മറയൂര്‍ മലനിരകള്‍ക്ക് ഓറഞ്ചിന്റെ മാധുര്യം

സന്ദീപ് രാജാക്കാട്
രാജാക്കാട്: മറയൂര്‍ മലനിരകളില്‍ ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. പതിനായിരത്തോളം വരുന്ന ഓറഞ്ച് മരങ്ങളാണ് ഇത്തവണ ഫലസമൃദ്ധമായി കായ്ച്ച് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. അനുകൂലമായ കാലവസ്ഥയും മികച്ച വിളവും ലഭിച്ച് തുടങ്ങിയതോടെ നിരവധി കര്‍ഷകരാണ് ഓറഞ്ച് കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. കെ ഡി എച്ച് പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവിടങ്ങളിലും, തലയാര്‍, ചട്ടാമൂന്നാര് ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം , തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് മധുരനാരകം എന്ന് അറിയപ്പെടുന്ന ഓറഞ്ച് സമൃദ്ധമായി വിളഞ്ഞ് നില്‍ക്കുന്നത്.
കോടമഞ്ഞ് മൂടുന്ന മറയൂര്‍ മലനിരകളിലെ പച്ചവിരിച്ച തേയിലക്കാടുകള്‍ക്ക് അലങ്കാരമായി മാറിയിരിക്കുന്ന ഫല സമൃദ്ധമായ ഓറഞ്ച് മരങ്ങള്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിറക്കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച്ചകള്‍ വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. മറയൂര്‍ , മൂന്നാര്‍, കാന്തല്ലൂര്‍ എന്നിവടങ്ങളിലെ ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയും ഈ മാസങ്ങളിലാണ് എന്നതും വിനോദ സഞ്ചാര മേഖലയ്ക്കും ഓറഞ്ച് തോട്ടം ഉടമകള്‍ക്കും ഗുണകരമാണ്. ബ്രിട്ടീഷുകാരുടെ ഭരണകാലം മുതല്‍ മലനിരകളില്‍ ഓറഞ്ച് കൃഷി നടന്നിരുന്നെങ്കിലും എട്ടുവര്‍ഷം മുന്‍പാണ് വ്യാവസായികമായും വിനോദ സഞ്ചാര മേഖലക്ക് പ്രയോജനകരമായ രീതിയിലും വിപുലമാക്കിയത്.
വി എസ് അച്യുതാനന്ദന് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരന് മുന്‍കയ്യെടുത്ത് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ ഒരുവീട്ടില്‍ ഒരു ഫല വൃക്ഷത്തൈ പദ്ധതിയുടെ പ്രചാരവും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചതിന്റെ ഫലമായി ഓറഞ്ച് കൃഷിയില്‍ ആയിരക്കണക്കിന് ചെടികളുടെ വര്‍ധനവാണ് ഉണ്ടായത്. തുടര്‍ന്ന് കേരളത്തില്‍ ഏറ്റവും അധികം ഓറഞ്ച് വിളയുന്ന മേഖല എന്ന ഖ്യാതിയിലേക്ക് മറയൂര്‍ മലനിരകള്‍ എത്തിചേരുകയായിരുന്നു. രോഗകീടബാധ കാര്യമായ രീതിയില്‍ ബാധിക്കാത്തതിനാലും മികച്ച വിളവ് ലഭിക്കുന്നതിനാലും പ്രതിവര്‍ഷം നിരവധി കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത് ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്. പ്രദേശത്ത് വളര്‍ന്നു നില്ക്കുന്ന നാടന്‍ ഓറഞ്ചില്‍ ബഡ് ചെയ്താണ് കാന്തല്ലൂരില്‍ ഓറഞ്ചു കൃഷി നടത്തുന്നത്. ഓറഞ്ചുനഗരമായ നാഗ്പൂരില്‍ നിന്നും തൈകള്‍ എത്തിച്ചും കൃഷി നടത്തുന്നവരുമുണ്ട്. പച്ചക്കറികള്‍ക്കൊപ്പം വിഷമുക്തമായ പഴവര്ഗ്ഗങ്ങള്ക്കുകൂടിയുള്ള വിളനിലമായി മാറിയിരിക്കുകയാണ് മറയൂര്‍ മലനിരകള്‍.