24 April 2024, Wednesday

എന്നുമെന്നപോൽ ഉണ്ടായിരുന്നെങ്കിൽ…

വിജിഷ വിജയന്‍
September 13, 2022 11:35 pm

കോളേജിൽ പോകുന്ന കാലത്ത് ബസിൽ ഞാൻ മുന്നിലേക്ക് നൂണ്ടു കയറും. ഡ്രൈവറുടെ തൊട്ടു പുറകിൽ നിൽക്കും. അതിനൊരു പ്രത്യേക കാരണമുണ്ട്. ഡ്രൈവറെ കാണാനല്ല. അയാളുടെ കൈയ്യും കാലും നോക്കുക എന്റെ വിനോദമായിരുന്നു. എന്നു വെച്ച് തെറ്റായൊന്നും ധരിക്കണ്ട. ആ വലിയ വളയം തിരിക്കുന്നതും ഒടിക്കുന്നതും , ആക്‌സിലേറ്റർ ചവിട്ടുന്നതും കാണുക കൗതുകമായതു കൊണ്ടു തന്നെ!
അന്ന് സ്ഥിരമായി ഒരു ‘അയ്യപ്പജ്യോതി’ ഉണ്ടായിരുന്നു.
മുക്കിയും, മുരണ്ടും ആ ബസ്സും, വളച്ചും ഒടിച്ചും അതിന്റെ ഡ്രൈവറും തിങ്ങിയും, വിങ്ങിയും ഞങ്ങളും ഇടങ്ങേറായിരുന്നു.

ഇപ്പോഴും അതേ റോഡിലൂടെ പോകുമ്പോൾ ഞാനാ ബസ് തിരയാറുണ്ട്. കറുത്ത് തടിച്ച് കോലൻ മുടി മുന്നിലേക്ക് തൂക്കിയിട്ട ആ പണ്ടത്തെ ഡ്രൈവറെയും!
പ്ലസ്ടു വിന് പഠിക്കുമ്പോ ഒരുപാട് ദൂരം നടക്കാനുണ്ടായിരുന്നു.ഞാനും അസ്‌ലമും, നിഖിതയും ആഞ്ഞു ചവിട്ടിയാൽ ഉറുമ്പുചാവും എന്ന മട്ടിൽ പതുക്കെയാണ് നടക്കുക.
ക്ലാസിലെ എന്റെയൊരു സുഹൃത്തുണ്ടായിരുന്നു,ഹൃദ്യ.
വെള്ളിയാമ്പുറത്താണ് അവളുടെ വീട്. ആ നാട്ടിലെ വെള്ളമില്ലാത്തതിന്റെ ദുരവസ്ഥയെക്കുറിച്ച് അവൾ എന്നും പറയാറുണ്ട്.
വീട്ടിലേക്ക് വിളിക്കാറുണ്ടെങ്കിലും എനിക്കങ്ങോട്ട് പോകാൻ കഴിഞ്ഞിട്ടില്ല.അവളുടെ നാട്ടിൽ എല്ലാ വലിയ വണ്ടികളും ഓടിക്കുന്ന ഒരു പയ്യനുണ്ട്. എന്റെ വണ്ടിപ്രേമം പറയുമ്പോ അയാളെക്കുറിച്ച് അവള് പറയും..പിന്നീട് എന്താ സംഭവിച്ചത് എന്നറിയില്ല. അവന് എന്നോട് വലിയ പ്രേമമായി.
പഠിക്കണം, സ്ഥിരമായി എല്ലാ കൊല്ലവും യൂത്ത്ഫെസ്റ്റിവലിന് പോകണം എന്നല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ ഇല്ലാത്ത കാലം.

ഹൃദ്യ പതിവായി അവന്റെ ഗുണഗണങ്ങൾ എന്നോട് വിവരിക്കും. വലിയ വണ്ടികൾ ഓടിക്കുന്ന ക്രൈസ് ഉണ്ടവന്.അതുകൊണ്ട് ഞാനത് കേട്ടിരിക്കും.
അവന് പത്തൊമ്പത്, എനിക്ക് പതിനേഴ്. വയസ്സ് ചേർച്ചയാണെന്ന അനുമാനത്തിൽ അവൾ കൈയ്യടിക്കും. അവന്റെ നിറം വെളുപ്പ്, ഞാനോ ഇരുണ്ട് ഒരുമാതിരി അണ്ണാച്ചി ലുക്ക്‌.
അവളെന്നെ നോക്കും.
“ഡീ കുറച്ച് കസ്തൂരിമഞ്ഞൾ തേക്ക് രാവിലെ ”
“ന്തിന് ഓനെ പ്രേമിക്കാനോ?”
ഞാൻ കയർക്കും.
“അവന് നിന്റെ ഈ നിറമാകും ഇഷ്ടം, നീയിനി കഷ്ടപ്പെടണ്ട.”
“അല്ലെങ്കിൽ നിന്റെ വെള്ളം കിട്ടാത്ത നാട്ടിലുള്ളവനെ പ്രേമിക്കാൻ ഞാൻ മഞ്ഞള് തേക്കാൻ പോവല്ലേ, ഒന്ന് പോടീ.”
എന്നാലും ഇടക്കൊക്കെ അവള് പറയും “അഭിനന്ദേട്ടൻ പാവാടീ, നീയൊന്ന് നോക്ക്.”

അതിന്റെ പിറ്റേന്ന് മുതൽ ഹൃദ്യയുടെ അഭിനന്ദേട്ടൻ എന്നും വൈകീട്ട് എന്റെ കൂടെ വീട് വരെ അതിസാഹസികമായി ബുള്ളറ്റ് ഓടിച്ചു വരും.ഞാൻ കാണാൻ വണ്ടി കൈവിട്ടും,അതില് കയറി നിന്നും,തിരിഞ്ഞിരുന്നുമൊക്കെ അയാള് ബൈക്ക് ഓടിക്കും.
പ്രണയത്തിൽ പെടുമ്പോൾ ഒരാൾ എന്ത് മാത്രം ത്യാഗങ്ങൾ സഹിക്കുന്നു എന്നോർക്കുമ്പോൾ ഇന്നും അവനോടെനിക്ക് സഹതാപമുണ്ട്.പെട്ടുപോകലാണ് പ്രേമമെന്ന് എഴുതുന്ന കാലമത്രയും നാമൊന്നും ആ മാസ്മരികത അനുഭവിക്കില്ല.എന്നിട്ടും നല്ലൊരു ചിരി പോലും അവന് കൊടുത്തില്ലല്ലോ എന്നോർക്കുമ്പോൾ ഞാനെന്തൊരു ദുഷ്ടപ്പിശാചാണ് എന്ന് തോന്നിപ്പോകും.
എപ്പോഴും ചുണ്ട് ചുവപ്പിച്ചു നടക്കുന്ന അവന്റെ പാൻപരാഗ് തീറ്റ എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല.
അവൻ നല്ല കുടിയനാണെന്ന് വേറെ ആരൊക്കെയോ പറഞ്ഞു.
കാമുകസങ്കല്പങ്ങളില്ലാത്ത കൗമാരത്തിലെ ബുള്ളറ്റ് കുമാരനായ അവൻ തന്ന ഫോൺ നമ്പർ അതുകൊണ്ടു തന്നെ ഞാൻ വാങ്ങിയില്ല. കീറിക്കീറി ചുരുട്ടിക്കൂട്ടി.കുറേ ശല്ല്യപ്പെടുത്തുമ്പോ ഞാനവനെയൊന്ന് തുറിച്ചു നോക്കും.“ഈ നോട്ടം കൊണ്ടാണ് ഞാനെന്നും ഉച്ചക്ക് പണി നിർത്തി നിന്റെ കൂടെ വരുന്നതെ“ന്ന് അവൻ ഉറക്കെ പറയും.
കൂടെയുള്ള എന്റെ കൂട്ടുകാർ ചിരിയോചിരിയാകും. ഞാൻ തല താഴ്ത്തി നടക്കും.
പിന്നെയും കുറേ കാലം അവനെന്റെ വൈകുന്നേരങ്ങളിലെ ബോഡിഗാർഡ് പദവിയെടുത്തു.
ഒരു ദിവസം അവനും കൂട്ടുകാരനും വീടിന്റെ മുറ്റം വരെ വന്നു. അന്നൊക്കെ അത് വലിയ ശല്ല്യമായിരുന്നു.
നാട്ടിലെ ആരൊക്കെയോ എന്റെ കൂടെ ആൺകുട്ടികൾ വരുന്നുണ്ടെന്ന് അച്ഛച്ഛനോട്‌ പറഞ്ഞു കൊടുത്തു.

അച്ഛച്ഛൻ വീട്ടിൽ വന്ന് കാര്യം പറഞ്ഞു.എത്ര പെട്ടന്നാണ് വിവാദങ്ങൾ തേടി വരുന്നത് എന്നോർത്തു അന്നത്തെപ്പോലെ ഇന്നും ഞാൻ അത്ഭുതപ്പെടാറുണ്ട്!
എന്നും സ്കൂൾ വിട്ട് വരുമ്പോ ബോഡിഗാർഡ് ആകുന്നവനെ ഓർക്കാൻ ഒരു കാരണമുണ്ടായി.
ഈയിടെ പേപ്പറിൽ വന്ന ഒരു വാർത്തയാണ്.
‘കുട്ടികളെ മറയാക്കി എം.ഡി.എം.എ കടത്ത് ;ദമ്പതികളടക്കം നാലു പേർ റിമാൻഡിൽ’ എന്ന വാർത്തയ്ക്ക് താഴെയുള്ള നാല് ചിത്രങ്ങളിൽ ഒന്ന് എനിക്ക് പരിചിതമായ മുഖം!
അറസ്റ്റിലായ അയാളുടെ പേര് വായിച്ചു.അസ്‌ലാമുദീൻ. തൊട്ടപ്പുറം പേടിച്ചരണ്ടു നിൽക്കുന്ന ഇരുപത്താറുകാരി ഭാര്യ എൻ. കെ. ഷിഫ്ന.
അസ്‌ലാമുദീനെ ഓർമ്മകളിൽ പരത്തി. ആ നീളൻ മുടിക്കാരൻ, ഉണ്ടക്കണ്ണുള്ള അവനെ എനിക്കറിയാം.പേരറിയില്ല.
പതിവായി സ്കൂളിൽ നിന്നും വരുമ്പോ എന്നെ പിന്തുടരാറുള്ള അഭിനന്ദിന്റെ ബുള്ളറ്റിന് പിന്നിൽ ഇടക്കൊക്കെയും ഇരിക്കാറുള്ള ആത്മസ്നേഹിതൻ!
ആ വാർത്ത മുഴുവൻ വായിച്ചു.
അഭിനന്ദ് എന്ന പേര് ഉണ്ടോ എന്ന് സസൂക്ഷ്മം നോക്കി.
ഇല്ല അവനില്ല.

കിഴിശ്ശേരി എനിക്കൊരു സുഹൃത്തുണ്ട്. റജ ഫാത്തിമ.നല്ല ബൈക്ക് റൈഡറായിരുന്നു അവളുടെ കാമുകൻ ജിഹാരി.അവന്റെ കഥ കേൾക്കുമ്പോഴും എനിക്ക് അഭിനന്ദിനെ ഓർമ്മ വരാറുണ്ട്.പാൻപരാഗാണ് അവന്റെയും ഇഷ്ടഭക്ഷണം.
റജ സുന്നി ഫാമിലിയാണ്. ജിഹാരി മുജാഹിദും.
തമ്മിൽ തമ്മിൽ അതിന്റെ നിയമവശങ്ങളെചൊല്ലി അവർ വഴക്കിടാറുണ്ടെന്ന് അവളിങ്ങനെ പറയും.. അവന്റെ കൂടെ ബൈക്കിൽ ചുറ്റുന്ന കഥ അവള് പറയുമ്പോ ഞാൻ വായിൽ വെള്ളം നിറച്ച് ഇരിക്കും.
യാത്ര ഇഷ്ടമുള്ള രണ്ടാൾക്കാർ,അവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.കാലിക്കറ്റ്‌ ബീച്ചിലെ കാടമുട്ട മസാല, കടുക്ക നിറച്ചത്, നക്ഷത്ര ബംഗ്ലാവ്, കാപ്പാട്.. എല്ലാം സവാരിഗിരിഗിരിയായി അവർ ആസ്വദിച്ചു.
സ്നേഹം കൂടിക്കൂടി കുറുമ്പും കുശുമ്പും എല്ലാം രണ്ടാൾക്കും ഉണ്ടായിരുന്നു.

കണ്ണേറുദോഷങ്ങൾ തട്ടിയ പോലെയായിരുന്നു ജിഹാരിയുടെ അറസ്റ്റ്‌ വാർത്ത കേട്ടത്.
ബൈക്ക് ആക്‌സിഡന്റിൽനിന്നും രക്ഷപ്പെട്ടെങ്കിലും,ലഹരി മരുന്ന് വേട്ടയിൽ പിടിയിലായ അവൻ പിന്നെ പുറം ലോകം കണ്ടില്ല.
റജയുടെ വാർത്തകൾ ഒന്നും തന്നെ അറിഞ്ഞതുമില്ല.
അവളെ പോയി കാണണമെന്ന് തോന്നിയെങ്കിലും കൊറോണയും പിന്നീടുണ്ടായ പലമാറ്റങ്ങളും കാരണം അവളെ ഓർത്തതേയില്ല.

കോളേജിലെ ചില പഴയ കുട്ടികളെ ലഹരി ഉപയോഗിച്ചതിനാൽ അറസ്റ്റ് ചെയ്ത വാർത്ത വീണ്ടും ന്യൂസ്‌പേപ്പറിൽ കണ്ടപ്പോൾ നെഞ്ച് പിടച്ചു.
നമ്മുടെ കുട്ടികൾ എന്ന് പ്രിൻസിപ്പൽ ഗ്രൂപ്പിൽ പറഞ്ഞതും ഏറെ വേദനയോടെയാണ്.
രാവിലെ മയക്കുമരുന്ന് വാർത്തകൾ ഇല്ലാതെ ഇപ്പോൾ പത്രം വരാറില്ല.
എന്തുകൊണ്ടാണ് കുട്ടികൾ മയക്കുമരുന്നിൽ അഭയം തേടുന്നതെന്ന് എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിരുന്നു.
ഒരുദിവസം ക്ലാസ്സ്‌ എടുക്കുമ്പോൾ ഞാൻ കുട്ടികളോട് ചോദിച്ചു.
“ഡാ ഇതിലാരേലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ?”
“ദാ മിസ്സേ ഇവൻ ഡെയിലി, ദാ മിസ്സേ ഇവനെ ഇപ്പൊ പിടിച്ചാലും മരിജ്വാന കിട്ടും, മാജിക് മഷ്റൂം കിട്ടും ”
“മഷ്‌റൂം കൂൺ അല്ലേടാ.”
“അയ്യേ ഈ മിസ്സിന് ഒന്നും അറിയൂല, ഗമണ്ടൻ സാധനമാ.. അടിച്ചാ കിളി പോകും.”
എന്നെക്കാളും വിവരവും വിവരക്കേടുമുള്ള മക്കളോട് എത്രയോ തവണ ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് സംസാരിക്കാറുണ്ട്.
എന്നാലും മക്കളെ കാണുമ്പോൾ പേടിയാണ്.
അവർ ജീവിക്കുന്ന പരിതസ്‌ഥിതിയാണ് ഏറ്റവും പ്രശ്നം.

മാന്യതയുള്ള ഏതൊരു കുട്ടിക്കും മോശപ്പെടാം എന്ന തരത്തിലേക്കുള്ള കാലത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും മാറ്റത്തെ ഇനിയും ആകൃതിപ്പെടുത്താനുണ്ട്.
ഹെൽമെറ്റ്‌ ഇടാതെ ബൈക്ക് ഓടിക്കുന്നതും, ലഹരി ഉപയോഗവും എല്ലാത്തിന്റെയും ദൂഷ്യവശങ്ങളും പറയുമെങ്കിലും ഉപദേശിയെന്ന പേര് കിട്ടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.
വീട്ടിലെ മോശം സാഹചര്യത്തിൽ നിന്നാണ് പലകുട്ടികളും ഇത്തരം പ്രവണതകളിലേക്ക് എത്തിച്ചേരുന്നത് എന്നത് വലിയൊരു സത്യമാണ്.

ഒത്തുചേർന്നിരിക്കാൻ സമയമില്ലാത്ത, മക്കളെ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഏതൊരു അച്ഛനും അമ്മയും തന്റെ മക്കൾക്ക് ആരും കാണാത്ത ലഹരിലോകത്തിന്റെ വാതിൽ തുറക്കാൻ സഹായിക്കുകയാണെന്ന് ഞാൻ പറയും.

കാരണം നിങ്ങളിൽ എത്ര പേരുടെ വീട്ടുകാർ നിങ്ങളെ കേൾക്കാറുണ്ട്, മനസ്സിലാക്കാറുണ്ട്.
ഇടക്കൊന്നു കെട്ടിപിടിക്കാറുണ്ട്? എന്നു ചോദിച്ചപ്പോൾ ഒരു കുട്ടി മാത്രം കൈ ഉയർത്തിയ ക്ലാസിലെ മറ്റുകുട്ടികൾ കേൾക്കാനുള്ള ലോകവും, മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യവും തേടുമെന്നതിൽ സംശയമില്ല..
അതിലൂടെ നേടുന്ന എന്തും,
സ്നേഹം പോലും മിഥ്യയാവുമെന്നതിലും..

എന്റെ ഓർമ്മകളുടെ പുസ്തകത്തിലൂടെ ആളുകൾ സഞ്ചരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു വേദനയാണ്. നടന്നു തീർന്ന വഴികൾ എഴുതുന്നതാണ് ഏറ്റവും കഠിനം.നെഞ്ചിലൊരു ഭാരം വെച്ച് നടക്കുന്ന പോലെയാണത്.
നാലു ബ്ലോക്ക്, അഞ്ചു ബ്ലോക്ക് എന്നൊക്കെ പറഞ്ഞു കാൽ ഞരമ്പുകളിലൂടെ ബലൂൺ സർജറിയിൽ ആ ബ്ലോക്ക് നീക്കലാണ് ഓർമ്മയെഴുത്തുകൾ.
എഴുതി ഉപേക്ഷിക്കുക എന്നതാണ് എന്റെ ഭാവം.പക്ഷെ ഇങ്ങനെയൊന്ന് എഴുതി ഉപേക്ഷിക്കുക വയ്യ.. ബോധവൽക്കരിക്കുക, ബോധപൂർവം തന്നെ..
ഒന്നുമില്ലാതെ ഒറ്റക്ക് നമുക്ക് നിലനിൽപ്പില്ലല്ലോ..
“വേരുകളില്ലാതെ മനുഷ്യനു ജീവിക്കാനാവില്ലെന്ന് തോന്നിപോകുന്നു ഇല്ലെങ്കിൽ കുറേ വള്ളികളെങ്കിലും വേണ“മെന്ന് പത്മരാജൻ പറഞ്ഞത് വെറുതെയല്ല.
നമുക്ക് ആരെങ്കിലുമൊക്കെ വേണം.
സ്വയം മനസ്സിലാക്കാൻ കഴിയാത്ത പാഠങ്ങൾ പറഞ്ഞു തരാൻ,
എന്നുമെന്നപോൽ അവരൊക്കെ ഉണ്ടായിരുന്നെങ്കിൽ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.