Monday
10 Dec 2018

മഹാപ്രളയദുരന്തത്തിന് ഇന്ന് ഒരു മാസം; കുട്ടനാട് വരള്‍ച്ചാ ഭീതിയില്‍

By: Web Desk | Saturday 15 September 2018 12:28 PM IST

ഡാലിയ ജേക്കബ്ബ്
ആലപ്പുഴ: സംസ്ഥാനത്ത് സംഹാരതാണ്ഡവമാടിയ മഹാപ്രളയത്തിന് ഇന്ന് ഒരുമാസം പൂര്‍ത്തിയാകുന്നു. പ്രളയത്തില്‍ താറുമാറായ കുട്ടനാടിന്റെ പലഭാഗങ്ങളും ഇപ്പോള്‍ മധ്യവേനലിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വരള്‍ച്ചയിലായി. ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകഴിഞ്ഞു. രണ്ടാഴ്ച മുന്‍പ് വരെ കരകവിഞ്ഞ പമ്പയും അച്ചന്‍കോവിലാറും  മണിമലയാറും വറ്റിയ നിലയിലെത്തി. പ്രളയാനന്തരം മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ പ്രതിഭാസമുണ്ടായിട്ടുള്ളതായി വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടനാട്ടില്‍ ഇപ്പോള്‍ നേരിടുന്ന വരള്‍ച്ചമൂലം പ്രളയത്തില്‍ നഷ്ടമായ കാര്‍ഷിക മേഖലയുടെ അതിജീവനത്തിന് കാലതാമസം നേരിടുമെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. കായല്‍ നിലങ്ങളും കരിനിലങ്ങളും അനന്തമായ പാടശേഖരങ്ങളും ഉള്‍പ്പെടുന്ന കുട്ടനാട്ടിലെ ബൃഹത്തായ കാര്‍ഷിക സമ്പത്താണ് പ്രളയത്തോടുകൂടി തകര്‍ന്നു പോയത്. പ്രളയത്തില്‍ കുട്ടനാട്ടിലെ കാര്‍ഷികമേഖലയില്‍ 250 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട് അപ്പര്‍ കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി. രണ്ടാം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായ വിതരണം ചെയ്യാനുള്ള നടപടികള്‍ക്കാണ് കൃഷി വകുപ്പ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
പ്രളയത്തിന്റെ ഭയാനകത ഏറെ അനുഭവിച്ച കുട്ടനാട്ടുകാരില്‍ തൊണ്ണൂറുശതമാനം പേരും ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. പ്രളയത്തില്‍ തകര്‍ച്ച സംഭവിക്കാത്ത ചില വീടുകള്‍ വരള്‍ച്ചമൂലം വിണ്ടുകീറുന്നുമുണ്ട്. പ്രളയാനന്തരം അനുഭവപ്പെടുന്ന കൊടുംചൂടാണ് ഇതിന് കാരണം. പ്രളയകാലത്ത് ഭൂമിയുടെ ഘടന മാറിയതിന് അനുസൃതമായി അടിത്തറയില്‍ വന്ന മാറ്റമാണ് വീടുകള്‍ തകരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇനിയും വെള്ളം ഇറങ്ങാത്തതുമൂലം സ്വന്തം വീട്ടിലേയ്ക്കു പോകുവാന്‍ സാധിക്കാത്ത നിരവധിപേര്‍ കൈനകരിയിലെ 13, 15 വാര്‍ഡുകളിലും ആര്‍ ബ്‌ളോക്കിലുമുണ്ട്. സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടേയും കൈമറന്ന സഹായത്തിലാണ് പ്രളയത്തില്‍ മുങ്ങിപ്പോയ  കുട്ടനാടിനെ ഒരുമാസത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കുവാന്‍ സാധിച്ചത്.