Monday
16 Jul 2018

തുറന്നു പറച്ചിലിലുരുകുന്ന അധീശശക്തികള്‍

By: Web Desk | Sunday 20 August 2017 9:01 PM IST

ഡോ. സി ഉണ്ണികൃഷ്ണന്‍

ഒഎന്‍വിയുടെ ‘സ്വയംവരം’ എന്ന കവിതയെ

മുന്‍നിര്‍ത്തി ഒരു പഠനം

പൗരാണിക കഥകളോടും കാഴ്ചപ്പാടുകളോടും ബാല്യത്തിലേ ഹൃദയബന്ധം സ്ഥാപിച്ച കവിയാണ് ഒഎന്‍വി കുറുപ്പ്. എന്നാല്‍ തന്റെ ആദ്യകാല കവിതകളിലൊന്നും തന്നെ പുരാവൃത്തപരമായ പരാമര്‍ശങ്ങള്‍ അധികം നടത്തിയതായി കാണുന്നില്ല. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്ന സമത്വാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയുടെ ലഹരിയിലായിരുന്നു കവി.’പടവാളുകള്‍, പീരങ്കികള്‍, വിഷബോംബുകള്‍ കാട്ടുമിരുള്‍-പ്പടയുടെ തലകൊയ്യാനണിചേരാമോ?’മുന്നേറും ജനതിതന്‍ മുന്നണിയില്‍ തിരിവെട്ടം മിന്നിക്കും രാക്കുയിലുകള്‍ ചോദിച്ചേവം!അതുകേട്ടു കുടിലുകള്‍, മിന്നുകയാണവയില്‍ കൊച്ചരിവാളുകള്‍, വിപ്ലവത്തെളിനാളങ്ങള്‍’ (അരിവാളും രാക്കുയിലും)മന്നിനെ കരയിക്കുന്ന ഒരായിരം സംഹാരചരിത്രത്തിന്റെ പാഠങ്ങള്‍ ഏറ്റുവാങ്ങി കത്തുന്ന നെഞ്ചോടെ അന്തിമ മഹായുദ്ധ കാട്ടുതീ പരത്തുന്ന തീപ്പന്തവുമായി വരുന്ന കാട്ടാളനാകാനായിരുന്നു കവിക്ക് അന്നാഗ്രഹം (കവിയും കാട്ടാളനും). നാളത്തെ ജീവിതപൂക്കള്‍ക്കുവേണ്ടി പോരാളികള്‍ക്കൊപ്പം മരിക്കാനും തയാറാണെന്ന മാനസികാവസ്ഥയിലായിരുന്നു കവി നിലനിന്നത് (ചോരക്കിളി). അതുകൊണ്ടുതന്നെ പൗരാണികത കവിക്ക് ഇരുള്‍തിങ്ങുന്ന ഖജനാവ് മാത്രമാണ്.

ഇതിഹാസപുരാണങ്ങള്‍, വേദങ്ങള്‍, പഴമകള്‍, തന്നിരുള്‍തങ്ങും ഖജനാവുകളൊന്നു പൊളിക്കൂ മധുരിക്കും വാക്കുകള്‍തന്‍ പൊന്‍പൂശിയൊരക്കള്ള-ക്കഥകള്‍ തന്‍ ചെമ്പുതെളിഞ്ഞുപോയി (അരിവാളും രാക്കുയിലും)വിപ്ലവത്തിന്റെ കാരിരുമ്പുശക്തിയാവാന്‍ കൊതിച്ച കവിയില്‍, പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍ വലിയ മാറ്റമാണ് വരുത്തിയത്. പ്രത്യശശാസ്ത്രബാഹ്യമായ കാരണങ്ങളാല്‍ പ്രസ്ഥാനം പിളര്‍ന്നതും തച്ചുടയ്ക്കലിന്റെ തച്ചുശാസ്ത്രം. പരസ്പരം പയറ്റുന്നത് കണ്ടും ചെമ്മുകില്‍ സ്വപ്നം നഷ്ടമായ കവി കൊച്ചുദുഃഖങ്ങളുടെ പച്ചത്തുരുത്തിലേക്ക് അണയുകയാണ് ചെയ്യുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ നിലവിളി പോലെ കവി ചോദിക്കുന്നുണ്ട്.”ഭൂമികന്യകയെ വേള്‍ക്കാന്‍വന്ന മോഹമേയിന്ദ്രകാര്‍മുകമെടുത്തു നീകുലച്ചുതകര്‍ത്തെന്നോ…?” (വളപ്പൊട്ടുകള്‍)ആശയദാര്‍ശങ്ങളില്‍ വലിയ പരിണാമത്തിന് കാരണമായ രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങള്‍ കവിയെ പുതിയ വഴിയിലേക്ക് നയിക്കുകയാണ് ചെയ്തത്. ഇതിഹാസ പുരാണങ്ങളോട് അന്നുവരെ പുലര്‍ത്തിയിരുന്ന മനോഭാവം ക്രമേണ മാറുകയും ‘ ഒരു തുള്ളി വെളിച്ചം’ പോലെ അതില്‍ നിന്ന് പുതുമാനങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഉദാത്തം പോലെയുള്ള (പുരവൃത്തപരാമര്‍ശിതമായ അലങ്കാരം) അലങ്കാരങ്ങളായും സാന്ദര്‍ഭികമായി പുരാണ കഥകളുടെ ധ്വനിപ്പിക്കലായും അത് കവിതയില്‍ തെളിഞ്ഞുവരുന്നു. എന്നാല്‍ തന്റെ കാവ്യജീവിതത്തിന്റെ അപരാഹ്നത്തില്‍ മാത്രമാണ് പുരാവൃത്തങ്ങളെ ആവിഷ്‌ക്കരണോപാധി എന്ന നിലയില്‍ പൂര്‍ണമായും സ്വീകരിക്കുന്നതെന്ന് കാണാം. ഇത്തരമൊരു മാറ്റത്തിന് ആധാരമായ കാരണങ്ങളില്‍ മുന്‍പറഞ്ഞതുകൂടാതെ മറ്റു ചിലതുകൂടിയുണ്ടെന്ന് വ്യക്തം. അവയെ ഇങ്ങനെ ചുരുക്കാം.കാലത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യാന്‍ പൗരാണിക സങ്കല്‍പങ്ങളുടെ പശ്ചാത്തലം അനിവാര്യമാണെന്ന വിശ്വാസമാണ് ഇതിലൊന്നാമത്തേത്.

1982-ല്‍ വയലാര്‍ അവാര്‍ഡ് ലഭിച്ച ഒഎന്‍വിയുമായി മദിരാശി ദൂരദര്‍ശനുവേണ്ടി അഭിമുഖം നിര്‍വഹിച്ചത് എം ടി വാസുദേവന്‍ നായരായിരുന്നു. കാലത്തെ അടയാളപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ വഴി പുരാവൃത്തങ്ങളാണെന്ന് രണ്ടുപേരും ഒന്നുപോലെ വെളിപ്പെടുത്തുന്നുണ്ട്. പൗരാണിക കൃതികളുടെ മാനവികമുഖം അടയാളപ്പെടുത്താനുള്ള വഴിയായും ഇതിനെ നിരീക്ഷിക്കുന്നു. കസാന്‍ദസാതീസ് അടക്കമുള്ള എഴുത്തുകാര്‍ ബൈബിളിന്റെ ഉദാത്താശങ്ങള്‍ സന്നിവേശിപ്പിക്കാനുള്ള മാര്‍ഗമായി തങ്ങളുടെ രചനകളെ മാറ്റിയതിന്റെ ഉദാഹരണങ്ങള്‍ കൂടി ഒഎന്‍വി അവിടെ ചൂണ്ടിക്കാട്ടുന്നതായി കാണാം. ഒഎന്‍വിയുടേതെന്ന പോലെ എംടിയുടെയും പുരാവൃത്താധിഷ്ഠിതമായ കൃതികള്‍ ഇതിനുശേഷം പിറവികൊള്ളുന്നു എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. നാഗരികമായ സാമൂഹ്യാന്തരീക്ഷത്തില്‍ ആധുനികമെന്നും ഉത്തരാധുനികമെന്നുമൊക്കെയുള്ള സാങ്കേതിക സംജ്ഞകള്‍കൊണ്ട് സാമൂഹ്യപ്രശ്‌നങ്ങളെ മൂടിവയ്ക്കുകയും ആവിഷ്‌ക്കരണ തലത്തില്‍ ദുര്‍ഗ്രഹത ആഡംബരമായി കൊണ്ടാടുകയും ചെയ്യുമ്പോള്‍ ഇതിനെതിരായ ഒരു പ്രതിപ്രവര്‍ത്തനത്തിനുള്ള സഹിത്യവഴി എന്ന നിലയില്‍ കവിതയില്‍ ഒഎന്‍വിയും നോവലില്‍ എംടിയും പുരാവൃത്തങ്ങളെ സ്വീകരിക്കുന്നതായി കണക്കാക്കാം. കഥ പറയാനും കഥ ശ്രവിക്കാനുമുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അഭിരുചിയുടെ തിരിച്ചറിവ് കൂടി പൗരാണികാധിഷ്ഠിത കഥാകാവ്യങ്ങളുടെ രചനയിലേക്ക് ഒഎന്‍വിയെ നയിച്ചു എന്ന് കരുതാം.പൗരാണികതയ്ക്ക് മേലുള്ള അധീശവര്‍ഗത്തിന്റെ പിടി കൂടുതല്‍ ബലിഷ്ഠമാവുകയും അതിലെ മാനവികാംശങ്ങളുടെ ആരായലുകള്‍ക്ക് അദൃശ്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത കാലഘട്ടത്തിലാണ് ഒഎന്‍വിയെപോലെയുള്ള കവികള്‍ പുരാണങ്ങളെ തങ്ങളുടെ ദാര്‍ശനിക വിഡംബത്തിനുള്ള ഉപാധിയായി സ്വീകരിക്കുന്നത്. ഇന്നാകട്ടെ പ്രത്യക്ഷമായ വിലക്കുകളായി അത് മാറുകയും തങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കപ്പുറം പുരാണത്തെ സ്പര്‍ശിക്കാന്‍ സജ്ജരാകുന്നവര്‍ക്ക് വധശിക്ഷ പോലും വിധിക്കാന്‍ തയാറാകുന്ന തരത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭൗതീകവാദം തന്നെ നിരോധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഭാരതീയ സാമൂഹ്യാവസ്ഥ അതിവേഗം മാറ്റിയെടുക്കുന്നു എന്നതും കാണാതിരുന്നുകൂട. ആചാരാനുഷ്ഠാനങ്ങളാല്‍ ബന്ധിതമായ ആത്മീയതയിലൂടെ ഒരേകാധിപത്യത്തിന്റെ പാത സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമങ്ങള്‍ തുടക്കത്തിലെ ഒഎന്‍വിയെപോലെയുള്ള കവികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനെതിരായി ഇന്ത്യന്‍ ആത്മീയതയില്‍ നിലനില്‍ക്കേണ്ട ജനാധിപത്യത്തെക്കുറിച്ചാണ് അദ്ദേഹം ഏറെ ചിന്തിച്ചത്. അതിനാല്‍ പൗരാണികദര്‍ശനങ്ങള്‍ക്ക് മാനവികമായ മുഖമേകാനും സമകാലിക ജീവിതവുമായി അതിനെ സമരസപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു. ‘മൃഗയ’, ‘ഉജ്ജയിനി’, ‘സ്വയംവരം’ തുടങ്ങിയ ബൃഹദാഖ്യാനങ്ങളെല്ലാം ഇതിന് തെളിവേകുന്നു.1995-ല്‍ എഴുതിയ ‘സ്വയംവരം’ സമകാലിക ജീവിതവുമായി ഏറെ സമരസപ്പെട്ടു നില്‍ക്കുന്ന കൃതിയാണ്.

മഹാഭാരതം ഉദേ്യാഗപര്‍വത്തിലെ ‘ഗാലവചരിത’ത്തെ പിന്തുടര്‍ന്നുകൊണ്ടാണ് ‘സ്വയംവരം’ രചിച്ചിരിക്കുന്നത്.’യത്ര നാര്യസ്തുപൂജ്യന്തേരമന്തേ തത്ര ദേവതാഃ’- എന്ന പുകഴ്‌ച്ചൊല്ലുകളോടെ വഞ്ചിക്കപ്പെട്ട ഇന്നലത്തെയും ഇന്നത്തെയും ഭാരതീയ സ്ത്രീത്വത്തിനാണ് ഈ കൃതി സമര്‍പ്പിച്ചിരിക്കുന്നത്.”മഹാഭാരതം ഉദേ്യാഗപര്‍വത്തില്‍ വ്യാസന്‍ ഗാലവന്റെ കഥ പറയുന്നു. വിശ്വാമിത്രന്റെ പ്രിയ ശിഷ്യനായ ഗാലവന്റെ കഥ. എന്നാല്‍ ‘കുസുമേ കുസുമോല്‍പത്തി’ എന്നപോലെ ആ കഥയില്‍ നിന്നുരുത്തിരിഞ്ഞുവരുന്ന മറ്റൊരു കഥയുണ്ട്. മാധവിയുടെ: യയാതിയുടെ മകളായ മാധവിയുടെ. ആ കഥയാണ് ഇവിടെ പറയുന്നത്. വ്യാസന്റെ വരികള്‍ക്കിടയിലെ മൗനത്തിന്റെ ഇതള്‍വിടര്‍ത്തി ചിലത് കണ്ടെത്താനുള്ള എളിയ ഒരു ഉദ്യമം. ഇത്, മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തിന്റെയും പുനരാഖ്യാനമല്ല. ഇതിഹാസാസ്പദമായ ഒരു സ്വതന്ത്രകാവ്യം. അത്രമാത്രം.(ഒഎന്‍വി, ആമുഖം, സ്വയംവരം)വാശികൊണ്ടുള്ള നാശം വ്യക്തമാക്കാന്‍ ദുരേ്യാധനന് നാരദന്‍ പറഞ്ഞുകൊടുക്കുന്ന കഥയാണ് ഗാലവചരിത്രം. ഈ കഥാഖ്യാനത്തിനിടയില്‍ വ്യാസന്‍ പുലര്‍ത്തിയ ചില മൗനത്തിന്റെ തോടുകള്‍ ഉടയ്ക്കുവാന്‍ കവി തയാറാകുന്നിടത്താണ് മാധവിയില്‍ എത്തിച്ചേരുന്നത്. അതാകട്ടെ പെണ്ണിന്റെ മാനത്തിന് വിലപേശുന്ന പുരുഷാധികാരത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയായി മാറുന്നു. വെറും ഉടല്‍രൂപങ്ങള്‍ മാത്രമായി പെണ്ണിനെ കാണുന്ന അധീശത്വത്തെ തുറന്നുകാട്ടുക എന്ന പ്രധാന ലക്ഷ്യമാണ് കവി ഇവിടെ നിര്‍വഹിക്കുന്നത്. ഭൗതീക അധികാരവും (ഭരണകൂടം) ആത്മീയാധികാരവും (പൗരോഹിത്യം) ഒന്നുപോലെ പെണ്ണിനെ അടിമകളാക്കി അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവളുടെ വികാരങ്ങള്‍ക്ക്, വിചാരങ്ങള്‍ക്ക്, ഭാവനകള്‍ക്ക്, സ്വപ്നങ്ങള്‍ക്ക്, കര്‍മങ്ങള്‍ക്ക് ഒന്നിനും വിലകല്‍പിക്കാത്ത പുരുഷാധിപത്യ സാമൂഹ്യക്രമത്തെ കൃത്യമായി വെളിപ്പെടുത്തുകയാണ് ഒഎന്‍വി മാധവിയുടെ കഥയിലൂടെ.ആത്മനിഷ്ഠമായി ആഖ്യാനം നിര്‍വഹിക്കുന്ന ഒഎന്‍വി ഏത് ക്രൂരയാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുമ്പോഴും അതില്‍ നിന്ന് അന്യമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കവിത ആത്മപ്രകാശമാകുന്നതോടൊപ്പം തന്നെ ആത്മാര്‍ഥതയുടെ രൂപം കൂടിയാകുന്നു.’ഭാരതം പൂജിച്ചു വഞ്ചിച്ചു- നിന്ദിച്ചൊരായിരം നാരിമാര്‍ക്കെന്‍ തിരു- വാഴ്ത്തുകള്‍ആ നാരിമാരിലെന്‍ നേര്‍പ്പെങ്ങളെപ്പോലെആരാണരികത്തു നില്‍പവള്‍ മാധവി’ഒരേ സമയം പൂജിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ എക്കാലത്തേയും അടയാളമായിട്ടാണ് മാധവിയെ കവി കാണുന്നത്. വിശ്വാമിത്രന്റെ പ്രിയശിഷ്യനായി ഗുരുകുലവാസം പൂര്‍ത്തിയാക്കിയ ഗാലവന് യാത്രാനുമതി നല്‍കുമ്പോള്‍ ദക്ഷിണയൊട്ടും ആവശ്യമില്ലെന്നാണ് ആ ഗുരുവിന്റെ കല്‍പന. എന്നാല്‍ ദക്ഷിണ നല്‍കാതേല്‍ക്കുന്ന വിദ്യ കര്‍മത്തില്‍ നിഷ്ഫലമായിപോകും എന്ന് വിശ്വസിക്കുന്നയാളാണ് ഗാലവന്‍. ദക്ഷിണകൊണ്ട് എന്ത് വിദ്യയും നേടിയെടുക്കാം എന്ന് വിശ്വസിക്കുന്ന ‘സ്വാശ്രയ’ കാലഘട്ടത്തിലകപ്പെട്ടവര്‍ക്ക് ഈ ഗാലവനെ പെട്ടെന്ന് പിടികിട്ടും. ഉമിയില്‍ കനലുപോലെ ഈയാളില്‍ നീറുന്ന അഹംബോധത്തെ ആ ഗുരു തിരിച്ചറിയുകയും എങ്കില്‍ ഒരു കാത് മാത്രം കറുത്ത തിങ്കള്‍നേര്‍ നിറമെഴുന്ന എണ്ണൂറ് കുതിരകളെ ദക്ഷിണയായി അര്‍പ്പിക്കാന്‍ വിശ്വാമിത്രന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ദക്ഷിണ നേടുന്നതെങ്ങനെയെന്നറിയാതെ ആകുലപ്പെട്ട ഗാലവനെ ഗരുഡനാണ് മൂലകൃതിയില്‍ യയാതിയുടെ സമീപത്തെത്തിക്കുന്നത്. എന്നാല്‍ ‘സ്വയംവര’ത്തിലാകട്ടെ ഉല്‍ക്കണ്ഠാകുലനായി നദിക്കരയില്‍ എത്തിച്ചേരുന്ന ഗാലവന് ആത്മമിത്രം പോലെ വന്നണയുന്ന ആഗതനാണ് മന്ദാകിനി തീരത്തെ യയാതിയുടെ പാവനപ്രതിഷ്ഠാനഗരം ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്. ജീവിച്ചിട്ടും ജീവിച്ചിട്ടും ഭോഗസക്തിയൊട്ടും കുറയാതെ സ്വന്തം മകന്റെ യൗവനം ഏറ്റുവാങ്ങി പകരം തന്റെ വാര്‍ധക്യം നല്‍കിയ യയാതിക്ക് ഗാലവമുനിയുടെ അപേക്ഷ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടായി. നിരസിക്കാന്‍ കഴിയാത്ത ആവശ്യത്തിനുമുന്നില്‍പ്പെട്ട യയാതിക്ക് തോന്നിയ സമ്പത്താണ് തന്റെ മകള്‍ മാധവി. പണയം വയ്ക്കാനുള്ള ഒരു ഉപകരണം മാത്രമാണ് മകളായിട്ടും യയാതിക്ക് മാധവി. സുഖഭോഗതല്‍പരരായ പുരുഷന്മാര്‍ കേവലം പണയവസ്തുവായി പെണ്ണിനെ കാണുന്ന ഒരു പാരമ്പര്യം പൗരാണികകാലത്തേ ഇവിടെ നിലനിന്നിരുന്നു. ക്രീഡാവിനോദ ലഹരിയില്‍ ധര്‍മപുത്രര്‍ പാഞ്ചാലിയേയും നളന്‍ ദമയന്തിയേയും പണയവസ്തുക്കളാക്കുന്നു. വിശ്വസ്തരായ ഭാര്യമാരാണ് ഇവിടെ പണയപ്പണ്ടങ്ങളാകുന്നതെങ്കില്‍ ഇവിടെ ഒരച്ഛന്‍ പണയവസ്തുവായി മകളെത്തന്നെ നല്‍കുകയാണ്. ഗാലവന് കുതിരക്ക് പകരമായി മകളെ നല്‍കുന്ന യയാതി.’എണ്ണൂറശ്വങ്ങളോ, ഇന്നീകന്യതന്‍ മുന്നില്‍ നിഷ്പ്രഭം!മന്നവര്‍ മത്സരിച്ചീടാ-മിവള്‍ക്കായതു നല്‍കുവാന്‍’- എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇതുകണ്ട യയാതിയുടെ പത്‌നി ഞെട്ടിത്തെറിച്ചുകൊണ്ട് ”ഒരു പെണ്ണിന്‍ വിലയെണ്ണൂറശ്വമോ?” എന്ന് ചോദിക്കുന്നുണ്ട്. തൃപ്കാര്യ നിയോഗങ്ങളില്‍ നാരിക്ക് കാര്യമില്ലെന്ന വിശ്വാസത്താല്‍ അവര്‍ സ്വയം നിയന്ത്രിക്കുന്നു. അടയാഭരണങ്ങളണിഞ്ഞ് രാജപത്‌നിയായി വാഴുകയും മൂകസാക്ഷിയായി നിലകൊള്ളുകയും ചെയ്യുക എന്നതാണ് അവരുടെ വിധി.പെണ്‍ജന്മത്തിന്റെ ശപ്തതയാണ് മാധവി അപ്പോള്‍ ചിന്തിച്ചത്. പാകമായാല്‍ പിരിച്ചു നടുന്ന തൈകളെപോലെയാണ് പെണ്ണെന്നറിയാം. എങ്കിലും തന്റെ മനസെന്തെന്നറിയാതെ തന്റെ അഭീഷ്ടമെന്തെന്ന് ചോദിക്കാതെ തന്നിലെ സര്‍വാധികാരങ്ങളും യുവമുനിക്കേകിക്കൊണ്ടുള്ള പിതാവിന്റെ കല്‍പന മാധവിക്ക് അവിശ്വാസമായിത്തോന്നി. ചിന്താശേഷിയുള്ള ഒരു പെണ്ണിനും വിശ്വസിക്കാന്‍ കഴിയാത്തവഴിയിലൂടെയാണ് സാമൂഹ്യനിയമങ്ങളുടെ സഞ്ചാരമെന്ന് ഇന്നെന്നപോലെ മാധവിയും തിരിച്ചറിയുന്നു. നിഷേധിക്കാനുള്ള ശക്തിയില്ലാതെ ഗാലവനൊപ്പം അവളിറങ്ങി.

കെണിയില്‍ വീണ പൊന്മാനെയും കൂട്ടി ഒരു വനവേടന്‍ പോകുന്നതുപോലെയാണ് മാധവിയേയും കൂട്ടിയുള്ള ഗാലവന്റെ സഞ്ചാരം. മുനിയുടെ കരുതലില്‍ സന്തുഷ്ടയായ അവള്‍ ‘എന്നെ കൈക്കൊള്ളാനങ്ങേയ്ക്കാവുമോ?’ എന്ന് ചോദിക്കുന്നുണ്ട്. പെണ്ണിനെ ഉപയോഗിച്ച് കാര്യം നേടുക എന്ന ലക്ഷ്യം മാത്രമുള്ള കേവലം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ മനസ് മാത്രമുള്ള ഗാലവന്‍ അവളെ അയോധ്യയുടെ അരമനയിലേയ്ക്ക് കടത്തിവിടുകയാണ്. മക്കളില്ലാതെ വിഷമിക്കുന്ന അയോധ്യയുടെ രാജാവ് ഹര്യശ്വന്‍ ഇരുന്നൂറ് ലക്ഷണമൊത്ത കുതിരകളെ നല്‍കി ഒരു വര്‍ഷത്തേയ്ക്ക് അവളെ സ്വീകരിക്കുന്നു.’സാമ്രാട്‌യയാതിതന്‍ പുത്രിയെയിന്നൊരുസന്യാസി കന്യാവിപണനം ചെയ്യുന്നുമദ്ധ്യവയസ്‌കനാം ഹര്യശ്വമന്നവനുവെപ്പാട്ടിയായി- അതും വത്സരമൊന്നിനായി’ഒരു വര്‍ഷത്തെ അയോധ്യയിലെ ജീവിതം മാധവിയെ അമ്മയാക്കുന്നു. മനസു നിറച്ച് മുലയൂട്ടുവാന്‍ പോലും ഭാഗ്യമനുവദിക്കാത്ത അവള്‍ പുത്രനെ ഹര്യശ്വന് നല്‍കി ഗാലവനൊപ്പം ഇറങ്ങുന്നു. മാതൃത്വം എല്ലാ പരാധീനതകളോടെയും കേഴുമ്പോള്‍ പുത്രലബ്ധിയില്‍ മഹാരാജാവ് ആഘോഷിക്കുന്നു. ഒരു വാടകഗര്‍ഭപാത്രത്തിന്റെ ഉടമയായി  മാത്രം മാറുന്ന പെണ്ണാണ് ഇപ്പോള്‍ മാധവി.

അയോധ്യയില്‍ നിന്ന് മാധവിയെ കാശിയിലേക്കാണ് ഗാവലന്‍ എത്തിച്ചത്. അവിടെയും ലക്ഷണമൊത്ത കുതിരകള്‍ ഇരുന്നൂറു മാത്രം. അതു വാങ്ങി ദിവോദാസന്റെ ഇണയായി ഒരു വര്‍ഷത്തേയ്ക്ക് മാധവിയെ നല്‍കുന്നു. അവിടെയും ഒരാണ്‍കുഞ്ഞിന് ജന്മമേകി ദിവോദാസനേകി അവള്‍ മുനിക്കു പിന്നാലെ യാത്ര തിരിക്കുന്നു. ആ യാത്ര അവസാനിച്ചത് ഭോജപുരിയിലാണ്. അവിടെയും തനിയാവര്‍ത്തനം മാത്രം. ഇരുന്നൂറ് കുതിരകള്‍ക്കായി ഒരു വര്‍ഷത്തെ വാസം. ഉശീനരനൊപ്പം ജീവിച്ചതിന്റെ ബാക്കിപത്രമായി ഒരാണ്‍കുട്ടി കൂടി. ആ കുട്ടിക്ക് ശിബിയെന്നു പേരു നല്‍കി മാധവിക്കോര്‍ക്കാന്‍ ഒരടയാളം നല്‍കുന്നുണ്ട്. സൗന്ദര്യാരാധകനായ ഉശീനരന്‍. അറുനൂറു കുതിരകള്‍ മാത്രം നേടുകയും എന്നാല്‍ ഗുരുദക്ഷിണക്ക് അത് തികയാതെ വരികയും ചെയ്തപ്പോള്‍ അവളെയും കൂട്ടി ഗുരുസവിധത്തിലെത്തുകയാണ് ഗാലവന്‍. പശ്ചാത്താപവിവശതയോടെ അറുനൂറ് മാത്രമേ ലഭിച്ചുള്ളു എന്ന് ഗുരുപാദങ്ങള്‍ നമിച്ച് അറിയിച്ച പ്രിയശിഷ്യനെ നോക്കി പരിഹാസത്തോടെ ചിരിക്കുകയാണ് വിശ്വാമിത്രന്‍. ഗുരുദക്ഷിണക്കായി ഇവളെയും കൂട്ടി കൊട്ടാരങ്ങള്‍തോറുമലയാതെ നേരെ തനിക്ക് സമര്‍പ്പിച്ചാല്‍ പോരേ എന്നായി ഗുരുവിന്റെ മറുപടി. കുതിരകളെ സ്വതന്ത്രരാക്കാന്‍ കല്‍പിച്ച മഹാമുനി പക്ഷേ മാധവിയെ തനിക്കൊപ്പം നിര്‍ത്തുകയാണ് ചെയ്തത്. ഇന്ദ്രിയ ബന്ധിതരാണെന്ന് കല്‍പിക്കപ്പെട്ടിട്ടുള്ള മുനീന്ദ്രരില്‍ നിന്നുപോലും പെണ്ണിന് മോചനമില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കവി വിരല്‍ ചൂണ്ടുന്നത്.’കാടേറിപ്പോവാന്‍ തുരഗ-ങ്ങള്‍ക്കീമാമുനി നല്‍കിസ്വാതന്ത്ര്യ, മതെങ്കിലുമീ ഹതഭാഗ്യയ്‌ക്കേകീലല്ലോ’- എന്നാണ് മാധവി ചിന്തിക്കുന്നത്. പ്രകൃതിയില്‍ തിര്യക്കുകള്‍ക്കു കിട്ടുന്ന സ്വാതന്ത്ര്യം പോലുമില്ലാത്തവളായി പെണ്ണ് മാറുന്നു. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഭരണകൂടങ്ങളും ആത്മീയകേന്ദ്രങ്ങളും ഒന്നുപോലെ അവളെ അടിമയാക്കി നിലനിര്‍ത്തുന്നു. വ്യവസ്ഥ നിലനിര്‍ത്താനുള്ള ഉല്‍പാദന ഉപകരണം മാത്രമായി അവള്‍ മാറുന്നു. ആശ്രമത്തില്‍ വിശ്വാമിത്രനൊപ്പം ഒരു വത്സരം കൂടി കഴിഞ്ഞു. അവിടെയും പതിവു തെറ്റിക്കാതെ കുട്ടിയെ പെറ്റു. ‘അഷ്ടകന്‍’ എന്ന് കുട്ടിക്ക് പേരു നല്‍കി. തുടര്‍ന്ന് അവളെ യയാതിയെ ഏല്‍പിക്കാന്‍ ഗുരുശിഷ്യന് കല്‍പനയേകി.പിതൃഗേഹത്തിലേക്ക് പോകാന്‍ മാധവിക്ക് മനസുവരുന്നില്ല. അപമാനഭാരത്താല്‍ എല്ലാറ്റിനേയും വെറുത്തവളാണവള്‍. ഒരാളെയും അഭിമുഖീകരിക്കാന്‍ അവള്‍ക്ക് കഴിയില്ല. സഹതാപത്തിനുപോലും ഗതിയില്ലാത്ത ‘ഇര’യാണവള്‍. സമകാലിക ജീവിതത്തില്‍ നാം കണ്ടും കേട്ടുമറിഞ്ഞ കൂട്ടബലാല്‍ക്കാരത്തിന് വിധേയരാക്കപ്പെട്ട ഇരകളുടെ മനസാണ് ഇന്ന് മാധവിക്കുള്ളത്. യയാതിയും നഗരവും കൊട്ടാരവുമെല്ലാം അവള്‍ വെറുക്കുന്നു. താപസിയായിക്കഴിയാനും അവള്‍ക്ക് മാര്‍ഗമില്ല. പിതൃഗേഹത്തിലെത്താനാണ് വിധി. അവിടെ സ്വതന്ത്രവാസത്തിനും സാധ്യതയില്ല. കെട്ടുദോഷം തീര്‍ത്ത് കുലമഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് വെമ്പല്‍. സ്വയംവരത്തിന്റെ ഒരുക്കത്തിലാണ് യയാതി. എതിര്‍ത്തിട്ടൊരു കാര്യവുമില്ലെന്നറിയുന്ന മാധവി ഒരേയൊരാഗ്രഹമാണ് മുന്നോട്ടുവച്ചത്.”ഉണ്ടൊരേയാഗ്രഹം- നാളെ സ്വയംവര-പ്പന്തലീ രാജാങ്കണത്തിലല്ലാ വേണ്ടുഗംഗായമുനകളൊന്നിച്ചു ചേരുന്നമംഗളരമ്യമാമാശ്രമഭൂമിയില്‍,കാട്ടുമുളകള്‍, പൂച്ചില്ലകള്‍, വള്ളികള്‍ കോര്‍ത്തൊരു പന്തല്‍- അതാണെന്റെയാഗ്രഹം”അവളുടെ ആഗ്രഹം അംഗീകരിക്കപ്പെട്ടു. പ്രകൃതിസ്‌നേഹിയായ പെണ്ണിന്റെ നിരുപദ്രവകരമായ ഇച്ഛകള്‍ക്ക് ആര് തടസമാകാനാണ്. ആര്‍ഭാടപൂര്‍ണമായ സ്വയംവരപ്പന്തലില്‍ ഒരു പാവയെപോലെ ചിരിച്ചുകൊണ്ടെല്ലാവരേയും വരവേല്‍ക്കുന്ന മാധവിയുടെ മനസ് പൊട്ടിക്കരയുന്ന നാലിളം കുഞ്ഞുങ്ങളുടെ തൊട്ടില്‍ പോലെ ആടിക്കൊണ്ടിരുന്നു. സ്വയംവരപ്പന്തലില്‍ മാധവിയെ വരിക്കാനൊട്ടേറെ മഹാരാജാക്കന്മാര്‍ എത്തിയിരിക്കുന്നു. അവരില്‍ തന്റെ കുട്ടികളെ ഏറ്റുവാങ്ങിയ ഹര്യശ്വനും ദിവോദാസനും ഉശീനരനും ഉണ്ടെന്നുള്ളത് അവളെ അത്ഭുതപ്പെടുത്തി. തന്റെ മുഖപടം നീക്കി അവള്‍ വരന്മാരോടായി ചോദിച്ചു.”അരചന്മാരേ കേള്‍പ്പിന്‍മൂന്നരചന്മാര്‍ക്കൊപ്പംഒരു മാമുനിക്കൊപ്പംരാവുറങ്ങിയോളിവള്‍നാലു പെറ്റവള്‍! കന്യയല്ലാത്തൊരിപ്പെണ്ണിനെവേളി ചെയ്യുവാന്‍ നിങ്ങള്‍-ക്കിനിയുമുണ്ടോ മോഹം?” – കപട സദാചാരത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പും വിധത്തിലുള്ള ആ അപ്രീയസത്യം രാജാക്കന്മാരെ സ്തബ്ധരാക്കി. എന്തും എല്ലാക്കാലവും സഹിച്ചു കഴിയുന്നവളാണെന്ന വിശ്വാസത്തെ അവള്‍ ഉടച്ചുകളഞ്ഞു. തുറന്നു പറച്ചിലിന്റെ ആര്‍ജവം അവള്‍ കൈവരിച്ചു. ഇനിയും പാവയായി നില്‍ക്കാന്‍ പെണ്‍വര്‍ഗം തയാറല്ലെന്ന ഉഗ്രപ്രഖ്യാപനമാണ് മാധവി നടത്തുന്നത്. തുടര്‍ന്ന് പെണ്ണിനെ എല്ലാക്കാലത്തേക്കും ബന്ധിതമാക്കുന്ന സ്വയംവരമാല്യം വലിച്ചെറിയുന്നു. നഗരം തരുന്ന അരാജകതയേക്കാള്‍ കാട് തരുന്ന സുരക്ഷിതത്വമാണ് വലുതെന്ന് അവള്‍ തിരിച്ചറിയുന്നു. സ്വയംവരം എന്നാല്‍ പെണ്ണിന് ‘സ്വയം’ ‘വരി’ക്കാനുള്ള അവകാശം തന്നെയാണെന്ന് മാധവി വിളംബരം ചെയ്യുന്നു.”വിശ്വപാലകന്മാരേ!വിട!  എന്‍ സ്വയംവരം നിശ്ചയിച്ചുപോയ്! ഞാനീവനത്തെ വരിക്കുന്നു!”- നിശബ്ദമായി എല്ലാ പീഡനങ്ങളും ഏറ്റുവാങ്ങി ഒടുവില്‍ അസഹ്യതയുടെ പരകോടിയില്‍ വച്ചെല്ലാ കെട്ടുപാടുകളും വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ഉഗ്രമായ പ്രഖ്യാപനം നടത്തുകയാണ് ഇവിടെ മാധവി. കാലങ്ങളായി ഏറ്റുവാങ്ങുന്ന അവഹേളനത്തില്‍ നിന്നുള്ള മുക്തിക്ക് കവി നല്‍കുന്ന പ്രചോദനമാണ് മാധവിയുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം. ഒരു പക്ഷേ ആദികവിയായ വാല്‍മീകിയുടെ പാരമ്പര്യത്തിലാണ് താനുമെന്ന് പ്രഖ്യാപിച്ചുപോന്ന (അശ്രുവാല്‍ കടല്‍ തീര്‍ത്ത ആദികവിയുടെ പിന്‍ഗാമി) കവി ഇവിടെ അശ്രുകൊണ്ടല്ല കരുത്തുറ്റ കര്‍മങ്ങള്‍കൊണ്ടാണ് കാലം തളച്ച അസ്വാതന്ത്ര്യത്തിന്റെ വിധിയില്‍ നിന്ന് മുക്തമാകാന്‍ സ്ത്രീയെ ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനത്തിന്റെ പ്രതിധ്വനികള്‍ കേരളസമൂഹത്തില്‍ അലയടിച്ചുയരുന്നു എന്നതാണ് ഒഎന്‍വിയുടെ ‘സ്വയംവരം’ എന്ന കൃതിയുടെ പ്രസക്തി.