Monday
25 Jun 2018

പ്രകൃതി തളിരിടും ഓണക്കാലം

By: Web Desk | Tuesday 29 August 2017 8:06 PM IST

സി സുശാന്ത്

വീണ്ടുമൊരു ഓണക്കാലം മലയാളിയെ തേടിവരികയാണ്. ഓണക്കാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും കാലമാണ്. ഇടവപ്പാതിയും കര്‍ക്കിടകവും കടന്നെത്തുന്ന ചിങ്ങമാസത്തിലെ പ്രകൃതിക്ക് തന്നെ വ്യത്യാസമുണ്ട്. പ്രകൃതി തളിരിടുകയും പുല്‍ക്കൊടികള്‍പോലും പൂവിടുകയും ചെയ്യുന്ന കാലമാണ് ഓണക്കാലം. പ്രകൃതിയുടെ ഏറ്റവും മനോഹരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാലമായതുകൊണ്ടാണ് പഴമക്കാര്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല കാലമായി ഓണക്കാലത്തെ വരവേറ്റത്.
വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് ഇടവപ്പാതി, മഴക്കാലവുമായി എത്തുമ്പോള്‍ പ്രകൃതിയുടെ വരള്‍ച്ചയിലേക്ക് നനവുമായി മഴത്തുള്ളികള്‍ ആര്‍ത്തിരമ്പുന്നു. ഈ മഴത്തുള്ളികളുടെ മാന്ത്രിക സ്പര്‍ശം മൂലം അതുവരെ സുഷുപ്തിയിലായിരുന്ന കരിഞ്ഞുണങ്ങിയ സസ്യങ്ങളില്‍ പുതുനാമ്പുകള്‍ മുളപൊട്ടുന്നു. തളിരിലകള്‍ തഴ്ച്ചു തുടങ്ങുന്നു. വരണ്ട വറുതിയുടെ തവിട്ടുനിറത്തിനുപകരം സമൃദ്ധിയുടെ പച്ചപ്പുതപ്പു പുതയ്ക്കുന്ന പ്രകൃതിയുടെ ഈ മാറ്റം അവര്‍ണനീയമാണ്.
പൊന്തകളിലും മേടുകളിലും ചെടികളൊക്കെ തളിരിടുകയും വളരുകയും ചെയ്യുന്നു. കുറ്റിക്കാടുകളിലും തുറസായ ഇടങ്ങളിലുമുള്ള കാട്ടുചെടികള്‍ പൂക്കുവാന്‍ തുടങ്ങുന്നു. ഓണക്കാലം പ്രകൃതിയുടെ വസന്തകാലം കൂടിയാണ്. കേരളീയരുടെ വസന്തകാലം. തൊടിയിലെ തുമ്പയും തെറ്റിയും മുക്കുറ്റിയും രാജമല്ലിയും മന്ദാരവും ചെമ്പരത്തിയുമൊക്കെ പൂക്കളാല്‍ നിറയുന്നു. പറമ്പിലാകട്ടെ വെള്ള പൂക്കുലകളുമായി പെരുവല്ലവും മഞ്ഞകോളാമ്പിയും നാല് മണി പൂക്കളുമൊക്കെ ഇതള്‍ വിടര്‍ത്തുന്നു. ഗ്രാമങ്ങളിലെ തുറസായ സ്ഥലങ്ങളില്‍ ചിരവ പൂവും അരിപ്പൂ ചെടിയുമൊക്കെ പൂത്തുലയുന്നു.
പ്രകൃതിയുടെ ഈ പൂക്കാലം ആഘോഷിക്കുന്നത് പ്രകൃതിയിലെ പറക്കും രത്‌നങ്ങളായ ചിത്രശലഭങ്ങളാണ്. ഭാരതത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ തിളങ്ങുന്ന സ്വര്‍ണം കവര്‍ന്ന മഞ്ഞനിറവും, മിന്നുന്ന കറുപ്പു നിറവുമണിഞ്ഞ ഗരുഡ ശലഭങ്ങള്‍ വലിയ ചിറകുകളിളക്കി വീട്ടുവളപ്പിലെ ചെമ്പരത്തി പൂവില്‍ നിന്നും തെറ്റി പൂക്കുലകളില്‍ നിന്നും തേന്‍നുകരുവാന്‍ പതിവായി ഇക്കാലങ്ങളില്‍ എത്തുന്നു. കൃഷ്ണവര്‍ണമണിഞ്ഞ നീല ചിറകുകള്‍ വീശി വലിപ്പത്തില്‍ രണ്ടാമനാകുന്ന കൃഷ്ണശലഭവും ഇക്കാലങ്ങളില്‍ തേനുണ്ടു പാറിനടക്കുന്നു. പിന്‍ചിറകില്‍ നീണ്ടകിളിവാലും കറുത്ത ചിറകില്‍ ചുവന്ന പൊട്ടുകളുമുള്ള നാട്ടുറോസ്, ചുവപ്പു പൊട്ടുകള്‍ വാരിയണിഞ്ഞ ചിതരറോസ്, മിന്നുന്ന പച്ച നിറം വായുവില്‍ മിന്നിച്ച് തേന്‍നുകരുന്ന വിറവാലന്‍, കറുത്ത ചിറകിലെ മുട്ടയുടെ ആകൃതിയുള്ള വയലറ്റും നീലയും വലയമണിഞ്ഞ വെള്ള പുള്ളികള്‍ പ്രദര്‍ശിപ്പിച്ച് തേന്‍നുകരുന്ന വലിയ മുട്ട ശലഭം, നീലക്കടുവ, ചെമ്പുള്ളിശലഭം ഇവയൊക്കെ ഉത്സാഹത്തോടെ പറന്നു നടക്കുന്നു.
കാനനങ്ങളിലാകട്ടെ കാനനറോസ്, കാനനറാണി, സഞ്ചാരി ശലഭം, നീര്‍മാതള ശലഭം, വനറാണി, സുവര്‍ണ ശലഭം എന്നിവയൊക്കെ പൂന്തേനുണ്ണാന്‍ പാറിനടക്കുന്നു. ചിത്രശലഭങ്ങളുടെ ഉത്സവകാലം കൂടിയാണ് ഓണക്കാലം.
ഓണസങ്കല്‍പങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നവരാണ് ഓണത്തുമ്പികള്‍. ഓണപ്പാട്ടുകളില്‍ ഇവയ്ക്ക് പ്രതേ്യക സ്ഥാനമുണ്ട്. ഓണക്കാലത്ത് ചിത്രശലഭങ്ങളെ കൂടുതലായി കാണുന്നതുപോലെ തുമ്പികളേയും കാണാറുണ്ട്. ചിത്രശലഭങ്ങളെ പോലെ ചിറകു വിടര്‍ത്തി ചിറകിലെ മഞ്ഞയും കറുപ്പും പുള്ളികള്‍ പ്രദര്‍ശിപ്പിച്ച് തെന്നിത്തെന്നി പുല്‍നാമ്പുകള്‍ക്ക് മീതേ സംഘമായി പറന്നുനടക്കുന്ന ചിത്രത്തുമ്പിയാണ് ഓണത്തുമ്പികളില്‍ പ്രധാനി. ഓണക്കാലത്ത് ഇളം പുല്‍നാമ്പുകളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ സാവധാനം പറക്കുന്ന ഈ ഓണത്തുമ്പി ഓണക്കാലത്തിന് മിഴിവേകുന്നു. ആഫ്രിക്കയില്‍ നിന്നും സമുദ്രങ്ങള്‍ താണ്ടി ദേശാടനം നടത്തി നമ്മുടെ നാട്ടിലെത്തുന്ന സഞ്ചാരിത്തുമ്പിയാണ് മറ്റൊരു ഓണത്തുമ്പി. മണ്‍സൂണ്‍ മഴമേഘങ്ങളോടൊപ്പം സഞ്ചരിച്ച് കേരളത്തിലെത്തുന്ന സഞ്ചാരിത്തുമ്പിയുടെ നൂറോ അതില്‍ കൂടുതലെണ്ണമോ ഓണക്കാലത്ത് നമ്മുടെ പറമ്പുകള്‍ക്ക് മീതേ അക്ഷീണരായി പറന്നുനടക്കുന്നത് കാണാം. ചുവപ്പും മഞ്ഞയും നിറമാര്‍ന്ന ഈ തുമ്പികള്‍ കൂട്ടത്തോടെ പറക്കുന്നതുകണ്ടാല്‍ ഓണമെത്തിയെന്നായിരുന്നു വിശ്വാസം. കുട്ടിക്കാലത്ത് ഓണത്തുമ്പികളെക്കണ്ടാല്‍ അവയോടൊപ്പം കളിച്ചു രസിക്കുവാന്‍, ഓണം അവധിക്കാലം പെട്ടെന്നെത്തുവാന്‍ പ്രാര്‍ഥിക്കുമായിരുന്നു.
പ്രകൃതിയിലെ തൂവല്‍ക്കുപ്പായക്കാരായ പക്ഷികളും ഓണസങ്കല്‍പത്തിന് ചാരുതയേകുന്നു. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പറന്നുനടക്കുന്ന മഞ്ഞക്കിളികളെയാണ് ഓണക്കിളിയായി സങ്കല്‍പിച്ചിരിക്കുന്നത്. ഇവയുടെ തിളങ്ങുന്ന മഞ്ഞനിറവും ചുവന്ന ചുണ്ടുമൊക്കെയാകാം ഇവയെ ഓണക്കിളിയായി ചിത്രീകരിക്കുന്നത്. വയലേലകളിലൂടെ നെല്‍ക്കതിരുമായി പാറിപറക്കുന്ന പച്ചത്തത്തകളും പൂന്തത്തകളും ഓണത്തിന്റെ വിരുന്നുകാരാണ്. കേരളത്തില്‍ ദേശാടനപ്പക്ഷികള്‍ വിരുന്നിനെത്തിത്തുടങ്ങുന്നതും ഓണക്കാലത്താണ്. ഇങ്ങനെ പ്രകൃതിയുടെ ഉത്സവക്കാലമായി ഓണക്കാലം പരിണമിച്ചിരിക്കുന്നു.
ഓണക്കാലത്ത് പ്രകൃതി തളിരിടുകയും പൂവിടുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി കേരളത്തിന്റെ കാലാവസ്ഥയിലുണ്ടായിട്ടുള്ള വ്യതിയാനം പ്രകൃതിയുടെ താളം തെറ്റിക്കുകയാണെന്ന് പറയാതെ വയ്യ. കാലംതെറ്റിയുള്ള മഴ, തുടര്‍ച്ച നഷ്ടപ്പെടുന്ന ഇടവപ്പാതി മഴ, കേരളത്തിനെ കഴിഞ്ഞ രണ്ട് വര്‍ഷമായി കൈവിട്ടുകൊണ്ടിരിക്കുന്ന മണ്‍സൂണ്‍മഴകള്‍, അന്തരീക്ഷത്തിന്റെ ചൂട് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയും മറ്റും പ്രകൃതി മലയാളികള്‍ക്കായി ഒരുക്കുന്ന ഓണക്കാഴ്ചകളുടെയും താളം തെറ്റിക്കുന്നു. കാലം തെറ്റി മഴ സഞ്ചരിക്കുമ്പോള്‍, മഴയുടെ കണ്ണി അറ്റുപോകുമ്പോള്‍, മഴയോടൊപ്പം സഞ്ചരിച്ചെത്തുന്ന ഓണത്തുമ്പികളായ സഞ്ചാരിത്തുമ്പി ഓണം പടിമുറ്റത്തെത്തിയിട്ടും കേരളത്തിലെത്തിയിട്ടില്ല. ഇതെഴുതുമ്പോള്‍ തിരുവനന്തപുരത്തെ വെള്ളയാണി-പുഞ്ചക്കരി തണ്ണീര്‍ത്തടങ്ങളിലെത്തിയ ഏകനായ സഞ്ചാരിത്തുമ്പിയെക്കുറിച്ചോര്‍ക്കുന്നു. ആയിരക്കണക്കിനെത്തേണ്ട സമയത്താണ് ഏകനായ ഓണത്തുമ്പി എന്നത് ആശങ്കയുണര്‍ത്തുന്നു.
കേരളത്തിന്റെ വസന്തകാലമായ ഓണക്കാലവും വരളുകയാണോ? നാം കേരളീയര്‍ ഓരോരുത്തരും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതാണിത്. പ്രകൃതിയെ എങ്ങനെ നശിപ്പിച്ചാലും കുഴപ്പമില്ല എന്ന ചിന്താഗതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നാം നമ്മുടെ പച്ചപ്പുകളെയും തണ്ണീര്‍ത്തടങ്ങളെയും അതിരപ്പള്ളികളേയും സംരക്ഷിച്ചു നിലനിര്‍ത്തിയില്ലെങ്കില്‍ ഓണവും ഓണത്തുമ്പിയും പൂക്കാലവും ഓണക്കിളികളും ശലഭങ്ങളുമൊക്കെ നിറമുള്ള കുറച്ചോര്‍മകള്‍ മാത്രമായിത്തീരും. ഭാവിതലമുറ നമുക്ക് മാപ്പ് തരില്ല.