Monday
17 Dec 2018

2018 ൽ ലോകത്തെ പിടിച്ചു കുലുക്കിയ പ്രസംഗം, ഇവർ അമേരിക്കയെ നയിക്കുമോ?

By: Web Desk | Wednesday 10 January 2018 9:23 PM IST

നടിയും എഴുത്തുകാരിയും സംരംഭകയും മനുഷ്യാവകാശ പ്രവർത്തകയുമായ  ഓപ്ര  വിൻഫ്രി, ‘ലോകമെങ്ങുമുള്ള സ്ത്രീക്ക് മുമ്പിൽ ആകാശവിതാനത്ത്  പുതിയൊരു ദിനമുണ്ട്’എന്ന സ്വപ്നം വിതറുകയാണ് .

 ഓപ്ര വിൻഫ്രി ഗോൾഡൻ ഗ്ലോബ്‌സിൽ സിസിൽ  ബി ഡിമില്ലെ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട്  നടത്തിയ  മനസ്സിനെ  തീപിടിപ്പിക്കുന്ന  പ്രസംഗത്തിന്റെ പൂർണ രുപം: 

 

1964 ൽ ഞാനൊരു കൊച്ചു കുട്ടിയായിരിക്കെ, മിൽവോക്കിയിൽ എന്റെ അമ്മയുടെ, ലിനോലിയം പാകിയ തറയിലിരുന്ന് ആനെ ബാൻക്രോഫ്റ്റ്  മികച്ച നടനുള്ള 36 -ാമത് ഓസ്കാർ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. ഒരു കവർ തുറന്ന് അവർ പറഞ്ഞ  വാക്കുകൾ ചരിത്രത്തിലേക്ക് കുറിക്കപ്പെട്ടു:   ” ജേതാവ് സിഡ്നി  പൊയ്റ്റിയർ”.  അപ്പോൾ വേദിയിലേക്ക് കടന്നു വന്നത് ഞാൻ കണ്ടിട്ടുള്ള  ഏറ്റവും സുന്ദരനായ മനുഷ്യൻ. എനിക്കോര്മയുണ്ട്, ആ  ടൈ വെളുത്തതായിരുന്നു. പക്ഷെ ചർമം കറുത്തത് – ഒരിക്കലും അങ്ങനെ ഒരു കറുത്ത മനുഷ്യൻ കൊണ്ടാടപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല.  അന്യരുടെ വീട് അടിച്ചു തളിച്ച്, അസ്ഥികൾ തളർന്നു എന്റെ അമ്മ വാതിൽ കടന്നു വരുമ്പോൾ, ദരിദ്രമായ ഇരിപ്പിടത്തിൽ അത് കാണുകയായിരുന്ന ഒരു കൊച്ചു കുട്ടിക്ക് ആ രംഗം എന്തായിരുന്നുവെന്ന് പിന്നീട് ഒത്തിരി ഒത്തിരി വട്ടം ഞാൻ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് ആകെ വർണിക്കാൻ കഴിയുക, ലില്ലീസ് ഓഫ് ഫീൽഡിൽ  സിഡ്നി “ആമേൻ, ആമേൻ, ആമേൻ” എന്ന്  ഉച്ചരിക്കുന്ന ആ രംഗം മാത്രമാണ്.

സിഡ്നി 1982 ൽ ഇവിടെ ഗോൾഡൻ ഗ്ലോബ്‌സിൽ സിസിൽ  ബി ഡിമില്ലെ അവാർഡ് സ്വീകരിച്ചതും ഞാൻ ഓർക്കുകയാണ്. ഇപ്പോൾ ഇവിടെ ഇതേറ്റു വാങ്ങുന്ന ആദ്യ കറുത്ത വർഗക്കാരിയായ ഞാൻ നിൽക്കുമ്പോഴും കുറെ കൊച്ചു പെൺകുട്ടികൾ ഇത് കാണുന്നുണ്ടാവും. ഇതൊരു ബഹുമതിയാണ്, അവിശ്വസനീയരായ ഈ മനുഷ്യരോടൊപ്പം ഇവിടെ കൂടാൻ കഴിഞ്ഞതു അനുഗ്രഹവും. ഇവരാണ് എന്നും എന്നെ ആവേശഭരിതരാക്കിയത്,  വെല്ലുവിളിച്ചത്, നിലനിർത്തിയത്, ഇത്രടം നടന്നെത്താൻ സാധ്യമാക്കിയത്. എ എം ചിക്കാഗോക്കു വേണ്ടി എന്നെ എടുത്ത ഡെന്നിസ് സ്വാൻസൺ.  എന്നെ ആ ഷോയിൽ കണ്ടു “ദി കളർ പർപ്പിളിലെ സോഫിയ ഇതാണ്” എന്ന് സ്റ്റീവൻ സ്പിൽബർഗിനോട് പറഞ്ഞ ക്വിൻസി ജോൺസ്‌. സുഹൃത്ത് എന്നതിന്റെ വ്യാഖ്യാനമായ ഗെയിൽ. എന്റെ റോക്ക് ആയ സ്റ്റെഡ്മാൻ – കുറച്ചു പേരുകളെ ഞാൻ പറയുന്നുള്ളു.

ഹോളിവുഡ് ഫോറിൻ  പ്രസ് അസോസിയേഷന്  ഞാൻ നന്ദി പറയുകയാണ്. കാരണം ഇക്കാലത്തു മാധ്യമങ്ങൾ ഉപരോധത്തിലാണ്. എന്നാൽ  സത്യത്തെ തുറന്നു പിടിക്കാൻ, അഴിമതിയ്ക്കും അനീതിയ്ക്കുമെതിരെ കണ്ണടക്കാതിരിക്കാൻ  നടക്കുന്ന, തീക്ഷ്ണണമായ അർപ്പണവും നമുക്കറിയാം. ഭീകർക്ക്, ഇരകൾക്ക്, രഹസ്യങ്ങൾക്ക്, കള്ളങ്ങൾക്കു നേരേ.  സങ്കീർണമായ ഈ കാലത്തിലൂടെ കടന്നു പോകുമ്പോൾ,  മുമ്പെന്നത്തെക്കാളും മാധ്യമങ്ങൾ  മൂല്യവത്താണെന്ന് ഞാൻ കരുതുന്നു.

ഇത്രയും എനിക്ക് പറയാൻ കഴിയും:

ഇന്ന് നമ്മുടെ  ഏറ്റവും ശക്തമായ ആയുധം, സ്വന്തം സത്യം വിളിച്ചു പറയാനുള്ള ആർജ്ജവമാണ്.

അങ്ങനെ സ്വന്തം കഥ പറയാൻ ശക്തരാവുന്ന, അത് മറ്റുള്ളവരോട് വിവരിക്കാൻ കഴിയുന്ന, ശാക്തീകരിക്കപ്പെടുന്ന എല്ലാ സ്ത്രീകളെയും  ഓർത്തു, ഞാൻ പ്രചോദിതയാകുന്നു, അഭിമാനിക്കുന്നു.  ഇവിടെ, ഈ മുറിയിലുള്ള  നമ്മൾ ഓരോരുത്തരും ആഘോഷിക്കപ്പെടുന്നത് നമ്മുടെ കഥ പറഞ്ഞതുകൊണ്ടാണ്. നമ്മൾ കഥയായതു കൊണ്ടാണ്.

അത്  കേവലം വിനോദ വ്യവസായത്തിലെ ഒരു കഥ മാത്രമല്ല. അത്, സംസ്കാരങ്ങളെ, അതിരുകളെ, വംശങ്ങളെ, മതത്തെ, രാഷ്ട്രീയത്തെ, തൊഴിലിടത്തെ ഒക്കെ അതിലംഘിച്ചു പോകുന്നു. അതുകൊണ്ടു, ഈ  രാത്രിയിൽ ഞാൻ,  എന്റെ അമ്മയെ പോലെ കുഞ്ഞുങ്ങളെ തീറ്റിപോറ്റാനും  ചെലവ് വഹിക്കാനും സ്വപ്നങ്ങൾ സഫലമാക്കാനും വര്ഷങ്ങളായി പീഡനവും ചൂഷണവും അതിജീവിക്കുന്ന എല്ലാ സ്ത്രീകളെയും  ഓർക്കുന്നു. നാം ഒരിക്കലും പേരറിയാതെ പോകുന്ന സ്ത്രീകൾ. വീട്ടുവേലക്കാർ, പാടത്തെ പണിക്കാർ. ഫാക്ടറിയിൽ, റസ്റ്ററന്റിൽ, അക്കാദിമിയിൽ, എഞ്ചിനീയറിങ്ങിൽ, മെഡിസിനിൽ, സയൻസിൽ പണിയെടുക്കുന്നവർ. ടെക്കികളും  രാഷ്ട്രീയക്കാരും  വ്യാപാരികളും.  ഒളിമ്പിക്‌സ് താരങ്ങളും സൈനികരും.

വേറെയും ചിലരുണ്ട്, റിസി റ്റെയ് ലർ – ആ പേര് നിങ്ങളും അറിയണം. 1944 ൽ  റിസി റ്റെയ് ലർ ഒരു യുവ വധുവായിരുന്നു, അമ്മയായിരുന്നു. അവൾ അലബാമയിലെ അബ്ബെവില്ലെയിൽ പള്ളിയിൽ പോയി മടങ്ങുകയയായിരുന്നു. അപ്പോൾ ആറു  വെള്ളക്കാർ അവളെ തട്ടിക്കൊണ്ടു പോയി, ബലാത്സംഗം ചെയ്തു,  റോഡ് വക്കിൽ ഉപേക്ഷിച്ചു. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പക്ഷെ അവളുടെ കഥ എൻ എ എ സി പി ക്ക്  റിപ്പോർട്ട് ചെയ്യപ്പെട്ടു. റോസാ പാർക്സ് എന്ന ചെറുപ്പകാരിയാണ് കേസ് അന്വേഷിച്ചത്. ഇരുവരും ചേർന്ന് നീതിക്കു വേണ്ടി പൊരുതി, പക്ഷെ ജിം ക്രോയുടെ ആ കാലത്തു നീതി അന്യമായിരുന്നു. അവളെ നശിപ്പിച്ചവർ ഒരിക്കലും വിചാരണ ചെയ്യപ്പെട്ടില്ല. പത്തു ദിവസം  മുമ്പ്, 98 വയസ്സ് തികയാനിരിക്കെ, അവർ മരിച്ചു.  മൃഗീയ മനുഷ്യർ തകർത്ത് കളഞ്ഞ  ഒരു സംസ്കാരത്തിൽ അവർ ജീവിച്ചു, നമ്മെ എല്ലാവരെയും പോലെ.  ഇമ്മാതിരി മനുഷ്യരുടെ ശക്തിക്കു മുമ്പിൽ ഒരുപാട് കാലം സത്യം തുറന്നു പറയുന്ന സ്ത്രീകൾക്കു  ജീവിക്കാനാവില്ലായിരുന്നു. ഇന്നവരുടെ സമയമായിരിക്കുന്നു,  സമയമായിരിക്കുന്നു.

ഇന്നവരുടെ സമയമായിരിക്കുന്നു. റിസി റ്റെയ് ലർ മരിച്ചത് അവരെപ്പോലെ അക്കാലത്തു തകർക്കപ്പെട്ട, ഇപ്പോഴും തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരുപാട് സ്ത്രീകൾ  സത്യം തുറന്നു പറയുന്നതും മാർച്ച്‌ ചെയ്യുന്നതും അറിഞ്ഞുകൊണ്ടാണെന്ന്  ഞാൻ കരുതുകയാണ്. ഏതാണ്ട് 11 വർഷത്തിന് ശേഷം റോസാ പാർക്സ് മോണ്ട്ഗോമറി ബസിൽ കയറി സീറ്റിൽ ഇരുന്നപ്പോൾ (വെള്ളക്കാരനു വേണ്ടി ഒഴിഞ്ഞു കൊടുക്കാതെ), അവരുടെ ഹൃദയത്തിൽ ഇതുണ്ടായിരുന്നിരിക്കണം.  “ഞാനുമുണ്ട്” എന്ന് പറയുന്ന എല്ലാ സ്ത്രീയുടെ ഹൃദയത്തിലും ഇതുണ്ട്.   ഇത് ശ്രവിക്കാൻ മനസ്സുള്ള എല്ലാ പുരുഷനിലും ഇതുണ്ട്.

എന്റെ തൊഴിലിൽ, ടെലിവിഷനിൽ, സിനിമയിൽ ഒക്കെ ഞാൻ പറയാൻ ശ്രമിച്ചത് എങ്ങനെയാണ് സ്ത്രീയും പുരുഷനും ശരിക്കും പെരുമാറുന്നതെന്നാണ്.  എങ്ങനെയാണ് നമ്മൾ  അപമാനം നേരിടുന്നത്, സ്നേഹിക്കുന്നതും വെറുക്കുന്നതും തോൽക്കുന്നതും വീണ്ടെടുക്കുന്നതും അതിജീവിക്കുന്നതുമെന്നാണ്. ജീവിതം ഏറ്റവും ദുസ്സഹമായ അനുഭവങ്ങളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുത്തിട്ടുള്ള പലരെയും ഞാൻ അഭിമുഖം ചെയ്യുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം പൊതു സ്വഭാവ വിശേഷം, കരാളമായ ആ രാത്രികളിൽ പോലും തെളിമയുള്ള പ്രഭാതത്തെ പ്രതീക്ഷിക്കാനുള്ള കരുത്തായിരുന്നു.  അതുകൊണ്ടു, എന്നെ ശ്രദ്ധിക്കുന്ന എല്ലാ പെണ്കുട്ടികളും അറിയണം,

ആകാശവിതാനത്ത് പുതിയൊരു ദിനമുണ്ട്. 

ഒടുവിൽ ആ പുലരി പിറക്കുമ്പോൾ അതിനു നിദാനമാകുന്നത് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ഒരുപാട് മഹത്തായ സ്ത്രീകളാവും.  ചില ഗംഭീര മനുഷ്യന്മാരാകും. അവർ കഠിനമായി പൊരുതുന്നത്,  “ഞാനുമുണ്ട്” എന്ന് ഇനിയാരും പറയേണ്ടി വരാത്ത കാലത്തിനു വേണ്ടിയാണ്.