Monday
23 Jul 2018

വിശ്വമാനവികതയുടെ കൊടിപ്പടം ഉയര്‍ത്തുന്ന കവി

By: Web Desk | Monday 14 August 2017 10:08 PM IST

പെരുമ്പുഴ ഗോപാലകൃഷ്ണന്‍

ഒരു കാലഘട്ടത്തിലെ ജനതയുടെ സംസ്‌കാരത്തെ സ്വന്തം കവിതയോടൊപ്പം കൊണ്ടുപോവുക എന്നത് ആ കാവ്യമൂല്യങ്ങളുടെ സാഫല്യത്തെയാണു സൂചിപ്പിക്കുന്നത്. അത്തരം നിറചാരിതാര്‍ഥ്യത്തിന്റെ സൗരഭ്യം ഉണര്‍ത്തുന്നതാണീവേള.
”ഏകാന്തതയുടെ അമാവാസിയില്‍ എന്റെ
ബാല്യത്തിനു കൈവന്ന ഒരു തുള്ളിവെളിച്ചമാണ്
കവിത….. ഒരു തുള്ളി വെളിച്ചമായി ഒരു
സാന്ത്വനമായി ആഴമറിയാത്ത ഒരു പൊരുളായി
ഈ ഭൂമിയെ ഞാനുമായി ബന്ധിപ്പിക്കുന്ന
സ്‌നേഹത്തിന്റെ കണ്ണിയായി ഒരിക്കലും പൂര്‍ണിമ
അറിയാത്ത എന്തോ ആയി കവിത എന്നോടൊപ്പമുണ്ട്”.
കവി ഒരിക്കല്‍ സൂചിപ്പിച്ചു.
കവിത ഉണ്ടാവാന്‍ മനുഷ്യനുണ്ടാവണമെന്നും മനുഷ്യരാശി പെറ്റുവളര്‍ത്തുന്നതാണ് കവിതയെന്നും കവി അതിന്റെ ചിപ്പിയാണെന്നും കവി കൂട്ടിച്ചേര്‍ക്കുന്നു.
ഒ എന്‍ വിയുടെ കാവ്യദര്‍ശനത്തിന്റെ ആകെത്തുക ഇന്നും ഇതുതന്നെയാണ്. ഋതുകന്യകമാരുടെ ലാളിത്യശോഭയാര്‍ന്ന തേരിലൂടെ സഞ്ചരിച്ച് സഞ്ചരിച്ച് ഇവിടെ എത്തിയ കവി, കാലം വളര്‍ത്തിയ കാവ്യതീരത്തിരുന്ന് ഇപ്പൊഴും മനുഷ്യനെപ്പറ്റിപാടുന്നു. സാംസ്‌കാരിക മൂല്യങ്ങളുടെ മൂര്‍ത്തിമത് ഭാവമായ മനുഷ്യനെപ്പറ്റി അവന്റെ ആവാസസ്ഥാനമായ ഭൂമിയുടെ സംരക്ഷണത്തെപ്പറ്റി ഒക്കെത്തന്നെയാണ് ഇന്നും കവി ആവേശകരമായി പാടുന്നത്.
നിസ്വരുടെ നിശ്വാസങ്ങളെ കാവ്യാനുഭൂതികളാക്കി മാറ്റിയ കവിയാണ് ഒ എന്‍ വി. അശരണരുടെ നിതാന്തദുഃഖം കവിയുടെ കാവ്യസംസ്‌ക്കാരമായി മാറി. മനുഷ്യസംസ്‌കാരത്തെയും സാമൂഹിക ജീവിതത്തെയും ചേതോഹരമാക്കുക എന്ന വികാരമാണ് ഈ കവിഹൃദയത്തെ അസ്വസ്ഥമാക്കിയിരുന്നത്. അതൊരുപക്ഷേ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിന്തയാവാം.
ഭാരതീയ സംസ്‌കാരത്തിന്റെ പൊരുളായ ഋഗ്വേദത്തിന്റെ പരിണാമദശയിലൊരിടത്ത് ചൂഷിത-ചൂഷക വര്‍ഗത്തിന്റെ വേര്‍തിരിവ് കണ്ടെത്തിയിരുന്നുവല്ലോ. സാര്‍വദേശീയരംഗത്തെ സാമൂഹിക പരിവര്‍ത്തനകാലഘട്ടത്തിലും നാം ഇതുതന്നെ കാണുന്നു. അതുതന്നെയായിരിക്കും മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനത്തില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന വികാരവും. ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും മനുഷ്യനു പ്രേരണ നല്‍കുന്ന കലാരൂപത്തിനേ അതിന്റെ മൗലിക ധര്‍മ്മം നിര്‍വഹിക്കാനാവൂ. ഈ കവിയുടെ കാവ്യസഞ്ചാരം ആ വഴിക്കുതന്നെയാണ്.
ചകരിനാരില്‍ തിളങ്ങിനിന്ന മണ്‍തരിയിലെ കനകധൂളികളിലെ തിളക്കം, അമൂല്യങ്ങളായ ലോഹകണികകളുടേതാണെന്ന് കണ്ടറിഞ്ഞ പടിഞ്ഞാറന്‍ ധ്വര, ഈ സ്വത്ത് സ്വന്തമാക്കുകയും കടല്‍ത്തീരത്തെ സാധാരണക്കാരന്റെ ആയുസ്സും ആരോഗ്യവും വെള്ളക്കാരന്റെ വ്യവസായത്തിന്റെ ഉന്നമനത്തിനായി ചൂഷണം ചെയ്യുകയും ചെയ്ത അവസ്ഥ ഈ കവിയുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ആ സാധുമനുഷ്യരുടെ മോചനം കവിധര്‍മ്മമാണെന്നു മനസിലാക്കുകയം ചെയ്ത ഈ മനസില്‍ അന്നുമുതല്‍ മനുഷ്യവേദനയാണ് കാവ്യവസ്തുവായി തെളിഞ്ഞത്. ആ കാവ്യപ്രതിഭയിലൂടെ ഒഴുകി വന്ന പ്രഭാകിരണങ്ങള്‍ കാലത്തിന്റെ വികാരങ്ങളെ തരളവും തീവ്രവുമാക്കി മാറ്റി.
പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ ജനതയുടെ സംസ്‌ക്കാരത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള ഒരു പുത്തന്‍ ഭാവുകത്വത്തിന്റെ വക്താവായിട്ടാണ് ഒ എന്‍ വി മുന്നോട്ടു പോയത്. ഉദാത്താശയങ്ങളെ, ലളിതമനോഹരവും ഇന്ദ്രിയ സംവേദനക്ഷമവുമായ ബിംബങ്ങളിലൂടെ വികസിപ്പിച്ച് സാധാരണ മനുഷ്യന്റെ – പരിചിതാനുഭവങ്ങളിലൂടെ വികാരതീവ്രവും ഭാവദീപ്തവുമാക്കുക എന്നതാണ് ഈ കവിയുടെ ആവിഷ്‌കാരതന്ത്രം.
കാലമാണദ്ദേഹത്തെ ഉദ്ബുദ്ധനാക്കിയത്. ഫാസിസത്തിന്റെ തകര്‍ച്ചയും സോഷ്യലിസത്തിന്റെ വിജയവുമൊക്കെ ആ മനസില്‍ ചലനമുണ്ടാക്കി. ഭാരതീയ സാഹിത്യ മണ്ഡലത്തിലും ഈ കാലഘട്ടത്തിലുണ്ടായ ഭാവപ്പകര്‍ച്ച അദ്ദേഹം വീക്ഷിച്ചിരുന്നു. ആദ്യകാലചിന്തകളായ ‘പൊരുതുന്ന സൗന്ദര്യ’ ത്തില്‍ നിന്നും അദ്ദേഹം എത്രയോ കാതം മുന്നോട്ട് നടന്നു വന്നു.
”ശബ്ദങ്ങളുടെ രാജരഥ്യകള്‍ പിന്നിട്ടുതാ –
നെത്തിയിന്നിവിടെയെന്‍
ചിന്തകള്‍ ചേക്കേറുന്നു
പട്ടുനൂല്‍പോല്‍ നേര്‍ത്തു –
നേര്‍ത്തൊരു മധുരമാ –
മസ്വാസ്ഥ്യമെന്നില്‍ നിന്നു –
മെന്‍ ചുറ്റും വളരുന്നു”
ഉദാത്തതയുടെ ഉര്‍വരതയിലേക്ക് കവിചിന്തകള്‍ വളരുന്നു എന്ന് ഇവിടെ കണ്ടെത്താനാവും.
ഒ എന്‍ വിയുടെ സര്‍ഗ്ഗാത്മക വളര്‍ച്ചയുടെ വൈപുല്യം വിളിച്ചോതുന്ന പല കവിതകളും പിന്നീട് ഭാരതീയ കാവ്യമണ്ഡലത്തില്‍ ശ്രദ്ധേയമായി മാറി. കാല്‍പനികതയുടെ നവമാനവികത കലര്‍ന്നവയായിരുന്നു അവയില്‍ പലതും. ”കാല്‍പനികതയുടെ ഒരു തരിയെങ്കിലും കലരാതെ കവിത ഉണ്ടാവില്ല’ എന്നു വിശ്വസിക്കുന്ന കവിയുടെ കാവ്യരൂപങ്ങള്‍ പലതും ആ വഴിക്കാണ് തിരിഞ്ഞിട്ടുള്ളത്. സാധാരണ ഹൃദയങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന കൊച്ചു ദുഃഖം. കോതമ്പുമണികള്‍, ചോറൂണ് തുടങ്ങിയ കവിതകള്‍ ആരുടെ മനസിലും തങ്ങി നില്‍ക്കുന്ന കവിതകളാണ്.
വിപ്ലവത്തില്‍ നിന്നും കാല്‍പനികതയിലേക്കും, മാനവികതയിലേക്കുമുള്ള കാവ്യപ്രയാണം ദേശീയതലത്തിലുള്ള കവിനിരയില്‍ ഒ എന്‍ വിക്കു ഉത്തമമായ ഒരിടം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ പ്രധാന കവിതകളില്‍ പലതും, ഹിന്ദി, ബംഗാളി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളില്‍ പ്രചരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒ എന്‍ വിയുടെ കവിതാപുസ്തകങ്ങള്‍ പലതും മലയാളത്തില്‍ ഇരുപതിലേറെ പതിപ്പുകള്‍ ആയിക്കഴിഞ്ഞിരിക്കുന്നു! ഈ കവിയുടെ കവിതാ രചനാരീതിയും, അതിലെ പ്രമേയത്തിന്റെ മൗലികതയും ഒ എന്‍ വി കവിതകള്‍ക്കു അസൂയാവഹമായി ലഭിക്കുന്ന ഈ പ്രചരണവും ഇതര ഭാരതീയ കവികള്‍ അത്ഭുതത്തോടെയാണ് നോക്കിനില്‍ക്കുന്നത്. ഒ എന്‍ വിയെപ്പോലെ ഇത്രയുമധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കവികളെ ഹിന്ദിഭാഷയിലോ ബംഗാളിയിലോ കണ്ടെത്താനാവില്ലെന്ന് ഭാരതീയകവികള്‍ ചൂണ്ടിക്കാണിക്കുന്നു. മലയാള കവിതയുടെ അഭിമാനത്തിന്റെ കൊടിപ്പടം ഇവിടെ ഉയര്‍ന്നുപാറുമ്പോള്‍ ഏതൊരു മലയാളിയാണ് സന്തോഷിക്കാത്തത്!.
വിശ്വചക്രവാളങ്ങളിലും ഒ എന്‍ വി കവിതകള്‍ മുഴങ്ങികേള്‍ക്കുന്നു എന്നത് ഏതു കാവ്യ സ്‌നേഹികളെയാണ് കോരിത്തരിപ്പിക്കാത്തത്! ഇംഗ്ലണ്ട്, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സാഹിത്യലോകം ഒ എന്‍ വി കവിതകളുമായി പരിചയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജീര്‍ണ്ണതയുടെ വീടിന്റെ ഉമ്മറത്തിരുന്നു. ”വാഴ്‌വിന്റെ പുസ്തകത്താളിലിതുവരെകാലം കുറിച്ചിട്ട താദിപര്‍വ്വം മുതല്‍ മുന്നില്‍ തെളിയവെ, പോക്കുവെയില്‍ തൊട്ടു പൊന്‍തരിയാക്കുന്ന വാക്കുകളാല്‍ ഞാന്‍ ചിലതു പകര്‍ത്തുന്നു” എന്നു പറയുന്ന കവി തന്റെ കവിതാ രചന തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
‘ലോകത്തെവിടെയും എനിക്കൊരു
വീടുണ്ട്’ എന്നവകാശപ്പെടുമ്പൊഴും
‘മറ്റുള്ളവര്‍ സ്വയം കത്തിയെരിയുന്ന
സുസ്‌നേഹമൂര്‍ത്തിയാം സൂര്യ
സ്വസ്തി ഹേ, സൂര്യ, തേ സ്വസ്തി!’
എന്ന് പാടുമ്പോഴും വിശ്വദര്‍ശനത്തിന്റെ
വികാസഗോപുരങ്ങളില്‍ മലയാളകവിതയുടെ കൊടിപ്പടം ഉയര്‍ത്തുന്ന
മാനവികതയുടെ പ്രതീകമായ ഒ എന്‍ വി എന്ന മഹാകവിയെ നാം കാണുന്നു.