Sunday
16 Dec 2018

നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പിയെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

By: Web Desk | Sunday 11 November 2018 2:13 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. ഇതിനുശേഷം സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരന്നു.

സതീഷ് രണ്ട് സിം കാര്‍ഡുകള്‍ ഹരികുമാറിന് കൈമാറുകയും ചെയ്തു. ഇയാളുടെ ഡ്രൈവറായ രമേശിനെയും കൂട്ടിയാണ് ഹരികുമാര്‍ രക്ഷപ്പെട്ടത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന്  ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സതീഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ക്രൈംബ്രാഞ്ച് ഐജി നേരിട്ട് കേസ് അന്വേഷിക്കും. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐജി തലത്തിലുളള അന്വേഷണം സനലിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്‍റെ കുടുംബം നിവേദനം നല്‍കിയിരുന്നു. സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related News