Saturday
23 Jun 2018

പാട്ടുപൂക്കളം

By: Web Desk | Sunday 3 September 2017 11:26 PM IST

എഴുത്ത് : ബൃന്ദ
ചിത്രീകരണം : കെ വി ജ്യോതിലാല്‍

ഉത്സവങ്ങള്‍ ഓര്‍മയുടെ ഉയിര്‍പ്പുനൃത്തങ്ങളാണ്. കാലങ്ങള്‍ക്കപ്പുറത്ത് എന്നോ ഉണ്ടായിരുന്ന ഒരു പൂമുളംചില്ലയെ കനവുകൊണ്ട് കെണ്ടടുത്ത്, അവനവനേയും ചുറ്റുപാടുകളേയും ചമയിക്കലാണ്. പൗരാണിക പിതൃക്കള്‍ക്കുള്ള സ്മൃതി തര്‍പ്പണമാണ്. മറവിയുടെ കാടുകളില്‍ നിന്ന് നിറമുള്ള ഓര്‍മയുടെ പൂക്കളെ വിരിയിച്ചെടുക്കലുമാണ്. ഓണപ്പാട്ടുകള്‍ പഴമയുടെ ഉള്ളുണര്‍ത്തലുകളാണ്. നിനവിനേയും നിലാവിനേയും അതൊരുമിച്ച് തൊട്ടെടുക്കും. സ്മൃതിചന്ദനം പെയ്യുമ്പോള്‍ ഉള്ളം ഓണപ്പൂക്കളം തീര്‍ക്കും. അപ്പോള്‍ ഒരു പാട്ടു മൂളാത്ത ആരുമുണ്ടാവില്ല. തങ്ങളെ കാത്ത ഒരു നാട്ടരചന്റെ സ്‌നേഹപ്പൊലിമയില്‍ സ്വര്‍ഗപാതാളങ്ങളെയും നിറച്ചുവയ്ക്കുന്നു. കാടായ കാടും നാടായ നാടുമലഞ്ഞ് പൂക്കളിറുത്ത് തങ്ങളുടെ പാഴ്മുറ്റങ്ങളെകൂടി അവന്‍ അലങ്കരിച്ചുവയ്ക്കുന്നു. ഇതിലേറെ എങ്ങനെ അറിയിക്കും സ്‌നേഹത്തെ. കാത്തിരുപ്പിനെ. എത്ര ഇറുത്താലും പരിഭവമേതുമില്ലാതെ ചെടികള്‍ വീണ്ടും പൂവിടും. വഴിയിറമ്പിലെ പേരറിയാച്ചെടികള്‍ പോലും തുടുത്തു നില്‍ക്കും. ഓര്‍മയുടെ തേരിലൂടെ ഒരാള്‍ വരുന്നുണ്ട്….
ഓണം ദരിദ്രന്റെ ഉത്സവം കൂടിയാണ്. ആണ്ടുമുഴുവന്‍ മണ്ണില്‍ പണിയെടുത്ത് അരവയറു നിറച്ചവന്‍ ഉണ്ടു നിറയുന്ന കാലം കൂടിയാണ്. പുത്തനുടുപ്പിന് ഒരാണ്ടു കാത്ത കുട്ടികളുടെ പുതുമണം മായാത്ത ഓണക്കോടികളുടെ നിറമേളം കൂടിയാണ്. വരാനിരിക്കുന്ന നാളെകള്‍ നന്മ നിറഞ്ഞതായിരിക്കേണമേ എന്ന പ്രാര്‍ത്ഥനയുടെ മനുഷ്യശീലുകള്‍ ഓരോ ഉത്സവങ്ങളും നെഞ്ചേറ്റും. ‘മാവേലി നാടു വാണീടും കാലം’ എന്ന ഓര്‍മപ്പാട്ട് ഓരോ മലയാളിയുടേയും ഓണനാവില്‍ തിമിര്‍ത്തു നിറയും. അത് കഴിഞ്ഞുപോയൊരു കാലത്തെ, വരാനിരിക്കുന്ന കാലത്തിനെ എങ്ങനെയായിരിക്കണം എന്ന് ഗൃഹാതുരതയോടെ അടയാളപ്പെടുത്തുന്നു.
പാട്ടുകൊണ്ട് പൂക്കളം
ഓരോ ഓണക്കാലങ്ങളിലും ഒട്ടേറെ ഓണപ്പാട്ടുകള്‍ ജനിക്കാറുണ്ട്. ഉത്സവകാലത്തെ പാട്ടുപൂക്കളങ്ങള്‍. ആഘോഷത്തെയും സമൃദ്ധിയെയും സന്തോഷത്തെയും അവ ഊഞ്ഞലാട്ടും. എന്നാല്‍ ജീവിതത്തിന്റെ നേര്‍ത്ത നനവുകളിലേക്ക് നോക്കുന്ന ചില പാട്ടുകളുണ്ട്. അവ കാലത്തേയും അതിജീവിച്ചുകൊണ്ട് ഭാവിയിലേക്ക് കുതിക്കും. അത്തരമൊരു ഓണപ്പാട്ടാണ് ‘ഉത്രാട പൂനിലാവേ വാ….’ മലയാളിയുടെ മുപ്പത് തിരുവോണങ്ങള്‍ക്ക് പ്രശസ്ത സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി എഴുതിയത്. കാലങ്ങള്‍ കഴിഞ്ഞിട്ടും അതിലെ വരികള്‍ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട്, പുതുമയൊട്ടും ചോരാതെ. ശ്രീകുമാരന്‍ തമ്പിയ്ക്ക് രചനകള്‍ ജീവിതമെഴുത്താണ്. അത് സ്‌നേഹത്തെക്കുറിച്ചോ സങ്കടങ്ങളെക്കുറിച്ചോ സാമൂഹ്യ വിചാരങ്ങളെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ആയിക്കൊള്ളട്ടെ. മാന്ത്രിക ചാരുതയുള്ള വാക്കുകള്‍ കൊണ്ട് അവ അനുവാചകരെ കീഴടക്കും. വാക്കുകളുടെ ലാവണ്യഖനികളാണ് ഓരോ പാട്ടും. അതുകൊണ്ടുതന്നെ കേള്‍ക്കുന്ന മാത്രയില്‍ ആത്മാവില്‍ അലിഞ്ഞുചേരും.
‘ഉത്രാട പൂനിലാവേ…’ എന്ന അദ്ദേഹത്തിന്റെ ഓണപ്പാട്ട് മറ്റ് പാട്ടുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്, ഇല്ലാത്തവന്റെ നൊമ്പരത്തിലേക്കും നെഞ്ചകങ്ങളിലേക്കും കവി നോക്കുന്നതുകൊണ്ടാണ്. തന്റെ പാട്ടിനെക്കുറിച്ച് കവി പറഞ്ഞുതുടങ്ങി.. തരംഗിണിക്കുവേണ്ടി യേശുദാസ് ആവശ്യപ്പെട്ടിട്ട് എഴുതികൊടുത്ത പാട്ടാണ്. പത്ത് പന്ത്രണ്ട് പാട്ടുകളുണ്ടായിരുന്നു. അതിലൊന്നാണ് ‘ഉത്രാട പൂനിലാവേ വാ…’ ഞാനാദ്യം എഴുതികൊടുത്ത പാട്ടായിരുന്നു അത്. എല്ലാ പാട്ടും ഇതുപോലെ മനസിരുത്തിയാണ് എഴുതുന്നത്. രചനയിലും സംഗീതത്തിലും ആലാപനത്തിലും ഒരു പൂര്‍ണത വരുമ്പോള്‍ അത് സൂപ്പര്‍ഹിറ്റാകും. ഹിറ്റാകണം എന്നു വിചാരിച്ച് എഴുതുന്ന പാട്ട് ചിലപ്പോള്‍ അങ്ങനെയല്ലാതാകും.
നിസ്വന്റെ മനസുള്ള പാട്ട്
‘ഉത്രാട പൂനിലാവേ വാ’ എന്ന പാട്ട് മറ്റ് ഓണപ്പാട്ടുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത് അതില്‍ പാവപ്പെട്ടവന്റെ മനസുള്ളതുകൊണ്ടാണ്. തിരുവോണം സമൃദ്ധിയുടെ ദിവസമാണ്. ആ ദിവസമാണ് നമ്മള്‍ പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കേണ്ടത്. എന്നാല്‍ നമ്മളാരും അത് ചെയ്യാറില്ല. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു കാലത്ത്, എന്റെ അമ്മ ഉള്ളതില്‍ ഒരു പങ്ക് ജോലിക്കാര്‍ക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ആരും ഒന്നും കൊടുക്കാനില്ലാത്ത, തെരുവില്‍ കഴിയുന്നവരുടെ ജീവിതമെന്തായിരിക്കും എന്ന് ഒരുവേള ഞാന്‍ ഓര്‍ത്തുപോയി.
ആദ്യ ചരണത്തില്‍ പൂനിലാവിനെ, വാടിയ പൂക്കളത്തിന് ജീവാമൃതം നല്‍കാന്‍ ക്ഷണിക്കുകയാണ്. പകല്‍മുഴുവന്‍ കഷ്ടപ്പെട്ട് ക്ഷീണിച്ച് വരുന്നവനെ സഹായിക്കുക എന്നൊരു ചിന്ത ഭംഗ്യന്തരേണ അതില്‍ കടന്നുവരുന്നു. രണ്ടാം ചരണത്തില്‍ മിഥുനമാസക്കാറ്റില്‍ കാര്‍മേഘത്തോണി കൊണ്ടുവരുന്ന മുത്തുമാലകള്‍ ചിങ്ങമാസത്തില്‍ പൂക്കളാകും. മിഥുനം, കര്‍ക്കിടകത്തില്‍ കിളിര്‍ക്കുന്ന ചെടികളാണ് ചിങ്ങത്തില്‍ പൂ തരുന്നത്. ഇതൊക്കെ പഴയ കാലത്തെ കഥകളാണ്. ധാരാളം പുരയിടങ്ങള്‍ ഉണ്ടായിരുന്ന കാലത്തെ കഥകളാണ്. അതിനടുത്ത ചരണത്തിലാണ് തെരുവുമക്കളെ ഓര്‍മിക്കുന്നത്. അവര്‍ക്ക് വീടില്ല. അതുകൊണ്ടുതന്നെ പൂനിരത്താന്‍ മുറ്റവുമില്ല. അടുത്ത വീട്ടിലെ പൂക്കളത്തേക്കാള്‍ വലിയ പൂക്കളം വേണമെന്ന് നമ്മള്‍ വാശിപിടിക്കുമ്പോള്‍, പൂക്കളങ്ങളെ സ്വപ്‌നം കാണാനാകാതെ തെരുവിന്‍ മക്കള്‍ ജീവിക്കുന്നു. ഇന്ന് എല്‍ഐസി ഓഫീസിലും റവന്യൂ ഓഫീസിലും ബാങ്കിലും മത്സരിച്ചു പൂക്കളിടുന്നു. അങ്ങനെ ഓണപ്പൂക്കളം അധ:പതിച്ചുപോയിരിക്കുന്നു. ഓണക്കാലത്തും ഇല്ലായ്മയില്‍ ജീവിക്കുന്ന ഒരു വിഭാഗമുണ്ട്. അവരിലേക്ക് നമ്മുടെ കണ്ണു തുറക്കേണ്ടിയിരിക്കുന്നു. ഓണമോ ഓണക്കോടിയോ ഇല്ലാത്തവര്‍ നമുക്കു ചുറ്റുമുണ്ട്.
ഓണം ഒരു
കമ്യൂണിസ്റ്റ് ആശയം
‘ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി, രാജകൊട്ടാരത്തില്‍ വിളിക്കാതെ’ എന്ന എന്റെയൊരു പാട്ടുണ്ട്. ദൈവം ഭിക്ഷക്കാരന്റെ രൂപത്തിലും വരും. ഇല്ലാത്തവനെ വിസ്മരിച്ച് സുഖത്തില്‍ കഴിയുന്നവനില്‍ ഈശ്വരാംശം ഇല്ല. ഈ ഓണപ്പാട്ടില്‍ വാമനന്‍ എന്ന സങ്കല്‍പ്പത്തെ മാറ്റിയെഴുതാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മഹാബലി അതികായകനായിരുന്നു. വാമനന്‍ ഏറ്റവും ചെറിയ ആളും. ആ ചെറിയവന്‍ രാജാവിന്റെ ശിരസില്‍ ചവിട്ടിയതുപോലെ ഇന്ന് തെരുവില്‍ കഴിയുന്നവര്‍ പ്രഭുക്കന്മാരെ നിഷ്‌ക്കാസിതരാക്കും എന്ന ഏറ്റവും വലിയ കമ്യൂണിസം ആ വരികളിലുണ്ട്. വലിപ്പത്തില്‍ ചെറിയവനും നാളെ വലിയവനാകും. അധികാരം പിടിച്ചുവച്ചിരിക്കുന്നവന്റെ തലയില്‍ ചവിട്ടാം. അതാണ് മാര്‍ക്‌സ് പറഞ്ഞ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം. പാട്ടില്‍ വാമനനെ പാവപ്പെട്ടവന്റെ പ്രതീകമായും മഹാബലിയെ മുതലാളിത്തത്തിന്റെ പ്രതീകമായും കണ്ടു. യഥാര്‍ത്ഥത്തില്‍ മലയാളിക്ക് മറ്റൊരു വര്‍ഗത്തിനുമില്ലാതിരുന്ന ഒരു സ്വപ്‌നം ഉണ്ടായിരുന്നു. എല്ലാവരും ഒരുപോലെ ജീവിക്കുന്ന ഒരു കാലം ഉണ്ടാവണമെന്ന്. അതുതന്നെയാണ് കമ്യൂണിസ്റ്റ് സങ്കല്പവും. ഈ സ്ഥിതി സമത്വസങ്കല്പമാണ് തിരുവോണമായി മാറിയത്. മഹാബലിയും വാമനനുമൊക്കെ ഒരു കാല്പനിക കഥയുടെ ഭാഗമായിട്ടേ ഞാന്‍ കാണുന്നുള്ളൂ.
അഹന്ത വെടിയണം
മനുഷ്യനിലെ നീചവികാരമാണ് അഹന്ത. കൊലപാതകത്തേക്കാള്‍ നീചം. മഹാബലി ചക്രവര്‍ത്തിയാണെങ്കിലും അദ്ദേഹത്തിന് ഈ കുഴപ്പമുണ്ടായിരുന്നു. എളിയവനായ ഒരാള്‍ മൂന്നടി മണ്ണു ചോദിച്ചപ്പോള്‍ ഞാന്‍ ആരാണെന്നാ നിന്റെ വിചാരം. ഞാനൊരു ചക്രവര്‍ത്തിയല്ലേ. എത്രവേണമെങ്കിലും എനിക്ക് തരാന്‍ കഴിയില്ലേ എന്ന അഹന്ത അദ്ദേഹത്തിന് ഉണ്ടായി. ആ അഹന്തയുടെ ശിരസിലാണ് വാമനന്‍ ചവിട്ടിയത്. കഥകളിലൂടെ മഹത്തായ തത്ത്വങ്ങള്‍ പറഞ്ഞുവയ്ക്കുകയാണ്.’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു നിറുത്തി.
കമ്യൂണിസ്റ്റ് ചിന്താധാരകള്‍കൊത്ത പാട്ടുലോകത്ത് സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘പകരം ഞങ്ങള്‍ ചോദിക്കും’ തുടങ്ങി തൊഴിലാളി വര്‍ഗത്തിന്റെ ആശയമുള്‍ക്കൊള്ളുന്ന ഒട്ടേറെ സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
മലയാളിയുടെ പൊതുസ്വഭാവത്തെക്കുറിച്ച് നര്‍മരൂപേണ അദ്ദഹം പറഞ്ഞു; ‘നമ്മള്‍ മഹാബലിയെയും മഹാവിഷ്ണുവിനെയും ഒരുമിച്ച് സ്വാഗതം ചെയ്യുന്നവരാണ്. മഹാവിഷ്ണുവെന്നാല്‍ വാമനന്‍. ചവിട്ടിയവനേയും ചവിട്ടു കൊïവനേയും ഒരുപോലെ തൊഴുന്നത് ലോകത്ത് മലയാളി മാത്രമാണ്. മറ്റുള്ളവരൊക്കെ ഒന്നുകില്‍ ചവിട്ടിയവന്റെ കൂടെ നില്‍ക്കും അല്ലെങ്കില്‍ ചവിട്ടുകൊïവന്റെ കൂടെ നില്‍ക്കും.
ഓരോ ഓണനിലാവ് പെയ്തിറങ്ങുമ്പോഴും അവനവന്റെ അകത്തളങ്ങളില്‍ സമൃദ്ധി കൂട്ടിവയ്ക്കുന്നതല്ലാതെ ഇല്ലാതലയുന്ന ഒരാളെ ഓര്‍മയില്‍ വയ്ക്കാറില്ല. ഇല്ലാത്തവന് ഒരുകഷ്ണം കോടിത്തുണി, ഒരിലച്ചോറ് ഇത്തവണത്തെ ഓണത്തിനെങ്കിലും കരുതി വയ്ക്കാന്‍ നമുക്ക് കഴിയണം. തോന്നുമ്പോഴൊക്കെ പുതുവസ്ത്രമെടുക്കാനും മുന്തിയ ഹോട്ടലുകളില്‍ നിന്ന് ആവശ്യത്തിലേറെ വിഭവങ്ങള്‍ കഴിക്കാനും കഴിയുമ്പോള്‍, ഹോട്ടലുകളിലെ എച്ചില്‍ത്തൊട്ടികളും ശൂന്യമാകുന്ന ഓണനാളില്‍ ഒഴിഞ്ഞ വയറുമായി വിശപ്പിനെ മുറുക്കിയുടുത്ത് തെരുവോരങ്ങളില്‍ നമ്മുടെ സഹോദരങ്ങള്‍ ജീവിക്കുന്നുണ്ട് എന്ന കാര്യം ഒരു നിമിഷമെങ്കിലും ഓര്‍ക്കേണ്ടïതുണ്ട്. ‘ഉത്രാടപ്പുനിലാവേ..’ എന്ന ഗാനം അത്തരം നിസ്വരിലേക്കുള്ള കണ്ണുതുറപ്പിക്കലാണ്. അതുകൊണ്ടാണ് ആ ഓണപ്പാട്ട് കാലാതിവര്‍ത്തിയായി നില്‍ക്കുന്നതും.