Wednesday
19 Dec 2018

തെലങ്കാനയില്‍ ഇലക്ഷന്‍ ചൂട് കര്‍ണ്ണാടകയിലെ മൂങ്ങകളെ കൂട്ടത്തോടെ കാണാതാവുന്നു

By: Web Desk | Thursday 6 December 2018 9:10 PM IST

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുക്കുമ്പേള്‍ മാര്‍ക്കറ്റ് വാല്യു കൂടുന്ന ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും ഇന്ത്യയില്‍ ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം മുതലായവയില്‍ വാഗ്ദാനം നടത്തി വോട്ടര്‍മാരെ വലയിലാക്കുന്നതുപോലെ എതിര്‍ സ്ഥാനാര്‍ഥികളെ വീഴ്ത്താനാവില്ലെന്ന് സ്ഥാനാര്‍ഥികള്‍ക്കറിയാം. എന്ത് മന്ത്രവിദ്യ കാണിച്ചിട്ടായാലും വേണ്ട മറുപുറത്തുള്ളയാളെ താഴെയിടുക എന്ന ഒരു ലക്ഷ്യം മാത്രമാണ് സ്ഥാനാര്‍ഥിക്കുള്ളത്.

ഇതിനുവേണ്ടിവരുന്നത് ദുര്‍മന്ത്രവാദമാണെങ്കില്‍ക്കൂടിഒന്നു പരീക്ഷിക്കാനിവര്‍ തയ്യാറായേക്കും. ഇത്തവണ തെലങ്കാനയിലെ തെരഞ്ഞെടുപ്പ് നഷ്ടം വരുത്തിയിരിക്കുന്നത് കര്‍ണാടകയ്ക്കാണ്.

തെലങ്കാനയില്‍ ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ കര്‍ണാടകയിലെ മൂങ്ങകളെ കാണാതാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ണു തള്ളിയത് കര്‍ണ്ണാടക പൊലീസിന്.

തെലങ്കാന അതിര്‍ത്തി പ്രദേശമായ സേദം പട്ടണത്തില്‍ നിന്ന് മൂങ്ങകളെ തട്ടികൊണ്ടുപോകുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ആപത്ത് വരുത്താന്‍ രാത്രി കാലങ്ങളില്‍ ഇരപിടിക്കുന്ന പക്ഷികള്‍ക്ക് കഴിയുമെന്നും അതിനായി ഇവയെ തെലങ്കാനയിലേക്ക് കൊണ്ടു പോവുകയാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

മൂങ്ങയെ കടത്തിക്കൊണ്ടുപോയി മൂന്നും നാലും ലക്ഷത്തിന് അവയെ വില്‍ക്കാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. മൂങ്ങയെ ദുര്‍മന്ത്രവാദത്തിന് വലിയ അളവില്‍ ഉപയോഗിക്കുന്നുണ്ട്. ചില ആഭിചാര പ്രവര്‍ത്തനങ്ങളില്‍ മൂങ്ങയെ കൊന്ന് അതിന്റെ തല, തൂവലുകള്‍, കണ്ണുകള്‍, കാലുകള്‍ തുടങ്ങിയവ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിട്ടിലെറിഞ്ഞാല്‍ അവരെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനാകുമെന്നാണ് വിശ്വാസം.

തെലങ്കാന തെരഞ്ഞെടുപ്പ് അടുക്കും തോറും കൂടുതല്‍ മൂങ്ങകള്‍ ആപത്തിലാകമെന്നാണ് പ്രക്യതി സ്‌നേഹികളുടെ ആശങ്ക. പിടിച്ചെടുത്ത മൂങ്ങകളെ തിരിച്ച് അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പൊലീസ് തുറന്ന് വിട്ടു. ഏകദേശം അഞ്ച് കിലോ തുക്കമുണ്ടാകും ഒരോ മുങ്ങകള്‍ക്കുമെന്നാണ് വനംവകുപ്പ് പ്രതിനിധി യാദവ് പറയുന്നത്. മൂങ്ങയെ ഉള്‍പ്പെടുത്തിയുള്ള ആഭിചാര പ്രവര്‍ത്തനങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related News