Thursday
21 Jun 2018

ഒന്നും ഉരിയാടാതെ ഉമ്മൻ ചാണ്ടി

By: Web Desk | Wednesday 13 June 2018 10:38 PM IST

തിരുവനന്തപുരം: ഒന്നും മിണ്ടാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവന താൻ ചെയ്യില്ലെന്ന് വി.എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.  ആന്ധ്രപ്രദേശിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു.

ആന്ധ്രയിലെ നേതാക്കളോട് പരസ്യമായ അഭിപ്രായ പ്രകടനം പാടില്ലെന്ന് പറഞ്ഞാണ് ഇങ്ങോട്ടു വന്നത്. അവിടെ മൂന്നു ദിവസമായി തെരക്കിലായതുകൊണ്ടാണ് കെപിസിസി യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും അറിയിച്ചിരുന്നു. എന്നാൽ താൻ പങ്കെടുക്കാൻ വേണ്ടി യോഗം മാറ്റുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയല്ല.

കെപിസിസി അധ്യക്ഷനായി തന്നെ നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു വി.എം.സുധീരൻ ഇന്ന് രാവിലെ പരസ്യമായി ആരോപിച്ചിരുന്നു. തന്റെ സ്ഥാനാരോഹണത്തിനു വന്നില്ല, തന്റെ ജാഥയുടെ ഉത്ഘാടനത്തിൽ ജാഥ ക്യാപ്റ്റന്റെ പേര് പോലും പരാമർശിക്കാൻ മടിച്ചു, എ ഐ സി സി വീണ്ടും ചർച്ച വേണമെന്ന് പറഞ്ഞിരുന്ന വിഴിഞ്ഞം കരാർ അതില്ലാതെ അദാനിക്ക് നൽകി, തന്നോട് അസൂയ മൂത്തു മുഴുവൻ ബാറും അടച്ചു പൂട്ടി, സ്ഥാനാർഥി നിർണയത്തിൽ തെറ്റിച്ചു, തെരഞ്ഞെടുപ്പിൽ കാലു വാരി തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ്  സുധീരൻ ഉന്നയിച്ചത്.

നേതാക്കൾ അന്യോന്യം കൊമ്പ് കോർത്ത് നിൽക്കെ, കേരളത്തിലെ പാർട്ടി പ്രശ്നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്തു തീർക്കണമെന്നാവശ്യപ്പെട്ടു തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഹൈക്കമാൻഡിനെ സമീപിച്ചു.

Related News