Friday
14 Dec 2018

‘എങ്ങുപോയെങ്ങുപോയെന്റെ ‘എങ്ങുപോയെങ്ങുപോയെന്റെ പൂക്കാലം….’

By: Web Desk | Sunday 3 September 2017 11:20 PM IST

ചിങ്ങപ്പുലരിയും ഓണനിലാവുംകൊണ്ട് മലയാളിയെ വയറു നിറയെ ഊട്ടിയിട്ടുണ്ട് നമ്മുടെ കവികള്‍. പുന്നെല്ലരിച്ചോറിന്റെ മണവും സുഗന്ധവുമുള്ള കണ്ണാന്തളിയും തുമ്പയും മുക്കൂറ്റിയുമൊക്കെ അവരുടെ കവിതക്കൂടില്‍ നിറഞ്ഞു കിടന്നു. അവ ഓരോന്നും പെറുക്കിയെടുത്ത് സുന്ദരമായ കവിതകള്‍ ചമച്ചു. ചിലര്‍ക്ക് ഓണം ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മച്ചെപ്പാണ്. മറ്റു ചിലര്‍ക്ക് നിലാവുപോലെ പെയ്തിറങ്ങുന്ന നന്മയുടെ പ്രകാശമാണ്. ഗ്രാമത്തിന്റെ വിശുദ്ധിയും പ്രകൃതിയുടെ സമ്മോഹനതയും ഇഴചേര്‍ന്നുകിടക്കുകയാണ് കവിതകളില്‍. കര്‍ക്കടകക്കരിവാവില്‍ തെളിവുറ്റ ചിങ്ങപ്പുലരിയെ സ്വപ്‌നം കാണാന്‍ നമ്മെ പഠിപ്പിച്ചത് പോയകാല കവികളാണ്.

വൈലോപ്പിള്ളി, ബാലാമണിയമ്മ, ഒഎന്‍വി, ഇടശ്ശേരി, പി കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ, വയലാര്‍, കക്കാട് തുടങ്ങിയവരുടെ കവിതകളിലൂടെയാണ് ഓണം മലയാളിക്ക് ഇത്രമേല്‍ ഗൃഹാതുരമായത്. മൃണ്‍മയാകാരത്തില്‍ ഈശ്വരനെകാണിക്കുന്ന കാലത്തിന്റെ കണ്ണുനീര്‍ തോരുന്ന വേള ‘അത്തമാണത്തമാണാദ്ദിനത്തി- ലത്തലിങ്ങാലയം വിട്ടുപോണം പത്തുനാളേവര്‍ക്കും ചിത്തതാരില്‍ മുത്തണിയിക്കുന്നൊരോണമെത്തി'(ചങ്ങമ്പുഴ-പൂക്കളം)ഖേലനലോലരായ് ബാലര്‍ കോലാഹലങ്ങള്‍ തുടങ്ങിയ മുറ്റത്തെ പൂക്കളം ചിത്തത്തിലൊരായിരം ചിന്ത നല്‍കിയ കാലം. മര്‍ത്ത്യനെ തൃപ്തനാക്കാന്‍ വിശ്വപ്രകൃതിയെ അണിയിച്ചൊരുക്കുന്ന കാലം. ”മുക്കുറ്റി മന്ദാരം ചെങ്കുറുഞ്ഞി മുറ്റം പലതരം പുഷ്പജാലം”എന്നു ഗന്ധര്‍വ്വകവി പാടുമ്പോള്‍ പൂവിടര്‍ത്തും പ്രകൃതി മനുഷ്യ പൂര്‍ണ്ണതയില്‍ പുളകമേലുകയാണ് വൈലോപ്പിള്ളിക്കവിതയില്‍.

”വില്ലുകൊട്ടി ഘണഘണനാദം സല്ലിലം ശ്രുതി പുടമണവൂ…” എന്ന് ഇടശ്ശേരി ഓണനാദം കൊഴിപ്പിക്കുമ്പോള്‍, പണ്ടു ചരിത്രമുദിക്കും മുമ്പ് മതങ്ങള്‍ കരഞ്ഞു പിറക്കും മുമ്പൊരു മന്നവര്‍ മന്നന്‍ വാണചരിതത്തിന്റെ ചുരുളഴിയുകയായി. ‘നാടടക്കി ഭരിച്ചവര്‍ നന്മവളര്‍ത്തിയോര്‍ കോടി- കോടിഭൂപര്‍ ദേവാംശങ്ങള്‍ വിസ്മൃതരായ് പോയ് അനശ്വരധര്‍മ്മത്തിനായ ശേഷസത്യാഗം ചെയ്‌തോ- രസുര സമ്രാട്ടേ നമുക്കര്‍ച്ചനാര്‍ഹനായ്'(ബാലാമണിയമ്മ-ഓണം)എന്നുപാടിയ മഹാബലിയെ വയലാര്‍ വര്‍ണിച്ചത്; ‘ ദേവനല്ലന്തണനല്ല, മഹര്‍ഷിയ- ല്ലീ മണ്ണുപെറ്റമനുഷ്യന്‍ മഹാബലി ഇപ്രപഞ്ചത്തിലേക്കാദ്യമായെത്തിയ വിപ്രനാണെന്നെക്കളിപ്പിച്ച വാമനന്‍ ‘ (മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം)എന്നാണ്.  അങ്ങനെ മലര്‍ക്കളമെഴുതി നാം കാത്ത ആ മഹാബലി ഹൃദയനിമിന്ത്രിത സുന്ദരതത്ത്വമായി, ത്യാഗത്തില്‍ വേദിക്കുമേല്‍ വെച്ച ദീപം പോലെ കടന്നുവരുമ്പോള്‍, ഉഷസ്സ് ഓണക്കോടിയുടുക്കുന്നു അലകടലുകള്‍ ആര്‍പ്പുവിളിക്കുന്നു. നിരവധി പുരുഷായുസ്സിന്നപ്പുറത്തു നിന്ന് ഓണസ്മൃതികള്‍ വീണ്ടും തെളിവുറ്റുവരുന്നു. ഇതെല്ലാം കണ്ടുരസിച്ച് മലയാളത്തറവാട്ടിന്നങ്കണത്തില്‍, നാം മലര്‍ക്കളമെഴുതിക്കാത്ത ആ അരചന്‍ സുന്ദരസ്മിതം പൊഴിക്കുന്നു. ഉറുമ്പുകളും അടുക്കള ജാലകത്തില്‍ നൂണുകടക്കുന്ന കാക്കകളും മനുഷ്യരോടൊപ്പം ഓണമുണ്ട് തൃപ്തിയടയുന്നു. ‘മാലോകരെല്ലാമൊന്നുപോലെ’ എന്നുപാടിയെങ്കിലും ഓണനാളില്‍ ഊണിനെത്താമെന്നേറ്റിട്ട് ഓമനത്തോഴന്‍ വരാഞ്ഞതെന്തേ? അരിവാളും തിരുകിക്കൊണ്ടാവയലില്‍ പണിചെയ്യും ചെറുമന്മാര്‍ക്കവലയിലെന്താസ്വദിക്കാന്‍ ? ജാതീയതയാണ് ഈ രണ്ടു സന്ദര്‍ഭത്തിലും ഓണത്തിന്റെ മഹനീയത ഒരുകൂട്ടര്‍ക്ക് അന്യമാക്കിയത് എന്ന സത്യവും അവര്‍ തങ്ങളുടെ കവിതകളിലൂടെ ഉറക്കെപാടി . പുതുതലമുറ പരിഹസിച്ചാലും ഓണമെന്ന മധുരോദാര വികാരത്തെയും മാവേലിയുടെ അപദാനങ്ങളെയും അവര്‍ അരുമയോടെ വാഴ്ത്തിപ്പാടി . ‘വരദമായ തിരുനാളും ഉറ്റമഹോത്സവുമായ പൊന്നോണമേ നീ വരിക; മലനാട്ടില്‍ മക്കള്‍ക്കു നിന്‍ തിരുവരവാഘോഷിക്കാന്‍ ത്വരയുണ്ടെന്നിന്നും’ എന്നും തൊഴിലാളിയുടെ വിജയമാണ് ഈ ഉത്സവമെന്നും അവര്‍ ഒരേ മനസ്സോടെ പാടി. ഓണത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഓണത്തിനു സംഭവിച്ചേക്കാവുന്ന അപചയത്തെയും അവര്‍ മുന്‍കൂട്ടി കണ്ടു. ‘എങ്ങുപോയെങ്ങുപോയെന്റെ പൂക്കാലം, അമ്പാര്‍ന്നു കൂടെക്കളിച്ച തുമ്പികളെന്നെ പരിഹസിക്കുന്നു’ എന്നു പി എഴുതുമ്പോള്‍, ‘എണ്ണമില്ലാതാണ്ടുകള്‍ പിന്നിട്ടു പിന്നെയും നീ മുന്നില്‍ നില്‍ക്കെ, നിന്‍ കാല്‍ക്കലര്‍പ്പിക്കാന്‍ ഞങ്ങള്‍ക്കിന്നില്ലല്ലോ നിസ്വാര്‍ഥമായൊരു ചിന്ത പോലും’ എന്ന് ബാലാമണിയമ്മ കേഴുന്നു. എങ്കിലും ഓണം പ്രതീക്ഷകളുടെതാണ്. പുരാതനകിഞ്ചനകാലം പുല്‍കിയ കണ്ണാല്‍ ഭാവിയുരുത്തിരിയുന്ന വിദൂരതയിങ്കലുമൊരു തിരുവോണം കാണാന്‍ നാം കാത്തു നില്‍ക്കുന്നു. നന്ദിയോടെ നാമതിനെ വരവേല്‍ക്കുന്നു.  ”കാലത്തിന്‍ കവലകള്‍  തോറുമീ നാടിന്നൈക്യ കാഹള മുയര്‍ന്നെങ്കി- ലോണപ്പാട്ടുകളായി” (വയലാര്‍- ഓണവില്ലടിക്കുക)എന്ന് വയലാറിനൊപ്പം നാമും ഈ ഓണക്കാലത്ത് ആശിക്കുന്നു.