Monday
15 Oct 2018

 ജൈവ ഏലം വളരാൻ മൺ തേനീച്ചക്കൂട്‌

By: Web Desk | Thursday 9 November 2017 9:09 PM IST

മണ്ണു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന തേനീച്ചക്കൂട്‌

സന്ദീപ് രാജാക്കാട്
രാജാക്കാട്: ഏലം കൃഷിക്കൊപ്പം പ്രകൃതി സൗഹൃത കൂടുകളൊരുക്കി തേനീച്ച വളര്‍ത്തലിലൂടെ കൃഷിയില്‍ ഇരട്ടി ലാഭം കണ്ടെത്തുകയാണ് രാജകുമാരി നടുമറ്റം സ്വദേശി ഇനഴുന്നേല്‍ ഷാജി. ജൈവ രീതിയില്‍ പരിപാലിക്കുന്ന ഏലത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാനും തേനീച്ച വളര്‍ത്തലിലൂടെ കഴിയുമെന്ന കണ്ടെത്തല്‍ ഏലം കര്‍ഷകര്‍ക്ക് ഗുണകരമാണ്.

വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയും കനത്ത മഴയില്‍ അഴുകലും മറ്റ് രോഗ കീടബാധയും മൂലം വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ പരീക്ഷണവുമായി ഷാജി കൃഷിയില്‍ പുതിയ വിജയ ഗാഥ സൃഷ്ടിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനക്കുറവും ഒപ്പം വിലത്തകര്‍ച്ചയും കനത്ത പ്രഹരമാണ് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത്. മണ്ണിളക്കി കണ്ട പുതങ്ങുന്നതിനും കീടനാശിനിക്കും വളപ്രയോഗത്തിനുമായി ഏലം കൃഷിക്ക് വന്‍ ഉല്‍പ്പാദന ചിലവാണ് വരുന്നത്. എന്നാല്‍ ഇതൊന്നും ഷാജിയുടെ കൃഷിയിടത്തില്‍ ആവശ്യമില്ല. പകരം മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടാതെ ചാണകവും ഗോമൂത്രവും മറ്റ് ജൈവ വളങ്ങളും കീടനാശിനിയുമാണ് ഈ കൃഷിയിടത്തില്‍ പ്രയോഗിക്കുന്നത്.

ഇത്തരത്തില്‍ ഉല്‍പ്പാദന ചിലവ് കുറയ്ക്കുന്നതിനൊപ്പം ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം തേനീച്ച വളര്‍ത്തലാണ്. ഇതിനായി തേനീച്ച പെട്ടിയും ഈച്ചകളെയും വില കൊടുത്ത് വാങ്ങുകയല്ല മറിച്ച് മണ്ണുപയോഗിച്ച് തോട്ടത്തില്‍ കുടുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഈച്ചകള്‍ ഇതില്‍ താനെ വന്നു കയറും. കൂടുകളില്‍ ഈച്ചകള്‍ നിറയുന്നതിനൊപ്പം ഏലത്തില്‍ വിരിയുന്ന പൂവുകളില്‍ പരാഗണം നല്ല രീതിയില്‍ നടക്കുകയും ഉല്‍പ്പാദനം ഇരട്ടിയാക്കുകയും ഒപ്പം ബോണസായി ഒരു മുതല്‍ മുടക്കുമില്ലാതെ തേനും ലഭിക്കുമെന്നും ഷാജി പറയുന്നു.

നിലവില്‍ ഒരു കുപ്പി തേനിന് 500 രൂപവരെയാണ് വില ലഭിക്കുന്നത്. ഒരു കൂട്ടില്‍ നിന്നും അഞ്ച് കുപ്പി വരെ തേന്‍ ലഭിക്കും. അതു കൊണ്ട് തന്നെ പ്രതിവര്‍ഷം കൃഷിക്ക് മുടക്ക് വരുന്ന പണം ഇതില്‍ നിന്നും ഒരു മുതല്‍ മുടക്കമില്ലാതെ കണ്ടെത്തുവാനും കഴിയുമെന്നു ഷാജി പറയുന്നു.