Wednesday
22 Nov 2017

പന്തീരടി തറവാട്ടില്‍ ഇത്തവണയും ഓണപ്പൊട്ടന്മാരെത്തി

By: Web Desk | Sunday 3 September 2017 9:53 PM IST

കുറ്റ്യാടി: നിട്ടൂര്‍ പന്തീരടി തറവാട്ടില്‍ നൂറ്റാണ്ടായി തുടരുന്ന ചടങ്ങിന് ഇത്തവണയും മുടക്കമുണ്ടായില്ല.15 ഓളം ഓണപ്പൊട്ടന്മാരാണ് അതി രാവിലെ തന്നെ നിട്ടൂരിലെ പന്തീരടി തറവാട്ടിലെത്തിയത്.ധര്‍മ്മ ദൈവങ്ങളെ തൊഴുത് തറവാട്ടിലെ കപ്പേക്കാട്ട് പ്രദീപനില്‍ നിന്ന് കൈനീട്ടം വാങ്ങി ഉത്രാടപ്പാച്ചില്‍ തുടങ്ങിയത്. തിരുവോണമായ ഇന്നും വീടു വീടാന്തരം കയറിയിറങ്ങും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പന്തീരടി തറവാട്ടില്‍ ഓണപ്പൊട്ടന്മാരെത്താന്‍ ഏറെ വൈകുമായിരുന്നു. ചിലപ്പോള്‍ ഓണം കഴിഞ്ഞെന്നുമിരിക്കും. നിട്ടൂരിലൊന്നും ഓണപ്പൊട്ടന്‍ വേഷമിടുന്ന മലയ സമുദായക്കാരില്ലാത്തതായിരുന്നു ഇതിന് കാരണം. അതിന് തറവാട്ട് കാരണവന്മാര്‍ പരിഹാരം കണ്ടത് നൂട്ടൂരില്‍ മലയ സമുദായക്കാരെ താമസിപ്പിച്ചായിരുന്നു. ഇതിനായി തറവാട്ടില്‍ നിന്നും വെള്ളൊലിപ്പില്‍ താഴ ഇവര്‍ക്കായി ഭൂമി നല്‍കുകയായിരുന്നു. അവരവിടെ താമസിച്ചതോടെ ഉത്രാട നാളില്‍ വെളുപ്പിന് തന്നെ ഓണപ്പൊട്ടന്മാര്‍ തറവാട്ടിലെത്തി തുടങ്ങി. അതിന് തടസം കൂടാതെ കടപ്പാടോടെ ഇപ്പോഴും ഓണപ്പൊട്ടന്‍ വേഷമിട്ട് ആദ്യമെത്തുന്നത് പന്തീരടി തറവാട്ടില്‍ തന്നെ.വ്രതാനുഷ്ടാനങ്ങളോടെയാണ് ഓണപ്പൊട്ടന്‍ വേഷമിടുന്നത്. ഇതിനായുള്ള വേഷ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഒരുക്കുന്നത് ഇവര്‍ തന്നെയാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇതില്‍ ഏറെയും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്.