Monday
22 Oct 2018

ഓരുമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ കര്‍ശന നിര്‍ദേശം

By: Web Desk | Tuesday 14 November 2017 9:25 PM IST

ആലപ്പുഴ: 30നകം ജില്ലയിലെ എല്ലാ ഓരുമുട്ടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് കാര്‍ഷിക വികസനകര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ കൂടിയ കൃഷി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഓരുവെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരുമുട്ടുകള്‍ നിര്‍മിക്കാന്‍ സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായും ഓരുമുട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉടലെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്തമെന്നും കര്‍ശന നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി ഷട്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരെ നിയോഗിക്കാന്‍ വകുപ്പിനോട് നിര്‍ദേശിച്ചു. മത്സ്യബന്ധനത്തിനായി ഷട്ടറുകള്‍ക്കടിയില്‍ കല്ല് വയ്ക്കുന്നത് അനുവദിക്കില്ല. ഓരുമുട്ടുകളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതായും പ്രവൃത്തികളുടെ കരാര്‍ ആയി നിര്‍മാണ നടപടി തുടങ്ങിയതായും മൈനര്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. ആറു പ്രവൃത്തികള്‍ റീടെണ്ടര്‍ ചെയ്‌തെന്നും 30നകം ഓരുമുട്ട് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. പുളിക്കീഴ് ഓരുമുട്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കലക്ടര്‍ ടി വി അനുപമ, കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ അഡ്വ. ജോയിക്കുട്ടി ജോസ്, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ സുകുമാരപിള്ള, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെ പ്രേംകുമാര്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ മോന്‍സി പി അലക്‌സാണ്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related News