Tuesday
25 Sep 2018

മരുഭൂമിയിലെ ഓറിക്‌സ് മാനുകള്‍ വംശനാശത്തില്‍ നിന്ന് സമൃദ്ധിയിലേക്ക്

By: Web Desk | Saturday 13 January 2018 10:53 PM IST

കെ രംഗനാഥ്

അബുദാബി: വംശനാശം നേരിടുന്ന ജന്തുജാലങ്ങളെ വംശസമൃദ്ധിയിലേയ്ക്ക് നയിക്കുന്ന പദ്ധതികളിലൂടെ യുഎഇ ലോകത്തിന് വഴികാട്ടുന്നു. ഗള്‍ഫ് ജനതയ്ക്ക് ഏറെ വൈകാരികബന്ധമുള്ള മണലാരണ്യങ്ങളിലെ ഓറിക്‌സ് മാനുകള്‍ മൂന്ന് പതിറ്റാണ്ടിനുമുമ്പ് ഇരുന്നൂറില്‍ താഴെയായിരുന്നത് വംശസംരക്ഷണപദ്ധതികളിലൂടെ പതിനായിരം കടന്നു.
ഇവയില്‍ അയ്യായിരവും ഇപ്പോള്‍ അബുദാബിയിലാണുള്ളത്. ഇതോടെ മനോഹരമായ ഈയിനം മാനുകളെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ നിന്നും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ നീക്കി. വംശമറ്റുപോകുമെന്ന നില വന്നപ്പോള്‍ യുഎഇ രാഷ്ട്രപിതാവായ അന്തരിച്ച ഷേഖ് സായേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് ഇവയെ പിടികൂടി പ്രജനനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് വംശവര്‍ധനയ്ക്കുള്ള പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ള ഈ പദ്ധതി വന്‍വിജയത്തിലേയ്ക്ക് കുതിക്കുകയായിരുന്നു.
അബുദാബിയില്‍ ഖ്വാസര്‍ അല്‍സറഫിലെ 200 ചതുരശ്ര കിലോമീറ്ററിലെ സംരക്ഷിതപ്രദേശത്തെ സ്വാഭാവിക ജൈവമണ്ഡലത്തില്‍ പ്രജനനത്തിലൂടെ പിറന്ന നൂറുകണക്കിന് ഓറിക്‌സ് മാനുകളാണുള്ളത്. ഇതോടെ ഇവിടം ഒരു വിനോദസഞ്ചാരകേന്ദ്രവുമായി. യുഎഇയുടെ നാണയത്തിലും ഈ മാനുകളുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അബുദാബിയുടെ വിസ്തൃതിയില്‍ 15.4 ശതമാനം ഭാഗത്തുമായി 19 ഓറിക്‌സ് പരിപാലന കേന്ദ്രങ്ങള്‍ ഉള്ളതില്‍ നിന്നുതന്നെ യുഎഇയിലെ ജനങ്ങളും ഭരണകൂടവും എത്രയധികമാണ് പ്രകൃതിയുടെ കാവലാളെന്ന് മനസിലാക്കാം. അതിരപ്പള്ളി പദ്ധതിക്ക് വേണ്ടി സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പലുകളുടെ വംശനാശം വരുത്തിയാലും കുഴപ്പമില്ലെന്നു വാദിക്കുന്നവരുടെ പരിസ്ഥിതിബോധത്തെയാണ് അറേബ്യന്‍ മാനുകളുടെ കുലസമൃദ്ധി പരിഹസിക്കുന്നത്.
ഈയടുത്ത് ദുബായില്‍ ആയിരക്കണക്കിന് കോടി രൂപ മുടക്കി പണി പാതിയായ നിര്‍മാണപ്രവര്‍ത്തന സ്ഥലത്തെ കുറ്റിക്കാട്ടില്‍ അഭയം തേടിയ ഹോബുറാപക്ഷിയേയും അതിന്റെ മുട്ടകളെയും സംരക്ഷിക്കാന്‍ വേണ്ടി പദ്ധതി തന്നെ മറ്റെവിടേക്കെങ്കിലും മാറ്റിക്കൊണ്ടുപോകാന്‍ ദുബായ് ഭരണാധികാരി ഷേഖ് റഷീദ് മക്ദൂം ഉത്തരവിട്ടത് ലോകമാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായിരുന്നു. ഷേഖിനെ അഭിനന്ദിച്ച് ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിന് സന്ദേശങ്ങളുടെ പ്രവാഹം തന്നെയുണ്ടായി.
ഓറിക്‌സ് മാനുകള്‍