Sunday
24 Jun 2018

നവയുഗ വാമനന്‍മാര്‍

By: Web Desk | Thursday 7 September 2017 7:40 PM IST

വി. ജയകുമാര്‍

തിവുപോലെ ഇക്കുറിയും തന്റെ പ്രജകളെ കാണാനായി മാവേലി കേരളത്തിലെത്തി. എല്ലായിടത്തും തിരക്കോട് തിരക്ക് തന്നെ. കാണം വിറ്റും ഓണം ഉണ്ണെണമെന്നാണല്ലോ പഴമൊഴി. അങ്ങനെ കാണം വിറ്റ് വര്‍ഷന്തോറും ഓണം ആഘോഷപൂര്‍വം കൊണ്ടാടി കേരളീയരാകെ ഒരു പരുവത്തിലായി. ചിലര്‍ ഉണ്ണികുടവയറന്‍മാരുമായിത്തീര്‍ന്നു. ആര്‍ക്കും ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത അവസ്ഥ. പുറംപണിക്കൊന്നും ആളെ കിട്ടാനില്ലാതെ വന്നിരിക്കുന്നു. അങ്ങനെ നമ്മുടെ മേലനങ്ങാ പോളിസി കാരണം ധാരാളം പുതുപുതുരോഗങ്ങള്‍ കേരളത്തില്‍ വിരുന്നിനെത്തി. ജീവിതശൈലീരോഗങ്ങള്‍ എന്ന് ഡോക്ടറന്‍മാര്‍ അവയ്ക്ക് ഓമനപ്പേരും നല്‍കി. ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആശുപത്രിക്കച്ചവടം തുടങ്ങിയവര്‍ വമ്പന്‍ പണക്കാരായി മാറി. ഒരു രോഗിയെ കൈയില്‍ കിട്ടിയാല്‍ ഒട്ടുമിക്ക ടെസ്റ്റുകളും ചെയ്യിപ്പിക്കും. ഇങ്ങനെ ടെസ്റ്റ് ചെയ്താലേ രോഗം വ്യക്തമായി കണ്ടുപിടിക്കുവാന്‍ കഴിയുകയുള്ളൂവെന്നാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ വാദഗതി. അങ്ങനെ അവര്‍ തങ്ങളുടെ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കി മാറ്റി. ഒരിക്കലൊന്ന് കയറിയാല്‍ കീശ കാലിയായതുതന്നെ. നമ്മള്‍ തിരിച്ചറിയാതെ പോകുന്ന ഈ മരുന്ന് മാഫിയ ബ്ലെയ്ഡ് മാഫിയയേക്കാളും മൂര്‍ച്ചയേറിയതാണ്. ചെറിയ ഒരു ജലദോഷത്തിന് മൂക്കിന്റെ എക്‌സ്‌റേ മുഴുവനായി എടുക്കണമെന്ന് പറയുന്ന കാലവും വിദൂരമല്ല. പറഞ്ഞുവന്നത് നമ്മുടെ മേലനങ്ങാ പോളിസിയെക്കുറിച്ചാണല്ലോ. എന്നാല്‍ ഇതുകൊണ്ട് പ്രയോജനം ഉണ്ടായത് ആശുപത്രിക്കച്ചവടക്കാര്‍ക്കും മരുന്ന് കടക്കാര്‍ക്കും മാത്രമല്ല, അന്യദേശത്തൊഴിലാളികള്‍ക്ക് കൂടിയാണ്. മലയാളിയും ബംഗാളിയും ബിഹാറിയുമൊക്കെ നിറഞ്ഞ കേരളം. മാവേലി ചിന്താകുഴപ്പത്തിലായി. തന്റെ യഥാര്‍ഥ പ്രജകളാരാണെന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥ. ഇങ്ങനെ പോയാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ഒരു സങ്കരസംസ്‌കാരത്തിന്റെ കേന്ദ്രമായി തീരും. കേരളത്തെ ബംഗാളാക്കി മാറ്റുമെന്ന് പണ്ട് ചില സഖാക്കന്‍മാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് ശരിക്കും മനസിലായത്. ഇത്രയും അവര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. അവരുടെ ദീര്‍ഘവീക്ഷണത്തെ നമിക്കേണ്ടതുതന്നെ.

നഗരത്തിലെ പഴയ കൊച്ചുകൊച്ചു കടകളൊന്നും ഇന്ന് കാണാനേയില്ല. അവയേയെല്ലാം കോര്‍പ്പറേറ്റുകള്‍ വിഴുങ്ങിയിരിക്കുന്നു. അങ്ങനെ കേരളം ഉപഭോഗസംസ്‌കാരത്തിന്റെ ഈറ്റില്ലമായി മാറിയിരിക്കുന്നു. ഉത്പാദനം കുറഞ്ഞു. ഇവിടെ മനുഷേ്യാത്പാദനമൊഴികെ മറ്റൊരു ഉത്പാദനവും കാര്യമായി നടക്കുന്നില്ലെന്നാണ് നിലവില്‍ പലരുടെയും പരാതി. പ്രസ്തുത കാര്യത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ചൈനയേയും കടത്തിവെട്ടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ ഭാവിയില്‍ നമ്മള്‍ വലഞ്ഞതുതന്നെ. മാലിക്കാര്‍ക്കുള്‍പ്പെടെ പ്രസവാനന്തര സേവനങ്ങള്‍ക്കായി പ്രതേ്യക പാക്കേജ് തന്നെ നടത്തുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും കാര്‍ഷികോത്പാദനം കുറഞ്ഞത് കാരണം നമ്മള്‍ തമിഴനേയും തെലുങ്കനേയും ഒക്കെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. അങ്ങനെ നമ്മളിപ്പോള്‍ പാണ്ടി ലോറിക്കായി കാത്തിരിപ്പായി. ”അണ്ണാച്ചിച്ചരക്ക് ഇല്ലെങ്കില്‍ അങ്ങാടി ശൂന്യം” എന്ന പുതുമൊഴിയും ഉണ്ടായിരിക്കുന്നു. അങ്ങനെ ചെറിയൊരു ബ്രേക്കിന് ശേഷം ചരക്ക് ലോറികള്‍ വീണ്ടും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തുന്നുണ്ട്. വിഷം തളിച്ച പച്ചക്കറികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വിജിലന്‍സുകാര്‍ പറയുന്നത്. എന്തായാലും ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ അച്ചടക്കത്തോടെ ക്യൂ നിന്ന് വിഷം വാങ്ങിക്കഴിക്കുന്ന കേരളീയര്‍ക്ക് അത്രപെട്ടെന്ന് ഭക്ഷ്യവിഷബാധയൊന്നും ഏല്‍ക്കുകയില്ലെന്നാണ് തമിഴ്‌നാട്ടിലെ അണ്ണാച്ചിമാര്‍ പറയുന്നത്. കൂടാതെ അവര്‍ പാപപരിഹാര്‍ഥം വര്‍ഷാവര്‍ഷം ശബരിമലയില്‍ ലക്ഷങ്ങളാണ് എത്തിക്കുന്നത്. മാത്രവുമല്ല സീസണില്‍ അവരിവിടെ എത്തിയാല്‍ ഏറെനാള്‍ തങ്ങി കേരളാ കച്ചവടക്കാരുടെ കീശ വീര്‍പ്പിച്ചിട്ടാണ് മടക്കയാത്ര നടത്താറുള്ളത്. ആ വഴിക്ക് ചിന്തിക്കുമ്പോള്‍ ഇതെല്ലാം അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു അഡ്ജസ്റ്റുമെന്റായി കണക്കാക്കിയാല്‍ മതി. നമ്മുടെ രാഷ്ട്രീയ അഡ്ജസ്റ്റുമെന്റ് സമരങ്ങള്‍ പോലെ.

അങ്ങനെ തിരക്കിനിടയില്‍പ്പെട്ട് ഞെളിപിരികൊണ്ട് ഒരുവിധം മാവേലി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. വിവിധ സംഘടനകളുടെയും യൂണിയനുകളുടെയും നേതൃത്വത്തില്‍ കേരളത്തില്‍ എപ്പോഴും സുലഭമായി കാണാവുന്ന സമരപരിപാടികള്‍ നടക്കുകയാണ്. വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ട്. പോരാ, പോരാ തന്നേ തീരൂ തന്നേ തീരൂ എന്ന് പ്രതിപക്ഷ സംഘടനകളും കൊടുത്തതിന്റെ കണക്ക് വള്ളിപുള്ളി തെറ്റാതെ ഭരണപക്ഷക്കാരും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

സെക്രട്ടേറിയറ്റിന്റെ പരിസരത്ത് സ്ഥിരമായി സമരം ചെയ്യാന്‍ ഒരു വേദി തന്നെ ഒരുക്കികൊടുക്കേണ്ടതാണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും അത് ഏറെ ഗുണം ചെയ്യും. അങ്ങനെ തന്റെ യാത്രയ്ക്കിടയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ വടികൊടുത്ത് അടിവാങ്ങുന്ന അപൂര്‍വ കാഴ്ചയും സെക്രട്ടേറിയറ്റിന്റെ പരിസരത്ത് നിന്നും മാവേലിക്ക് കാണാന്‍ കഴിഞ്ഞു. നോര്‍ത്ത് ഗേറ്റിന് സമീപം ഒരു യുവജന സംഘടനയുടെ സമരപരിപാടികള്‍ നടക്കുകയായിരുന്നു. പൊലീസുകാര്‍ ബാരിക്കേഡുകളുമായി ഗേറ്റിന് സമീപം നിലയുറപ്പിച്ചിരിന്നു. തന്നേ തീരൂ, തന്നേ തീരൂ എന്ന മുദ്രാവാക്യവുമായി സമരക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ ലാത്തികൊണ്ട് അവര്‍ക്ക് കൊടുക്കുകയും ചെയ്തു. ലാത്തിയുമായി നില്‍ക്കുന്ന പൊലീസുകാരോട് സമരക്കാര്‍ ആവശ്യപ്പെട്ടത് അവര്‍ക്ക് കൊടുത്തുയെന്നാണ് കേസ് കോടതിയിലെത്തിയപ്പോള്‍ പൊലീസ്ഭാഗം വക്കീല്‍ ബോധിപ്പിച്ചത്.

പല പുതു പദ്ധതികളുമായി സ്വര്‍ണക്കടക്കാരും, ജൗളി കടക്കാരും മറ്റ് കച്ചവടക്കാരും പാവം ജനത്തിനെ ഇക്കുറിയും പറ്റിക്കുകയാണല്ലോയെന്നോര്‍ത്ത് മാവേലി ദുഃഖിച്ചു. തന്നെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്റെ അതേ രൂപങ്ങളാണ് ഈ നവയുഗവാമനന്‍മാരെന്ന് ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താനെന്ന് മാവേലി ചിന്താകുഴപ്പത്തിലായി. അങ്ങനെ നമ്മള്‍ കലിയുഗം പിന്നിട്ട് വാമനയുഗത്തിലെത്തി നില്‍ക്കുന്നു. ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് മലയാളിക്ക് ഉണ്ടാകുമോയെന്ന് കാലം തെളിയിക്കട്ടെ.