Thursday
20 Sep 2018

വിറപ്പിച്ചു, ഒടുവില്‍ വീണു

By: Web Desk | Wednesday 12 September 2018 8:30 AM IST

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതി കീഴടങ്ങി. വീരോചിത ശതകങ്ങളുമായി ലോകേഷ് രാഹുലും റിഷഭ് പന്തും അഞ്ചാംദിനത്തില്‍ ഇന്ത്യയെ നയിച്ചു. ഇരുവരുടെയും മികവില്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ടുവെങ്കിലും ഒടുവില്‍ തോല്‍വിയിലേക്ക് വീണു. 118 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പര ഇംഗ്ലണ്ടിന് 4-1 ന് സ്വന്തമായി.
ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ചുറിയാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. സെഞ്ചുറിയിലേക്ക് 118 പന്തുകള്‍ മാത്രം നേരിട്ട ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സില്‍ 14 ഫോറും മൂന്ന് സിക്‌സുമുണ്ടായിരുന്നു. നേരത്തെ കെ എല്‍ രാഹുലും സെഞ്ചുറി നേടിയുന്നു. രാഹുലും 118 പന്തിലാണ് സെഞ്ചുറി തികച്ചത്.

ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടം കൂടി റിഷഭ് പന്ത് സ്വന്തമാക്കി. ഏഷ്യക്ക് പുറത്ത് ടെസ്റ്റ് സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ കൂടിയാണ് റിഷഭ്. അദില്‍ റഷീദിനെ 74 ാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറിന് പറത്തിയാണ് പന്ത് നേട്ടം ആഘോഷിച്ചത്.

രാഹുലിന്റെയും റിഷഭിന്റെയും പ്രകടനത്തോടെ ഏകപക്ഷീയമായി ഇംഗ്ലണ്ട് വിജയിക്കുമെന്ന് കരുതിയിരുന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും സാധ്യതയായിരുന്നു. പ്രതിരോധിക്കുന്നതിന് പകരം വേഗത്തിലായിരുന്നു രാഹുലിന്റെയും റിഷഭിന്റെയും ബാറ്റിങ്.
ഇന്ത്യയ്ക്കായി നാലാം ഇന്നിംഗ്‌സില്‍ രണ്ടു സെഞ്ചുറി നേടുന്ന നാലാമത്തെ ജോഡികളായി ഇരുവരും മാറി. 2000ത്തിനുശേഷം ഇതുവരെ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടു സെഞ്ചുറികള്‍ പിറന്നിട്ടില്ല.

രണ്ടാം ഇന്നിങ്‌സില്‍ 464 വിജയലക്ഷ്യവുമായി അഞ്ചാം ദിനം 58ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 37 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ നേരത്തെ പുറത്തായി. മൊയീന്‍ അലിയാണ് വിക്കറ്റ് നേടിയത്.പിന്നാലെ എത്തിയ ഹനുമ വിഹാരിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ആറ് പന്ത് മാത്രം നേരിട്ട വിഹാരി റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് നല്‍കി മടങ്ങി. നാലാം ദിനം വിരാട് കോലിയടക്കം ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്ന്മാര്‍ പവലിയനിലേക്ക് തിരികെ എത്തിയിരുന്നു. കോലിയും പൂജാരയും റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ ഒരു റണ്ണാണ് നേടിയത്.

രാഹുലും റിഷഭും തുടരെതുടരെ പുറത്തായത് വിജയപ്രതീക്ഷയിലായിരുന്ന ഇന്ത്യയെ വീണ്ടും പിന്നോട്ടടിച്ചു. 149 റണ്‍സെടുത്ത രാഹുലിനെ ആദില്‍ റഷീദ് ക്ലീന്‍ബൗള്‍ഡാക്കി.146 പന്തില്‍ 114 റണ്‍സെടുത്ത റിഷഭിനെയും ആദില്‍ റഷീദ് മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു.
ഇതോടെ സമനില ലക്ഷ്യമിട്ട ഇന്ത്യയ്ക്ക് തിരിച്ചടിയായി ജഡേജ13 റണ്‍സിനും ഇഷാന്ത് ശര്‍മ്മ അഞ്ച് റണ്‍സെടുത്തും പുറത്തായി. വാലറ്റം ഇംഗ്ലണ്ടിന് ഒരു വെല്ലുവിളിയും ഉയര്‍ത്താതിരുന്നതോടെ ഇംഗ്ലണ്ടിന് പരമ്പരയിലെ നാലാം വിജയവും സ്വന്തമായി.
മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരില്‍ ഗ്ലെന്‍ മാഗ്രാത്തിനെ മറുകടന്നു. 564 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ ഇതുവരെ നേടിയത്.