Tuesday
22 Jan 2019

ജൈവകീടനാശിനി സാധ്യമാണ്

By: Web Desk | Monday 7 May 2018 10:31 PM IST

ഗീന

രാജ്യത്ത് കൃഷിരീതികളില്‍ വന്ന സമൂലമായ മാറ്റങ്ങള്‍ പരിസ്ഥിതിക്കും കൃഷിക്ക് തന്നെയുമുയര്‍ത്തിയ വെല്ലുവിളികള്‍ ചെറുതല്ല. കാര്‍ഷികരാജ്യമെന്ന അടിസ്ഥാന അവസ്ഥയെ ഈ മാറ്റങ്ങള്‍ തകിടം മറിക്കുകയുണ്ടായി. ഇത് കൃഷി സ്ഥലങ്ങളുടെ വിസ്തീര്‍ണം കുറയ്ക്കുകയും കൃഷിയെ തന്നെ പ്രതിസന്ധിയിലാക്കുകയും ചെയു.

നമ്മുടെ മണ്ണിന് അനുയോജ്യമായ പരമ്പരാഗത കൃഷി രീതികള്‍ ഇല്ലായ്മ ചെയ്തുകൊണ്ട് ഹരിത വിപ്ലവം നടപ്പിലാക്കിയതാണ് രാജ്യം കാര്‍ഷികരംഗത്ത് നേരിട്ട ആദ്യത്തെ തിരിച്ചടിക്ക് ഹേതു. കൂടുതല്‍ വിളവെന്ന ആകര്‍ഷകമായ മുദ്രാവാക്യമുയര്‍ത്തിയാണ് പുതിയ ഇനം വിത്തുകളും അവയ്ക്കനുയോജ്യമെന്ന് അവകാശപ്പെടുന്ന കീടനാശിനികളും വളങ്ങളും അവതരിപ്പിക്കപ്പെട്ടത്. ഈ ഭ്രമിപ്പിക്കുന്ന കാര്‍ഷികനയം വരും മുന്‍പുവരെ കര്‍ഷകന്‍ വിത്തെടുത്ത് കുത്തി ധാന്യമാക്കിയിരുന്നില്ല. ഒരു വിളവ് കഴിഞ്ഞാല്‍ അടുത്ത നടീലിന് ആവശ്യമായ വിത്തുകള്‍ തട്ടിന്‍പുറത്ത് ഭദ്രമായി സൂക്ഷിക്കുന്നതാണ് രാജ്യത്തെ കര്‍ഷകന്റെ പതിവുശീലം. വിത്തിന്റെ പ്രായവും വിളവിന്റെ അളവും മണ്ണിന്റെ അമ്ലാംശവും കീടങ്ങളുടെ ആക്രമണരീതിയും തെളിനീര്‍ജലത്തിലെന്നപോലെ കര്‍ഷകന്റെ മനസില്‍ പ്രതിബിംബിക്കുമായിരുന്നു. അവയ്‌ക്കൊക്കെ പ്രായോഗിക പരിജ്ഞാനത്തിലൂടെ പരിഹാരം കണ്ടെത്താനും അന്നത്തെ കര്‍ഷകന് കഴിഞ്ഞിരുന്നു. കൃഷിയെ കാലാവസ്ഥയ്ക്കനുസരിച്ച് കരുപ്പിടിപ്പിക്കുന്ന കര്‍ഷകന് കാലാവസ്ഥയെ തന്റെ വരുതിക്കകത്താക്കാനും കഴിയുമായിരുന്നു. മഴയെ വേനലിനെ, വസന്തകാലത്തെ, മഞ്ഞുകാലത്തെ ഒക്കെ കൃഷിക്കുവേണ്ടി അനുയോജ്യമാക്കി ഒരുക്കി നിര്‍ത്തുന്ന കര്‍ഷകന്‍ ശരിക്കുമൊരത്ഭുതമായിരുന്നു. അന്നദാതാവെന്ന് കൃഷിക്കാരനെ വിളിച്ചിരുന്നതും അതുകൊണ്ടാണ്.

അസുരവിളയുടെ പ്രലോഭനത്തില്‍ പരീക്ഷണത്തിന് തയാറായ കര്‍ഷകര്‍ പക്ഷേ പിന്നീട് ഏറെ പശ്ചാത്തപിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ബഹുരാഷ്ട്രകുത്തകകള്‍ വിതരണം ചെയ്തപ്പോള്‍ അതിന്റെ പിന്നില്‍ ഒളിച്ചുവച്ച ചതി കാണാന്‍ കഴിയാതെപോയി. വിത്തുല്‍പാദിപ്പിക്കുന്ന കമ്പനികള്‍ ആ വിത്തിന് അനുയോജ്യമായ വളവും കീടനാശിനിയും ഉല്‍പാദിപ്പിക്കുന്നത് ഏറ്റവും വലിയ മാര്‍ക്കറ്റ് തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. ഈ മേഖലകളില്‍ ആവശ്യമായ ഗവേഷണങ്ങള്‍ക്കായി നിരവധി സസ്യജന്തുശാസ്ത്രജ്ഞരുടെ ധൈഷണികതയെ അവര്‍ വിലയ്ക്കുവാങ്ങി മുന്നൊരുക്കങ്ങള്‍ തകൃതിയായി നടത്തിയത് കര്‍ഷകലോകത്തിന്റെ ശ്രദ്ധയില്‍ എത്തിയില്ല. ആദ്യം ജനിതക വിത്തെന്ന ആകര്‍ഷണമാണ് മുന്നോട്ടുവച്ചത്. അതില്‍ കൊത്തിയ കര്‍ഷകര്‍ വലിയൊരു ഊരാക്കുടുക്കിലാണ് തങ്ങള്‍ പെട്ടതെന്ന് തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. ജനിതക വിത്തിടുമ്പോള്‍ സാധാരണ വളം പോരെന്നും അവയ്ക്കനുയോജ്യമായ വളം വാങ്ങണമെന്നുമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഇണ്ടാസ് അനസരിക്കുകയേ കര്‍ഷകന് നിര്‍വാഹമുണ്ടായിരുന്നുള്ളു. വളം ഇട്ടതോടെ വിളവുകളിലുണ്ടാകുന്ന ഇപ്പോഴത്തെ കീടങ്ങളെ അകറ്റാന്‍ തങ്ങള്‍ നിര്‍മിക്കുന്ന കീടനാശിനി തന്നെ തളിക്കേണ്ടതുണ്ടെന്ന് വന്നതോടെ കര്‍ഷകര്‍ അമ്പരപ്പിലായി. അതിനേക്കാള്‍ ഭീകരമായതാണ് പിന്നീട് സംഭവിച്ചത്. രണ്ടാം വിളയ്ക്കും ഇതെല്ലാം ആവര്‍ത്തിച്ചേ പറ്റുമായിരുന്നുള്ളു. ജൈവവളവും ജൈവ കീടനാശിനിയും നിര്‍ലോഭമായി സ്വയം ചെയ്ത കര്‍ഷകന് ഇവയ്ക്കുവേണ്ടി നല്ലൊരു തുക വിളതോറും കണ്ടെത്തേണ്ടിവന്നു. കൃഷിച്ചെലവ് വര്‍ധിച്ചു. പ്രതീക്ഷിച്ച വിളവൊട്ട് ലഭിച്ചതുമില്ല. അപ്പോഴേക്കും കര്‍ഷകന്‍ ബഹുരാഷ്ട്ര കമ്പനികളുടെ അടിമയായിക്കഴിഞ്ഞിരുന്നു. മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. കീടനാശിനികള്‍ വിളകളില്‍ വിഷാംശം നിറച്ചു. ഒരു മടങ്ങിപ്പോക്കിന് ആവാതെ കര്‍ഷകര്‍ കൂട്ട ആത്മഹത്യകള്‍ തുടങ്ങി. ജിഎം വിത്തുകള്‍ക്കും രാസകീടനാശിനികള്‍ക്കും രാസവളങ്ങള്‍ക്കും രാജ്യത്തിന്റെ വാതായനങ്ങള്‍ ബഹുരാഷ്ട്രക്കമ്പനികളായ മൊണ്‍സാന്റോയ്ക്കും മഹിക്കോയ്ക്കും തുറന്നുകൊടുത്ത ആത്മഹത്യാപരമായ സന്നിഗ്ധഘട്ടത്തിലാണ് കീടനാശിനി രംഗത്ത് വെളിച്ചം വിതറുന്ന ഒരു പരീക്ഷണവാര്‍ത്ത ഹൈദരാബാദില്‍ നിന്നും പുറത്തുവരുന്നത്.

എടിജിസി ബയോടെക് എന്ന പേരില്‍ 2009 ല്‍ സ്ഥാപിക്കപ്പെട്ട ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഒടുവിലാണ് പുതിയ കീടനിയന്ത്രണ രീതി ഉരുത്തിരിഞ്ഞുവന്നത്. ഡോ. മാര്‍ക്കണ്ഡേയ ഗോറന്തലയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണ ശ്രമങ്ങള്‍ രാസകീടനാശിനികള്‍ കാര്‍ഷികമേഖലയില്‍ ഉയര്‍ത്തുന്ന വല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായവയാണെന്ന് ഇന്ത്യന്‍ ബയോടെക്‌നോളജി വകുപ്പ് അടയാളപ്പെടുത്തുന്നു. കീടങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വിളകള്‍ക്ക് മുകളില്‍ അതിശക്തമായ രാസകീടനാശിനികള്‍ തളിക്കുന്ന രീതിയാണ് പൊതുവില്‍ നിലവിലുള്ളത്. ചില വിത്തുകളില്‍ തന്നെ കീടപ്രതിരോധ രാസപ്രയോഗം നടത്തുന്ന രീതിയുമുണ്ട്. ഇത്തരത്തില്‍ രാസപ്രയോഗം നടത്തുമ്പോള്‍ വിത്ത് വളര്‍ന്ന് ചെടിയായി, വിളയെടുക്കുമ്പോള്‍ ഈ രാസനാശിനിയും അത്രതന്നെ വളര്‍ച്ച പ്രാപിക്കുമെന്നുള്ളത് വിളകള്‍ വിഷാംശമുള്ളവയാകാന്‍ ഇടയാക്കും.

ഡോ. ഗോറന്തല സ്വീകരിക്കുന്ന കീടനിയന്ത്രണരീതി യൂറോപ്പില്‍ ചില വിളകളില്‍ ഇപ്പോള്‍ നടപ്പിലാക്കിവരുന്നുണ്ട്. കീടങ്ങള്‍ പെറ്റുപെരുകുന്നത് തടയാനുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. ഇതിനായി ആദ്യം കീടങ്ങളെ ഡീകോഡ് ചെയ്യുന്നു, പിന്നീട് അവയെ വികസിപ്പിച്ച് വിത്തോടൊപ്പം വ്യാപിപ്പിക്കുന്നു. കീടങ്ങളെ പരസ്പരം സ്വാധീനിക്കാന്‍ ഉത്സര്‍ജിക്കുന്ന വസ്തുക്കളെയാണ് ഡീകോഡ് ചെയ്യുന്നത് ആണ്‍കീടങ്ങള്‍ പെണ്‍കീടങ്ങളെ ആകര്‍ഷിക്കുന്ന വസ്തുവിനെ ഇത്തരത്തില്‍ ഡീകോഡ് ചെയ്യുന്നതിലൂടെ കീടങ്ങളുടെ വ്യാപനം നിയന്ത്രിക്കാനാകും. ഇതിനായി എടിജിസി ബയോടെക് ആണ്‍കീടങ്ങളെ കുഴപ്പത്തിലാക്കുന്ന ചില ഇണചേരല്‍ ചാപല്യങ്ങള്‍ തെറ്റായ സിഗ്നലുകള്‍ വഴി പ്രസരിപ്പിക്കും. കീടങ്ങളുടെ വ്യാപനം നിരീക്ഷിക്കാന്‍ രാജ്യത്ത് ഈ രീതി ഇപ്പോള്‍ തന്നെ പ്രയോഗത്തിലുണ്ട്. എന്നാല്‍ അവയുടെ വംശവര്‍ധന തടയാന്‍ ഈ രീതി ഉപയോഗിക്കുന്നത് ആദ്യമായാണ്. തികച്ചും കൃഷിസൗഹൃദവും പരിസ്ഥിതി അനുകൂലവും ഉപഭോക്താവിന് സുരക്ഷിതവുമായ ഈ മാര്‍ഗം കര്‍ണാടകയിലെ റയ്ച്ചൂര്‍, ബംഗളൂരു, ഗുജറാത്തിലെ രാജ്‌കോട്ട്, ജൂനഗദ്, തെലങ്കാനയിലെ വികരബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ചില കൃഷികളില്‍ നടപ്പിലാക്കി വരുന്നുണ്ട്. അന്തകവിത്ത് നാശം വിതച്ച പരുത്തി, വഴുതിന എന്നിവയിലാണ് ഇവ കൂടുതലായും നടപ്പിലാക്കിവരുന്നത്. തണ്ടുതുരപ്പന്‍ അടക്കമുള്ള കീടങ്ങളെ ഇത്തരത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ എടിജിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഡോ. ഗോറന്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന കീടനിയന്ത്രണ ശ്രമങ്ങള്‍ക്ക് പല സര്‍ക്കാരുകളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഈ കമ്പനിക്ക് നേടാന്‍ കഴിഞ്ഞു.

ബഹുരാഷ്ട്ര കമ്പനികള്‍ പിടിമുറുക്കിയിരിക്കുന്ന ഈ മേഖലയില്‍ രാജ്യത്തെ കൃഷിക്കും പരിസ്ഥിതിക്കും മനുഷ്യാരോഗ്യത്തിനും ഇണങ്ങുന്ന ഗവേഷണങ്ങള്‍ നടത്തുന്ന യുവശാസ്ത്രജ്ഞര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കും. കോടികളുടെ ലാഭമുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ഇത്തരം ഗവേഷകര്‍ ഉയര്‍ത്തുന്ന ഭീഷണി അത്ര നിസാരമായി കാണില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കുള്ള പിന്തുണയും സഹായവും ദേശീയകാര്‍ഷിക നയത്തിന്റെ ഭാഗമായി പൊതുമേഖലയില്‍ ഇവയെ നിലനിര്‍ത്തേണ്ടതുണ്ട്.