Monday
25 Jun 2018

ഹൈക്കോടതികളില്‍ വനിതാ ജഡ്ജിമാര്‍ പത്തുശതമാനം മാത്രം

By: Web Desk | Wednesday 14 March 2018 8:00 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ 24 ഹൈക്കോടതികളിലായി ആകെയുള്ള ജഡ്ജിമാരില്‍ 10 ശതമാനം മാത്രമാണ് വനിതകളുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ലോക്‌സഭയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വിവിധ ഹൈക്കോടതികളിലായി ആകെ 673 ജഡ്ജിമാരാണുള്ളത്. ഇതില്‍ വെറും 73 പേര്‍ മാത്രമാണ് വനിതാ ജഡ്ജിമാര്‍. അതായത് ആകെ ജഡ്ജിമാരില്‍ വെറും 10.85 ശതമാനമാണ് വനിതകളെന്നുമാണ് മാര്‍ച്ച് ഒന്നിലെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമവകുപ്പ് സഹമന്ത്രി പി പി ചൗധരി ലോക്‌സഭയില്‍ അറിയിച്ചത്.

രാജ്യത്തെ പരമോന്നത കോടതിയില്‍ ആകെയുള്ള 24 ജഡ്ജിമാരില്‍ ഒരു വനിതാ ജഡ്ജിയാണുള്ളത്. ബോംബെ, മദ്രാസ് ഹൈക്കോടതികളിലാണ് ഏറ്റവുമധികം വനിതാ ജഡ്ജിമാരുള്ളത്. 11 വനിതകള്‍ വീതമാണ് ഈ ഹൈക്കോടതികളില്‍ ജഡ്ജിമാരായുള്ളത്. വനിതാ ജഡ്ജിമാരുടെ എണ്ണത്തില്‍ 10 പേരുമായി ഡല്‍ഹി ഹൈക്കോടതിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഭരണഘടന പ്രകാരം ജഡ്ജിമാരുടെ നിയമനത്തില്‍ യാതൊരുവിധ സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കോടതികളില്‍ ജഡ്ജിമാരുടെ നിയമനം നടത്തുമ്പോള്‍ യോഗ്യതയുള്ളവരില്‍ വനിതകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.