Monday
21 Aug 2017

കാഴ്ചപ്പാടുകൾ

By: Web Desk | Sunday 18 June 2017 4:55 AM IST

ദേശാഭിമാനി
മോഡിഭരണം മൂന്നാണ്ട്‌ പിന്നിടുമ്പോൾ അരക്ഷിതരായ കർഷകരെയാണ്‌ രാജ്യത്തെങ്ങും കാണാനാകുന്നത്‌. ഏതാണ്ട്‌ എല്ലാ സംസ്ഥാനത്തും കൃഷിക്കാർ സമരരംഗത്താണ്‌. കർഷകർക്കു മുന്നിൽ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചാണ്‌ ബിജെപി രാജ്യത്തിന്റെ ഭരണസാരഥ്യം നേടിയത്‌. രണ്ടാം യുപിഎ സർക്കാരിന്റെ ദ്രോഹനയങ്ങളാൽ ജീവിതം വഴിമുട്ടിയ കർഷകരുടെ മനസിൽ മോഹമുദിപ്പിക്കുന്നതായിരുന്നു മോഡിയുടെ പ്രചാരണതന്ത്രം. മുന്നൂറിലധികം തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിൽ മോഡി പ്രസംഗിച്ചത്‌ ഡോ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചായിരുന്നു. മുടിഞ്ഞ കടത്തിൽ നിന്ന്‌ മോചനം, കാർഷികോൽപ്പന്നങ്ങൾക്ക്‌ ന്യായവില, പുതിയ തൊഴിലവസരങ്ങൾ, ആവശ്യമായ വെള്ളവും ഊർജവും ഇതൊക്കെയായിരുന്നു കർഷകന്റെ സ്വപ്നങ്ങൾ ജ്വലിപ്പിച്ച വാഗ്ദാനങ്ങൾ.

കേരളകൗമുദി
ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശയിളവ്‌ ഈ വർഷം കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനമെടുത്തത്‌ രാജ്യത്തു പടർന്നുകൊണ്ടിരിക്കുന്ന കർഷക സമരം സൃഷ്ടിച്ച സമ്മർദഫലമായിട്ടാണ്‌. മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ്‌ ഈ ആനുകൂല്യം. ഒരു വർഷത്തിനകം വായ്പ പൂർണമായും തിരിച്ചടച്ചാൽ നാലു ശതമാനം പലിശ നൽകിയാൽ മതി. യഥാർത്ഥ കർഷകർക്ക്‌ ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്‌. എന്നാൽ പല കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയാണ്‌ കർഷകർ പലപ്പോഴും നേരിടേണ്ടിവരുന്നത്‌. കൃഷിപ്പിഴയും പ്രതികൂല കാലാവസ്ഥയും ഉത്പന്നങ്ങൾക്കുള്ള വിലയിടിവും ഋണഭാരം വർധിപ്പിക്കുന്ന ഘടകങ്ങളാണ്‌. കർഷക ആത്മഹത്യകളിലേറെയും ഋണഭാരം താങ്ങാനാവാത്ത സ്ഥിതിയിൽ സംഭവിക്കുന്നതാണ്‌.

മാധ്യമം
കാർഷിക പ്രതിസന്ധിയുടെ വേരുകൾ സംസ്ഥാനങ്ങളുടെ നയങ്ങളെക്കാൾ കേന്ദ്രനയങ്ങളുമായാണ്‌ ബന്ധപ്പെട്ടു കിടക്കുന്നത്‌ എന്നതാണ്‌ വാസ്തവം. രാജ്യത്തിന്റെ സമ്പദ്ഘടന നവലിബറൽ ദിശയിലേക്ക്‌ തിരിഞ്ഞതോടെ കാർഷിക-ഗ്രാമീണ മേഖലകൾ അവഗണിക്കപ്പെട്ടു. മധ്യപ്രദേശിൽ മാത്രം കഴിഞ്ഞ 16 വർഷങ്ങളിൽ ഇരുപതിനായിരത്തിലേറെ കർഷകർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു. യഥാർഥ എണ്ണം അതിലും അധികമാകാം. കഴിഞ്ഞ 21 വർഷങ്ങളിൽ മൂന്ന്‌ ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തിരിക്കാമത്രെ. 2016-17 വർഷത്തിൽ കർഷകരും കർഷകത്തൊഴിലാളികളുമായി 1982 പേർ മധ്യപ്രദേശിൽ മാത്രം ജീവത്യാഗം ചെയ്തു. തെലങ്കാന, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര, കർണാടക, ഛത്തിസ്ഗഢ്‌ തുടങ്ങി മറ്റു സംസ്ഥാനങ്ങളിലും ഈ ദുഃസ്ഥിതിയുണ്ട്‌. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്‌ എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ്‌ രാജ്യത്തെ മൊത്തം കർഷക ആത്മഹത്യയുടെ പകുതിയിലേറെയും.

ദീപിക
കേരള തീരത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പലതും അതീവ ഗുരുതരമത്രേ. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്കു വിദേശകപ്പലുകൾ കൊലയാളികളായി മാറുന്നു. ഇറ്റാലിയൻ ചരക്കുകപ്പലിലെ മറീനുകൾ രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ മാറ്റൊലി ഇനിയും അടങ്ങിയിട്ടില്ല. ഈ സംഭവത്തിനു പിന്നാലെയാണ്‌ സിംഗപ്പൂരിൽ നിന്നുള്ള കപ്പൽ ചേർത്തലയ്ക്കടുത്തു മത്സ്യബന്ധന ബോട്ടിലിടിച്ച്‌ അഞ്ചു തൊഴിലാളികൾ കൊല്ലപ്പെട്ടത്‌. ഇപ്പോഴിതാ പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എൽ എന്ന കപ്പൽ കേരള തീരത്തു കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിലിടിച്ചു രണ്ടുപേർക്കു ജീവൻ നഷ്ടമായി. ഒരാളെ കാണാതാവുകയും ചെയ്തു.

മാതൃഭൂമി
വരൾച്ചയിൽ കൃഷിനശിച്ചാലും മഴകൊണ്ട്‌ പാടങ്ങൾ സമൃദ്ധമായാലും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്‌ ഇന്ത്യയിലെ കർഷകൻ. കൃഷിനശിച്ചാൽ കൈനഷ്ടം. വിളവ്‌ മെച്ചപ്പെട്ടാലോ, തുച്ഛവിലയ്ക്ക്‌ അത്‌ വിറ്റഴിച്ച്‌ വിയർപ്പിന്‌ വിലകിട്ടാതെ ജീവനൊടുക്കേണ്ട അവസ്ഥ. ഈ ഗതികേടിൽ നിന്നുയർന്ന കർഷകരോഷത്തിന്റെ ചൂടിലാണ്‌ ഇന്ത്യ. മധ്യപ്രദേശിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഏഴായി. കർഷകർ വെടിയേറ്റ്‌ മരിച്ച മാൻസോറിലെ കലാപത്തിന്റെ അനുരണനങ്ങൾ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പടരുന്നു. മഹാരാഷ്ട്രയിലും പ്രക്ഷോഭമുണ്ടായി. ഹരിയാണയിലും പഞ്ചാബിലും കർഷകർ സമരപാതയിലാണ്‌. വടക്ക്‌ ഉത്പന്നങ്ങൾക്ക്‌ വില കിട്ടാത്ത ദുരിതത്തിലാണ്‌ കർഷകരെങ്കിൽ തെക്ക്‌ തമിഴ്‌നാട്ടിലും കർണാടകത്തിലും വരൾച്ചയുടെ പിടിയിലാണവർ. പ്രക്ഷോഭം മറ്റ്‌ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിക്കുമെന്നാണ്‌ സൂചനകൾ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തോട്‌ വാഗ്ദാനം ചെയ്ത്‌ ദിവസങ്ങൾക്കുള്ളിലാണ്‌ കർഷകർ കലാപക്കൊടി ഉയർത്തിയത്‌. ഇത്തരം മധുരവാഗ്ദാനങ്ങൾകൊണ്ട്‌ മറയ്ക്കാവുന്നതല്ല കാർഷികമേഖലയിലെ യാഥാർഥ്യമെന്ന്‌ ഇപ്പോൾ രാജ്യം മനസ്സിലാക്കുന്നുണ്ട്‌.

മലയാള മനോരമ
മെട്രോ കേരളത്തിനൊരു പുതിയ തുടക്കമാണ്‌. പൊതുഗതാഗതത്തിന്റെ പുത്തൻശീലങ്ങളിലേക്കും വ്യത്യസ്തമായ നിർമാണ സംസ്കാരത്തിലേക്കും സമയബന്ധിതമായ നിർവഹണരീതിയിലേക്കുമുള്ള മലയാളിയുടെ മാറ്റം. മൊത്തം 5200 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി, വിവിധ ഘട്ടങ്ങളിലായി അരലക്ഷത്തോളം തൊഴിലാളികൾ, ലക്ഷക്കണക്കിന്‌ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനു നടുവിലൂടെയുള്ള നിർമാണം-കാര്യമായ അപകടങ്ങളോ യാത്രക്കാർക്കു വലിയ അലോസരമോ ഇല്ലാതെ, സമയക്രമം ഏതാണ്ടു പാലിച്ച്‌ ഇതു പൂർത്തിയാക്കാൻ കഴിയുകയെന്നതു വലിയ നേട്ടം തന്നെ.