Wednesday
22 Nov 2017

ഓണത്തിന് മാറ്റുകൂട്ടി കൊല്ലം അരിനല്ലൂർ കരടികളി മേള

By: സുരേഷ് ചൈത്രം | Saturday 2 September 2017 1:03 PM IST

കൊല്ലം: ജില്ലയിലെ പ്രശസ്തമായ അരിനല്ലൂർ കരടികളി മേളയും കരടികളി മത്സരവും കഴിഞ്ഞ ദിവസം അരങ്ങേറി. കരടികളി പലസ്ഥലത്തും ഉണ്ടെങ്കിലും തെക്കൻ കേരളത്തിന്റെ തനത് നാടൻ കലാരൂപം എന്നരീതിയിൽ തേവലക്കരയിലെ അരിനല്ലൂർ ഗ്രാമത്തിലാണ് ഇപ്പോഴും ഇത് കൊണ്ടാടുന്നത്. അരിനല്ലൂർ ജവഹർ ലൈബ്രറിയുടെയും കരടികളി സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ് കരടികളി മേള സംഘടിപ്പിച്ചത്. ഫോക്ക്‌ലോർ അക്കാദമിയുടെ നാടൻകലാ അവാർഡ് കരസ്ഥമാക്കിയ മണക്കാട് തങ്കപ്പൻ പിള്ളയെ കരടിവേഷധാരികളുടെ അകമ്പടിയോടെ പടപ്പനാലിൽ നിന്നും ഘോഷയാത്രയോടെ അരിനല്ലൂർ കരടികളി വേദിയിൽ എത്തിച്ചു. മുതിർന്ന കരടികളി കലാകാരൻമ്മാരായ കുളങ്ങര രാഘവൻ,രവീന്ദ്രൻ പിള്ള , ദിവാകരൻ എന്നിവരെയും ആദരിച്ചു .അതിനു ശേഷം കരടികളി മേളയും മത്സരവും നടന്നു. കുട്ടികൾക്കായി പ്രത്യേക മത്സരവും ഉണ്ടായിരുന്നു. നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

നാടൻ പാട്ട് കലാകാരന്മാരുടെ കരടിപ്പാട്ടിന്റെ അകമ്പടിയോടെ ആരംഭിച്ച ഓരോകളിയും ഹർഷാരവത്തോടെയാണ് ജനാവലി ഏറ്റെടുത്തത്. കരടികളിയുടെ താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മുതിർന്നവരും കുട്ടികളും എത്തിയത് മേളയ്ക്ക് മാറ്റുകൂട്ടി. അന്യം നിന്ന ഒരു കലാരൂപത്തെ കൈപിടിച്ച് ഉയർത്താനുള്ള അരിനല്ലൂർ ഗ്രാമത്തിന്റെയും ജനങ്ങളുടെയും പരിശ്രമം വിജയം വരിച്ചു എന്നത് കരടികളി മേളയിലെ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, റിട്ട. എസ് പി ഗോപാലകൃഷ്ണ പിള്ള ,അഡീഷണൽ സെക്രട്ടറി ടി.വേണുഗോപാൽ ,മഹേഷ് അരിനല്ലൂർ ,ബിജു,മോഹൻ ചവറ എന്നിവർ പങ്കെടുത്തു .കരടികളി വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി

 

 

 

Related News