Wednesday
22 Aug 2018

പാര്‍ട്ടിക്കുവേണ്ടി സര്‍ഗ പ്രതിഭ മാറ്റിവച്ച കവിയായിരുന്നു ഒഎന്‍വി: ആര്‍ രാമചന്ദ്രന്‍ എംഎല്‍എ

By: Web Desk | Wednesday 14 February 2018 10:58 AM IST

കമ്യൂണിസ്റ്റു പാര്‍ട്ടിക്കുവേണ്ടി സര്‍ഗ പ്രതിഭ മാറ്റിവച്ച കവിയായിരുന്നു ഒഎന്‍വി: ആര്‍ രാമചന്ദ്രന്‍ എംഎല്‍എ
ചവറ: കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ തന്റെ സര്‍ഗവാസന മാറ്റിവച്ച കവിയായിരുന്നു ഒഎന്‍വിയെന്നു ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. കവി ഒഎന്‍വി കുറുപ്പിന്റെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചവറ ബസ്സ് സ്റ്റാന്റില്‍ നിന്നാരംഭിച്ച അനുസ്മരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഎന്‍വിയുടെ വരികളും കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവുമാണ് ലോകത്തിലാദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ വരാന്‍ കാരണമാക്കിയത്.നമ്മുടെ സംസ്‌ക്കാരത്തില്‍ സായുധവിപ്ലവത്തിനേക്കാള്‍ പ്രായോഗികമായത് സാംസ്‌ക്കാരിക വിപ്ലവമാണ് എന്ന് തെളിയിച്ചയാളാണ് ഒഎന്‍വിയെന്നും ആര്‍ രാമചന്ദ്രന്‍ അനുസ്മരിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ഐ ഷിഹാബ്, മണ്ഡലം സെക്രട്ടറി പി ബി രാജു, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി പിള്ള, അഡ്വ.മണിലാല്‍, അഡ്വ. പി ബി ശിവന്‍, അഡ്വ. ഷാജി എസ് പള്ളിപ്പാടന്‍, വി ജ്യോതിഷ്‌കുമാര്‍, കെ എസ് ബാബു എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത അനുസ്മരണ റാലി ഒഎന്‍വിയുടെ തറവാടായ നമ്പ്യാടിക്കലെത്തി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.