Saturday
18 Nov 2017

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

By: Web Desk | Saturday 4 November 2017 10:56 PM IST

കോട്ടയം:

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജനതാദള്‍ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമായ സുഭാഷാണ് ഹര്‍ജി നല്‍കിയത്. റോഡിനായി ഭൂമി കൈയേറിയെന്നും നിര്‍മ്മാണത്തിനായി എംപി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്ന് 35 ലക്ഷം രൂപയും ചെലവഴിച്ചെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഇതുവഴി സര്‍ക്കാരിന് 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കായല്‍ കൈയേറ്റക്കേസില്‍ മന്ത്രിക്കെതിരായ ആദ്യ അന്വേഷണമാണിത്.
എന്നാല്‍ ത്വരിത പരിശോധന നടത്തുന്നതിനെ വിജിലന്‍സ് അഭിഭാഷകന്‍ എതിര്‍ത്തു. ഈ റോഡ് ഉണ്ടായിരുന്ന സ്ഥലത്ത് നേരത്തെ ഒരു ബണ്ട് റോഡ് ഉണ്ടായിരുന്നുവെന്നും അത് വിപുലപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നിലവിലുള്ളതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് വാദിച്ചു. എന്നാല്‍ വിജിലന്‍സിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ചാണ്ടിയുടെ കൈയേറ്റത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ ഇല്ലെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. താന്‍ ഹര്‍ജി നല്‍കിയത് അമ്പലപ്പുഴ താലൂക്കില്‍ നടന്ന അനധികൃത നികത്തല്‍ സംബന്ധിച്ചാണ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുകളില്ല. കുട്ടനാട് താലൂക്കിലെ വിഷയം മാത്രമാണ് ഹൈക്കോടതിയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കോടതിയെ തെറ്റിധരിപ്പിക്കാനുള്ള വിജിലന്‍സ് നീക്കമായിരുന്നെന്നും പരാതിക്കാരന്‍ ആരോപിച്ചു. നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം പൊതു ആവശ്യമെന്ന പേരില്‍ ലേക്ക് പാലസിലേക്ക് റോഡ് നല്‍കാന്‍ കഴിയില്ല. പ്രാദേശിക നിരീക്ഷണ സമിതിയില്‍ ഇതിനായി അപേക്ഷ നല്‍കുകയോ അനുകൂല റിപ്പോര്‍ട്ട് ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്തമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
അതേസമയം, തോമസ് ചാണ്ടിക്കെതിരായ കേസില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ വാദിച്ചു. കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്ന് പറയുന്ന പ്രദേശം നേരത്തെ ബണ്ട് ആയിരുന്നു. ഇവിടെ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല, കായല്‍ കൈയേറ്റം സംബന്ധിച്ച് തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തു ദിവസം കൂടി സാവകാശം തേടിയെങ്കിലും ആവശ്യം തള്ളിക്കൊണ്ട് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.