെ മാത്രം പ്രത്യേകതയായിക്കൂടാ. എല്ലാ കാലവും ഓണം പോലെ ജീവിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ ഓണം എല്ലാവരോടും ആവശ്യപ്പെടുന്നത്. കൂട്ടായ്മയിലൂടെ അത് നേടിയെടുക്കാന്‍ സാധിക്കുമെന്നത് ഒരിക്കല്‍ കൂടി നമ്മുടെ അനുഭവമായിരിക്കുന്നു. അത് തുടര്‍ന്നുകൊണ്ടുപോകാന്‍ ഈ ഓണം പ്രേരണയാകട്ടെ. എല്ലാ മലയാളികള്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

 

Related News