Saturday
21 Oct 2017

ഓണം മെഗാ ഫെയർ: ഇതുവരെ നാലര കോടി വിറ്റുവരവ്

By: Web Desk | Wednesday 30 August 2017 7:53 PM IST

സംസ്ഥാന സര്‍ക്കാര്‍  ആരംഭിച്ച ഓണം മെഗാ ഫെയറുകളില്‍ ഇതുവരെ നാലര കോടി രൂപയുടെ വിറ്റുവരവ് നടന്നതായി സംസ്ഥാന ഭക്ഷ്യ വകുപ്പു മന്ത്രാലയം അറിയിച്ചു. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ എല്ലാ ഉത്പന്നങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ അഞ്ച്-പത്ത് ശതമാനം വിലക്കുറവുണ്ട്.

പച്ചക്കറികള്‍ പൊതുവിപണിയേക്കാള്‍ 5 മുതല്‍ 10 ശതമാനം വരെ സബ്‌സിഡിയില്‍ സപ്‌ളൈക്കോ ഓണച്ചന്തകളില്‍ ലഭ്യമാണ്. 5.95 ലക്ഷം ഓണക്കിറ്റ് എ എ വൈ കാര്‍ഡ് ഉടമകള്‍ക്കു നല്‍കി. എല്ലാ സപ്‌ളൈക്കോ വില്‍പ്പനശാലകളും ഓണച്ചന്തകള്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു. റേഷന്‍ കടകള്‍ വഴി 80.18 ലക്ഷം കാര്‍ഡുകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപക്കു നല്‍കുന്നുണ്ട.് 27.53 കോടി രൂപയാണ് ഇതിനുള്ള സര്‍ക്കാര്‍ ചെലവ്.
സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോഗ്രാം സൗജന്യ അരി വിതരണം ചെയ്തുവരുന്നു.

പൊതുവിപണിയില്‍ 35 രൂപ വരുന്ന അരിയാണ് ഇപ്രകാരം വിതരണം നടത്തുന്നത്. പട്ടികവര്‍ഗ വികസനവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 850 രൂപയുടെ 153957 ഓണക്കിറ്റുകള്‍ നല്‍കി.
ആന്ധ്ര സര്‍ക്കാറുമായി ധാരണയുണ്ടാക്കിയ പ്രകാരം 5000 ടണ്‍ അരിയാണ് കേരളത്തിലേക്ക് ഇടനിലക്കാരില്ലാതെ എത്തിച്ചത്. റേഷന്‍ കാര്‍ഡ് വിതരണം 93 ശതമാനം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സ്വയം സറണ്ടര്‍ ചെയ്ത കാര്‍ഡുകള്‍ 86302 എണ്ണം കവിഞ്ഞു. വകുപ്പുതല അന്വേഷണത്തില്‍ ഒരു ലക്ഷം പേരെക്കൂടി ഒഴിവാക്കി. സെപ്തംബര്‍15നു മുമ്പു മുഴുവന്‍ പേരും ഒഴിവാകും.

റേഷന്‍ കടയുടമകള്‍ പാന്‍ നമ്പര്‍ ഹാജരാക്കുന്ന മുറയ്ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ കമ്മീഷന്‍ തുക എത്തിച്ചേരുന്നതാണ്. എല്ലാ റേഷന്‍ കടകളിലും ഓണത്തോടനുബന്ധിച്ച് പ്രത്യേകമായി കാര്‍ഡൊന്നിന് അഞ്ചു കിലോ ധാന്യം നിര്‍ദ്ദിഷ്ട നിരക്കില്‍ അനുവദിച്ചു. 154 ലക്ഷം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നതിനു പുറമേ ആണിത്.
വിശപ്പു രഹിത കേരളം പദ്ധതിയുടെ പൈലറ്റ് പദ്ധതി തിരുവനന്തപുരത്തും ആലപ്പുഴയിലും നടത്തുവാന്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകളുടെയും ഭക്ഷ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു സമിതിയായിരിക്കും ഇതു നിര്‍വഹിക്കുക.