Saturday
23 Jun 2018

എന്തേ തുമ്പീ… തുള്ളാത്തു…

By: Web Desk | Monday 4 September 2017 11:56 PM IST

കല സാവിത്രി

ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന ചതിയുടെ വലം കാലിനു കീഴെ അമര്‍ന്നു കുമ്പിട്ടുനില്‍ക്കുന്ന നന്മ, ഇതെങ്ങനെ ഓണത്തിന്റെ അടയാളമാവുന്നു? ഓണം അടിച്ചമര്‍ത്തലിന്റെയല്ല, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കലാണ്.
സ്‌നേഹ നിരാസങ്ങള്‍ക്ക് നടുവില്‍ വലം കാലുയര്‍ത്തി ചതി നൃത്തമാടുന്നു. സ്‌നേഹം, നന്മ, പെണ്ണ്, കുഞ്ഞ്, പ്രകൃതി ഇവയ്‌ക്കെല്ലാം മേലെ ആഞ്ഞാഞ്ഞു ചവിട്ടി അത് ആര്‍ത്തുല്ലസിക്കുന്നു. ഓണത്തിന് ഇപ്പോള്‍ വറവുകളുടെ മണമില്ല, വറുതിയുടെ മണമാണ്, സ്‌നേഹ വറുതിയുടെ.
മഞ്ഞളില്‍ തുടങ്ങി മുളകില്‍ അവസാനിക്കുന്ന പൊടിക്കല്‍. മഞ്ഞളിന്റെയും ഉലുവയുടെയും മല്ലിയുടെയും ഒക്കെ സമ്മിശ്ര ഗന്ധമുള്ള കാറ്റ് ഓരോ മുക്കിലും മൂക്കിലും ഓണമായെന്നു രഹസ്യം പറയുന്നു. ഉരലിലേക്ക് ആഞ്ഞാഞ്ഞു വീഴുന്ന ഉലക്ക ശബ്ദമുഖരിതമാക്കുന്ന അന്തരീക്ഷം. പാടവരമ്പത്ത് അരിയാമ്പലുകള്‍ പൊട്ടിക്കാന്‍ തിക്കും തിരക്കും. ഇനിയും പള്ളിക്കൂടം അടയ്ക്കാത്തവന്റെ വേവലാതി. പക്കാവടയ്ക്കു മാവ് കുഴയ്ക്കുമ്പോള്‍ ‘അല്‍പ്പം കായപ്പൊടി കൂടെ ചേര്‍ക്കാന്‍ മറക്കല്ലേ’, അടുക്കളയില്‍ നിന്നൊരു നിര്‍ദ്ദേശം. ചേമ്പിലക്കുമ്പിളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പൊട്ടിക്കാന്‍ മത്സരബുദ്ധിയോടെ പരക്കംപായുന്നുണ്ട കൂട്ടുകാരോടൊപ്പം.
ഓണത്തുമ്പ കൊണ്ട്് മുഖം പൊത്തിപ്പിടിച്ചിരിക്കയാണ് ‘എന്താ തുമ്പി തുള്ളത്തെ… പൂ പോരാഞ്ഞോ, പൂക്കുല പോരാഞ്ഞോ…? ചുറ്റും നിന്ന് താളത്തില്‍ പാടുന്നുണ്ട് ആള്‍ക്കാര്‍, പാട്ടു മുറുകുന്നു, തുള്ളല് വരുന്നില്ല . പതുക്കെ വിരലുകള്‍ കൊണ്ട് തുമ്പ അകറ്റി കണ്ണ് പതിയെ തുറന്ന് ഒപ്പം തുള്ളാനിരുന്ന അമ്പിളി തുള്ളാന്‍ തുടങ്ങിയോ എന്ന് നോക്കി അവള് പതിയെ ആടാന്‍ തുടങ്ങിയിരിക്കുന്നു. പിന്നെ ഒന്നും ആലോച്ചിച്ചില്ല കണ്ണുകള്‍ ഇറുകെ അടച്ച് പതിയെ പാട്ടിനൊപ്പം ആടാന്‍ തുടങ്ങി അപ്പോള്‍ കേള്‍ക്കാം ‘ഇനി വട്ടം കറങ്ങി ആടും.’ കേട്ട പാതി കേള്‍ക്കാത്ത പാതി വട്ടം കറങ്ങാന്‍ തുടങ്ങി. ഇനി തുമ്പ കൊണ്ട് തല്ലിത്തല്ലി പൂക്കള് വാരിയെറിയും എന്ന് എത്രയോ തുള്ളല്‍ കണ്ട് അനുഭവങ്ങളുള്ള ഒരു വൃദ്ധ ശബ്ദം. പാട്ട് കൂടുതല്‍ മുറുകി പൂക്കള്‍ വാരിയെറിഞ്ഞ് പൂക്കളം ഉത്സാഹത്തോടെ അലമ്പി. ഞാനല്ലിത് തുമ്പിയാണ്, പാറിപ്പറക്കുന്ന ഓണത്തുമ്പി. മെല്ലെ ചിറക് മുളയ്ക്കുംപോലെ ,വാല് മുളയ്ക്കും പോലെ. പിന്നെ ഒന്നും ഓര്‍മ്മയില്ല. പാറിപ്പറന്നു നടന്നു, പൂക്കളമൊട്ടാകെ. ശക്തിയായി മുഖത്തേക്കാരോ വെള്ളം തളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. ചുറ്റും നിറയെ ആള്‍ക്കാര്‍. എന്തായാലും രണ്ടുപേര്‍ക്കും അനുഗ്രഹം കയറി ഭഗവാനേ! എല്ലാം ഭംഗിയായല്ലോ അമ്മുമ്മയുടെ ശബ്ദം. എഴുന്നേറ്റിരുന്ന് ആരോ തന്ന കട്ടന്‍ചായ കുടിക്കുമ്പോള്‍ അല്പനേരത്തെക്കെങ്കിലും എല്ലാവരുടെയും ശ്രദ്ധ നേടാനായതിന്റെ അഭിമാനം മനസ്സില്‍ അണപൊട്ടി. നീ ശരിക്കും തുള്ളിയതാണോ?’ എന്ന കൂട്ടുകാരുടെ ചോദ്യത്തിന് മുന്നില്‍ പതറില്ല എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിച്ചു. അങ്ങനെ എത്രയെത്ര ബാല്യ ഓര്‍മ്മകള്‍ ആണ് ഓണത്തെക്കുറിച്ച്.
ചില്ലാട്ടം പറന്ന് പ്ലാവില കടിച്ചെടുക്കുന്നവരെ അതിശയത്തോടെ നോക്കി കണ്ണ് തള്ളിനിന്ന ബാല്യം ഇന്നേതു കുട്ടിക്കാണ് ഉള്ളത്. അല്ലങ്കിലും ഇന്ന് അതിശയങ്ങളോ ആനന്ദമോ ഒരു കുഞ്ഞിന്റെ കണ്ണിലും നമുക്ക് കാണാന്‍ കഴിയില്ലല്ലോ. അസ്വസ്ഥരാണ് കുട്ടികള്‍ അവര്‍ക്ക് കളികള്‍ ജീവിതം പോലെ തന്നെ ടാസ്‌ക് ആണ്. മറ്റാരുടെയോ നിര്‍ദേശങ്ങള്‍ക്ക് വശംവദരായി ഓരോ ടാസ്‌കുകളും അവര്‍ അതിജീവിക്കുന്നു. ഒടുവില്‍ സംഘര്‍ഷങ്ങളെ അതിജീവിക്കാനാവാതെ മുട്ടുമടക്കുന്നു. കണ്ണില്‍ അതിശയങ്ങളില്ലാത്ത കുഞ്ഞുങ്ങളാണ് ഇന്നിന്റെ ഏറ്റവും വലിയ നോവ്. കളിയില്‍ കളിയും ജീവിതത്തില്‍ ജീവിതവും ഇല്ലാതെ എത്രനാള്‍ ഇങ്ങനെ. അപ്പാടെ യന്ത്രവല്‍ക്കരിക്കപ്പെട്ട ഒരു കാലത്ത് യന്ത്ര സമാനരായി മാറിയ മനുഷ്യര്‍. ഇത് കാലം മനുഷ്യന് കരുതി വെച്ച ശിക്ഷയാണ്. എല്ലാം നേടി എന്ന അഹങ്കാരത്തിനു മേലെ ഒന്നും നേടിയില്ലെന്നതോ പോകട്ടെ സ്വന്തം സ്വത്വം തന്നെ അന്യമാകുന്നു എന്ന വേദന മനുഷ്യനെ മഥിക്കാന്‍ തുടങ്ങിയിരിക്കുന്നു. തന്റേതെന്ന് പറഞ്ഞു തന്റെ കുഞ്ഞിലേക്ക് പകര്‍ന്നു നല്‍കാന്‍ നന്മകള്‍ ഒന്നും അവശേഷിക്കുന്നില്ല എന്ന വേദനയ്ക്ക് മുന്നില്‍ ഒരൊറ്റ ഓണം മാത്രമാണ് കഴിഞ്ഞ എത്രയോ കാലമായി നമുക്ക് മുന്നിലുള്ളത്. ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്നും അന്ന് സമത്വവും സാഹോദര്യവും നിലനിന്നിരുന്നു എന്നും കാലങ്ങളായി നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.
ഇന്നത്തെ പോലെ ഒരു കാലമായിരുന്നു ആ പഴയ ഓണക്കാലവും എന്ന് പറയാനാവുന്ന കാലത്തിലേക്ക് നാം വളരുമ്പോഴേ കണ്ണില്‍ കൗതുകവും കരളില്‍ കാരുണ്യവും കയ്യില്‍ ജീവിതവും ഉള്ള കുഞ്ഞുങ്ങള്‍ ഇവിടെ പിറന്നുവീഴൂ, പിച്ചവച്ചു കളിക്കൂ. അതുവരെ നമുക്ക് ഉള്ളംകൈയിലെ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടു നിറഞ്ഞ വയറുള്ള ഒരു മാവേലി മന്നനെ ഷെയര്‍ ചെയ്യാം. ഗൂഗിളില്‍ പരതി മുക്കുറ്റിയും തുമ്പയും എടുത്ത് ഓണാശംസകള്‍ക്കു നാട്ടുമണം കലര്‍ത്താം. അപ്പോഴും ഇത്തിരി ടൈല്‍മുറ്റൊത്തൊരു കുഞ്ഞു പൂക്കളം ഇടാന്‍ മുക്കുറ്റിയും തുമ്പയും കണ്ടിട്ടേ ഇല്ലാത്ത കുട്ടികള്‍ തമിഴന്റെ എന്‍ഡോസള്‍ഫന്‍ തളിച്ച പൂവുകള്‍ ഇറുക്കുന്നുണ്ടാവും. പൂച്ചട്ടിയിലെ മരവിച്ച ഉടലുള്ള വിദേശ പുഷ്പങ്ങള്‍ ചുണ്ടുകോട്ടി ചിരിക്കുന്നുണ്ടാകും. കാലം നമുക്കായി കാത്തുവെച്ച നാട്ടുനന്മകളൊന്നും വരും തലമുറയ്ക്കായി അവശേഷിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ഉള്ളംകയ്യില്‍ ലോകത്തെ ഒതുക്കിയെന്ന് തല കുമ്പിട്ടിരിക്കുന്ന മനുഷ്യന്‍ അടുത്ത വീട്ടില്‍ നടന്ന മരണം പോലും സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് അറിയുന്നത്. കരയുന്ന സ്‌മൈലി കമന്റായി ഇട്ട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരസ്പരം കാണാത്ത ഒരു ലോകത്ത് കണ്ണുകളെല്ലാം നിശ്ചലങ്ങളായിരിക്കും. സ്‌നേഹത്തെ പ്രോജ്ജ്വലമാക്കുന്നത് സ്പര്‍ശം ആണെന്നിരിക്കെ, പരസ്പരം കരം ചേര്‍ക്കാത്ത ഒരു ലോകത്തെ സ്‌നേഹം എങ്ങനെ പങ്കുവെയ്ക്കപ്പെടും? മരവിച്ച ഉടലും ചലിക്കാത്ത കണ്ണുകളും ഉള്ള മനുഷ്യ ജീവികള്‍ പ്രകൃതിയെ അപ്പാടെ അസന്തുലിതമാക്കിയിരിക്കുന്നു. അവിടെയിരുന്നാണ് പണ്ട് പണ്ട് … എന്ന് തുടങ്ങി ഓണത്തെക്കുറിച്ച് നാം വാചാലരാകുന്നത്.
ഓണം എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കവിതയാണ്. അതില്‍ നൊന്തു പോയ ദ്രാവിഡന്റെ ആത്മ വിലാപങ്ങളുണ്ട്. സവര്‍ണ്ണന്റെ കുറിയ കുരുട്ടുബുദ്ധിയുടെ വിജയാഘോഷമുണ്ട്. ജന്മിയുടെ പത്തായം നിറയലുണ്ട്. അവര്‍ണന്റെ അരികുമാറലുണ്ട്. അടുക്കളപ്പുറത്തെ കരിപുരണ്ട് പെണ്ണുടലുകളുടെ നെടുവീര്‍പ്പില്‍ കുതിര്‍ന്ന കൈകൊട്ടിക്കളിയുണ്ട പ്രകൃതിയെ അപ്പാടെ കൊയ്‌തെടുക്കലുണ്ട്.
പെയ്തു തളിര്‍ത്ത, കൊയ്തു നിറഞ്ഞ, പങ്കുവെച്ചു തെളിഞ്ഞ ഒരു ഓണക്കാലം വീണ്ടും പ്രാപ്യമാകുമെന്നും ആരും അരികിലായി അകറ്റിനിര്‍ത്തപ്പെടാതെ, പല വര്‍ണ്ണ പല ഗന്ധ പൂവുകളുടെ മനോഹരമായ അടുക്കിവെക്കല്‍ എങ്ങനെ ഒരു പൂക്കളത്തെ സുന്ദരമാക്കുന്നോ അതുപോലെ മനുഷ്യരിലും സമത്വം സ്വഭാവമാകുന്ന ഒരു കാലം സംജാതമാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
അതുവരെ നമുക്കിങ്ങനെ തന്നെ പാടിക്കൊണ്ടേയിരിക്കാം
‘മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ലതാനും ‘