Saturday
23 Jun 2018

ഓണച്ചിന്തുകള്‍ ഓര്‍മ്മച്ചിന്തുകള്‍

By: Web Desk | Tuesday 29 August 2017 9:19 PM IST

പി കെ സബിത്

ഓരോ ഓണവും മലയാളിയുടെ പ്രതീക്ഷാനിര്‍ഭരതയാണ്. പുരാവൃത്തങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ട കഥാലോകം അതിന്റെ ഭാഗമാണ്. തിരുവോണ നാളില്‍ നമ്മെ കാണാനായി എത്തുന്ന മഹാബലിയുടെ കഥ ഓരോ മലയാളിയുടെയും ആത്മാഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. പ്രജാക്ഷേമ തല്‍പരനായ രാജാവ് ഭരിക്കുന്ന നാളില്‍ ഉള്ളവര്‍, ഇല്ലാത്തവര്‍ എന്ന അന്തരം പോലും ഇല്ലായിരുന്നു. ഓണം നമ്മുടെ മാത്രം സ്വന്തം എന്ന് പറയുന്നതില്‍ അല്‍പം അതിശയോക്തിയുണ്ട്. പുരാവൃത്തങ്ങളും മിത്തുകളും സര്‍വവ്യാപിയായ ഒന്നാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്‍ വി കൃഷ്ണവാര്യര്‍ പറയുന്നത് ഓണം അസീറിയയില്‍ ആരംഭിച്ചു എന്നാണ്. അസീറിയ ഇന്നത്തെ ഇറാഖ് ആണ്. ബലി എന്ന് പേരുള്ള പതിനാലു ചക്രവര്‍ത്തിമാര്‍ ഭരിച്ചിരുന്ന സ്ഥലമാണ് അസീറിയ. ഈ പ്രാചീനമായ ഭരണത്തിന്റെ ഓര്‍മകള്‍ അവിടെ നിന്നും പല ഭാഗത്തേയ്ക്ക് ചിതറിപ്പരന്ന ജനങ്ങള്‍ വഴി കേരളത്തില്‍ എത്തിയതായിരിക്കും. നമ്മുടെ നാട്ടില്‍ അത് പ്രബലമായി തുടര്‍ന്നതാകാമെന്ന് എന്‍ വി സൂചിപ്പിക്കുന്നു. അതുകൊണ്ട് ഓണം ലോകോത്തരമായ പാരമ്പര്യമുള്ള ഒരു ഐതിഹ്യമാണ് എന്ന് കൂടി മനസിലാക്കണം.

വിളവെടുപ്പ് മഹോത്സവം

കേരളത്തില്‍ വിളവെടുപ്പ് മഹോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ പത്ത് ദിവസമാണ് ഓണം. തിരുവോണ നാളിലാണ് ഓണത്തിന്റെ വിപുലമായ ആഘോഷം നടക്കുന്നത്. ഓണത്തിന്റെ ആഗമനം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കയിലേക്ക് യാത്രയായത് തിരുവോണനാളിലാണെന്ന് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തുന്നു. ഈ ദിനത്തിന്റെ ഓര്‍മയ്ക്കായി ഓണം ആഘോഷിച്ചുവരുന്നു. കൈകൊട്ടിക്കളിയും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കടുവാകളിയും വള്ളംകളിയുമെല്ലാം ഓണവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന കളികളാണ്. മലയാണ്മയുടെ സുഗന്ധമുള്ള ഓണപ്പാട്ടുകള്‍ മലയാളിയുടെ ആനന്ദത്തിന് മാറ്റുകൂട്ടുന്നു.

ഓണം വാണിജ്യവല്‍ക്കരിക്കപ്പെടുന്നു

നമ്മുടെ പരമ്പരാഗതമായ ആഘോഷ ശൈലിയില്‍ ഒരുപാട് വ്യതിയാനങ്ങള്‍ ഓണാഘോഷത്തിന് സംഭവിച്ചിട്ടുണ്ട്. വിപണിയുടെ സ്വന്തമായി ഓണം വഴിമാറുന്ന കാഴ്ചയാണത്. ഗൃഹോപകരണങ്ങളായും വസ്ത്രങ്ങളായും ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത് ഓണക്കാലത്താണ്. ആധുനികലോകത്ത് ഓണം എന്നത് മധുരമായ ഓര്‍മ മാത്രമായി മാറുന്നുവോ എന്ന വിലാപവും നാം കേള്‍ക്കുന്നുണ്ട്. ആധികാരിക ഗ്രന്ഥങ്ങളില്‍ ഓണം അനിവാര്യഘടകമായി സ്ഥാനം പിടിച്ചതായി കാണാം. ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ ഓണത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. മലയാളത്തിലെ ഓണച്ചൊല്ലുകള്‍ വളരെ പ്രശസ്തമാണ്. കാണം വിറ്റും ഓണം ഉണ്ണണം, ഓണത്തിനിടയിലോ പുട്ടുകച്ചവടം, അത്തം പത്തോണം, ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി. ഇതിനുപുറമേ ഓണത്തല്ല്, ഓണപ്പാട്ട്, ഓണപ്പുടവ, ഓണപ്പൂ, ഓണവില്ല്, ഓണക്കാഴ്ച തുടങ്ങിയ പ്രയോഗങ്ങളും ഭാഷയിലുണ്ട്. ഓണക്കളി, ഓണക്കാഴ്ച, ഓണക്കോടി, ഓണത്തപ്പന്‍, ഓണത്തരചന്‍, ഓണപ്പുടവ, ഓണപ്പൂവ് എന്നിങ്ങനെ അനന്തമായി നീളുന്ന പദസമ്പത്താണത്.

കുടുംബസംഗമങ്ങള്‍

കേരളീയരെ സംബന്ധിച്ചിടത്തോളം കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്ന ദിനമാണ് ഓണക്കാലം. അത്തം നാള്‍ മുതല്‍ കേരളത്തില്‍ ഓണത്തിന്റെ കേളികൊട്ട് ഉയരുന്നു. അന്നുമുതല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ ഒരുങ്ങുന്നു. ഉത്രാടം മുതല്‍ ചതയം വരെയാണ് പ്രധാന ആഘോഷം. ഉത്രാടം ഒന്നാം ഓണമായും തിരുവോണം രണ്ടാം ഓണമായും അവിട്ടവും ചതയവും മൂന്നും നാലും ഓണമായും കേരളീയര്‍ ആഘോഷിക്കുന്നു. ഓണക്കോടി അണിയുക ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. ആദ്യകാലത്ത് കുടുംബനാഥന്‍ എല്ലാവര്‍ക്കും ഓണക്കോടി നല്‍കുന്നു. സമത്വവും സമൃദ്ധിയും കാണിക്കുന്ന ഓണം കേരളീയര്‍ കഴിവിന്റെ പരമാവധി ആര്‍ഭാടകരമായാണ് ആഘോഷിക്കുന്നത്. ഓണസദ്യ സുപ്രധാനമാണ്. തുടര്‍ന്നാണ് ഓണക്കളിയില്‍ ഏര്‍പ്പെടുക. ഓണവുമായി ബന്ധപ്പെട്ട നാടന്‍ പാട്ടില്‍ ”മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ” എന്നു തുടങ്ങുന്ന നാടന്‍ പാട്ടാണ് ശ്രദ്ധേയം. മഹാബലി ചരിത്രം എന്ന പേരിലും ഈ പാട്ട് അറിയപ്പെടുന്നു. തൃക്കാക്കരയില്‍ നിന്നും വന്ന കിളിയാണെന്ന സങ്കല്‍പത്തില്‍ കവിയുടെ മുമ്പില്‍ വന്നു നില്‍ക്കുന്ന കിളിയോട് വിശേഷം പറയുന്ന വിധമാണ് ഈ പാട്ട്. മഹാബലിയുടെ സമത്വസുന്ദരമായ ഭരണകാലം വര്‍ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതോടെ ഓണാഘോഷം മുടങ്ങിയതായും ആണ്ടില്‍ ഒരിക്കല്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രജകളെ കാണാന്‍ മഹാബലിക്ക് അനുവാദം കൊടുക്കുന്നതും അങ്ങനെ തിരുവോണനാള്‍ ആഘോഷിക്കുന്നതുമാണ് ഇതിന്റെ ഇതിവൃത്തം.
മലയാളിയുടെ സമ്പന്നസംസ്‌കാരമായ ഓണത്തെ സൂചിപ്പിക്കുന്ന പല ഐതിഹ്യങ്ങളും നിലവിലുണ്ടെങ്കിലും എ ഡി ഏഴാം നൂറ്റാണ്ടിലാണ് ഓണം ആരംഭിച്ചതെന്ന് ചില ചരിത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. പൗരാണിക തമിഴ് ഗ്രന്ഥങ്ങളിലെ സൂചനപ്രകാരം ഓണത്തിന് രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ട്. തിരുനാവയിലെ മണല്‍പ്പുറത്ത് അരങ്ങേറിയിരുന്ന മാമാങ്കത്തെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്താന്‍ വേണ്ടി പില്‍ക്കാലത്ത് ആരംഭിച്ചതാണ് ഓണാഘോഷം എന്നും ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.