Thursday
18 Oct 2018

67 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ വിതരണം ചെയ്യും

By: Web Desk | Wednesday 10 January 2018 6:09 PM IST

പന്തപ്രയില്‍ അഞ്ച് പദ്ധതികള്‍ക്ക് 3 കോടി 70 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

കാക്കനാട്: കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയില്‍ നിന്നും പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുന്ന 67 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വനാവകാശ നിയമപ്രകാരം ഒരു കുടുംബത്തിന് രണ്ട് ഏക്കര്‍ ഭൂമിയാണ് നല്‍കുക. ഇതില്‍ വീട് നിര്‍മ്മിക്കുന്നതിന് 15 സെന്റില്‍ മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് ഉടന്‍ നല്‍കും. ഇതിനായി 756 മരങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.
കോളനിക്കാരുടെ പൊതു ആവശ്യത്തിനായി ആകെ അനുവദിക്കുന്ന ഭൂമിയുടെ 20 ശതമാനം സ്ഥലം നീക്കി വയ്ക്കാനും അനുമതി ലഭ്യമായിട്ടുണ്ട്. അടുത്ത മാസം തന്നെ കൈവശാവകാശ വിതരണം ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. കൂടാതെ പന്തപ്ര കോളനിയുടെ സമഗ്ര വികസനത്തിനായി ആകെ 3 കോടി 70 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇതില്‍ ഭവന നിര്‍മ്മാണത്തിനായി 2,34,50,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് 3.50 ലക്ഷം രൂപ നിരക്കില്‍ 350 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നല്‍കുക. നാല് ഗഡുക്കളായാണ് തുക അനുവദിക്കുക.
കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റി മുവാറ്റുപുഴ ഡിവിഷന്‍ തയാറാക്കിയ 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. വൈദ്യുതീകരണത്തിന് 42,68,500 രൂപയും  റോഡ് നിര്‍മ്മാണത്തിന് 37,50,000 രൂപയും കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം നേരിടുന്നതിന് സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് 8,05,000 രൂപയും അനുവദിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മിക്കുമ്പോള്‍ അത്യാവശ്യ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിംഗിനും വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുമുള്ള തുകയും വകയിരുത്തിയിട്ടുണ്ട്.
പന്തപ്രയില്‍ ഓരോ കുടുംബത്തിനും അനുവദിക്കുന്ന രണ്ടേക്കര്‍ ഭൂമിയിലേക്ക് ഉള്‍റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി കുട്ടമ്പുഴ പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. വ്യക്തിഗതമായി ലഭിക്കുന്ന രണ്ടേക്കര്‍ ഭൂമിയില്‍ കൃഷി നടത്തുന്നതിനായി 53 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജില്ല കൃഷി ഓഫീസര്‍ സമര്‍പ്പിച്ചിരുന്നു. കൃഷിക്കായി മരങ്ങള്‍ മുറിക്കാതെ നിലനിര്‍ത്തി നടപ്പാക്കാന്‍ പറ്റുന്ന പദ്ധതികള്‍ തയാറാക്കാന്‍ കൃഷി വകുപ്പിന് നിര്‍ദേശ നല്‍കിയിട്ടുണ്ട്. പുനരധിവാസ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന എല്ലാ ഏജന്‍സികളും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.
പന്തപ്ര ആദിവാസി കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട യോഗത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ല ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ജി. അനില്‍കുമാര്‍ മലയാറ്റൂര്‍ ഡിഎഫ്ഒ എ. രാജന്‍, നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍കുമാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭവന നിര്‍മ്മാണം 2,34,50,000/-
കുടിവെള്ളം 48,00,000/-
വൈദ്യുതീകരണം 42,68,500/-
റോഡ് നിര്‍മ്മാണം 37,50,000/-
സോളാര്‍ ഫെന്‍സിംഗ് 8,05,000/-
ആകെ 3,70,73,500/-