Wednesday
19 Sep 2018

പതനത്തിന്റെ പാഠങ്ങള്‍

By: Web Desk | Thursday 12 October 2017 1:00 AM IST

സാമ്പത്തികമാന്ദ്യം പുതിയ കാര്യമല്ല. ലോക സാമ്പത്തിക ചരിത്രത്തിലും അനുഭവത്തിലും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതതു സമയങ്ങളില്‍ സര്‍ക്കാരുകള്‍ അത്തരം അവസ്ഥകള്‍ തുറന്നുപറഞ്ഞ് സകലതര പരിഹാരങ്ങളും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ‘സബ് പ്രൈം ക്രൈസിസും’ തുടര്‍ന്നുള്ള ആഗോളമാന്ദ്യവും ‘ഡബ്ള്‍ ഡിപ്പു’മൊക്കെ ആഗോളതലത്തില്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പണിപ്പുരയായിരുന്നു. ‘ഫിസ്‌കല്‍’ മോണിറ്ററി തന്ത്രങ്ങള്‍ മാറിമാറി പ്രയോഗിച്ചാണ് ഇത്തരം തകര്‍ച്ചകളെ നേരിടുന്നത്. അതില്‍ പ്രധാനമായ കാര്യം മാന്ദ്യത്തിന്റെ വ്യാപ്തി മനസിലാക്കുകയും ഭരിക്കുന്ന സര്‍ക്കാര്‍ അത് തുറന്നുപറഞ്ഞ് പരിഹാരം തേടലുമാണ്. ഇന്ത്യന്‍ വര്‍ത്തമാനകാല മാന്ദ്യത്തിന്റെ സ്ഥിതി അതല്ല. സര്‍ക്കാര്‍ വളരെ അലംഭാവത്തോടെയാണ് ഇതിനെ നേരിടുന്നത്. അതേക്കുറിച്ചുള്ള വിശകലനങ്ങളെ രാഷ്ട്രീയ പകപോക്കലായി തരംതാഴ്ത്തിക്കാണുകയും ചെയ്യുന്നത് ഗുരുതരമായ വീഴ്ചയാണ്.

മാന്ദ്യം ഉടനെ തിരിച്ചുപിടിക്കുമെന്ന മോഡിയുടെ പ്രസ്താവന തീരെ നിസാരമായിപ്പോയി. സര്‍ക്കാര്‍ ഇന്നത്തെ വീഴ്ച്ചയുടെ ആഴവും വ്യാപ്തിയും അറിഞ്ഞിട്ടില്ല. ജിഎസ്ടിയും ഡീമോണിറ്റൈസേഷനും മാത്രമല്ല കാരണങ്ങള്‍. അവ ഉണ്ട്. പക്ഷെ, അതിലൊതുങ്ങാത്ത മറ്റ് പ്രധാന കാരണങ്ങളും ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിലുണ്ട്. കഴിഞ്ഞ നാല്‍പ്പത് മാസങ്ങളില്‍ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ജിഡിപി വളര്‍ച്ച, നിക്ഷേപക്കുതിപ്പ്, കാര്‍ഷിക-വ്യാവസായിക പുരോഗതി തുടങ്ങിയവയില്‍ ഒന്നുപോലും നേടാനായില്ല.

ക്രമാനുഗതമായ മാന്ദ്യത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ കാരണങ്ങള്‍ ഇവകൂടിയാണ്. ഇത്തരം അടിസ്ഥാന പരാജയങ്ങളെ മറച്ചുവച്ചുകൊണ്ട് താരതമ്യേന പ്രകടമായ ജിഎസ്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയവയെ മാത്രം കാരണമാക്കുന്നത് ശരിയായ വിശകലനമല്ല. ഇവയെ നേരിട്ടതുകൊണ്ട് മാത്രം മോഡിക്ക് മാന്ദ്യത്തെ റിവേഴ്‌സ് ചെയ്യാനുമാവില്ല.
അഞ്ച് ക്വാര്‍ട്ടറുകളിലായി സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചിരിക്കുന്നു. തുടര്‍ച്ചയായ മാന്ദ്യം ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയ കാലത്തേക്കാള്‍ അധികമാണ്. എന്താണ് വളര്‍ച്ച വേണമെന്ന് പറയാന്‍ കാരണം. ലളിതമായ അന്വേഷണത്തില്‍ വളര്‍ച്ചയില്ലെങ്കില്‍ ജനങ്ങള്‍ക്കാവശ്യമായ സേവനവും ചരക്കുകളും കിട്ടില്ല. ഒരര്‍ഥത്തില്‍ അതുതന്നെയാണ് ദാരിദ്ര്യമെന്ന് പറയുന്നത്. ഇതില്‍ അവശ്യസാധമെന്ന് പറയുന്നതില്‍ റോഡ്, പാര്‍ക്ക്, ഗതാഗതം എന്നിവയും പെടും. ഇത് സര്‍ക്കാര്‍ നല്‍കണം. അതിന് പൊതു പണം വേണം. പണം വരാന്‍ ദേശീയവരുമാനം വര്‍ധിക്കണം. ഇങ്ങനെ പൊതുചോദനം ഉയരുമ്പോള്‍ മാത്രമാണ് തൊഴിലുമുണ്ടാവുക. ഇതൊരു പരസ്പര്യത്തിന്റെ കഥയാണ്. അത് മുറിയുമ്പോഴാണ് വളര്‍ച്ച കുറയുക. പറയുമ്പോള്‍ ലളിതമെങ്കിലും കാര്യം വരുമ്പോള്‍ ഈ തകര്‍ച്ച മറികടക്കാന്‍ ബഹുതല പദ്ധതികള്‍ വേണം. അതിന്റെ വ്യാപ്തി സര്‍ക്കാര്‍ അറിയണം. പൊതുചര്‍ച്ചകളിലൂടെ പരിഹാരം തേടണം. മോഡി സര്‍ക്കാരിന്റെ നിര്‍ണായക പരാജയം അവിടെയാണ്. മോഡി – ഷാ – ജെയ്റ്റ്‌ലി ത്രയത്തിന്റെ കൂടാരചര്‍ച്ചയ്ക്കു മാത്രം പ്രശ്‌നത്തിന്റെ പരിഹാരത്തോളമെത്താനാവില്ല.
പ്രകടമായ ഒരു പൊതുദുരിതം പിടിതരാത്ത വിലവര്‍ധനയാണ്. ഉപഭോഗസാധനങ്ങളുടെ വിലവര്‍ധന ശരാശരി 3 ശതമാനത്തിന് മുകളിലായിരുന്നെങ്കിലും ധാന്യം, പച്ചക്കറി, പഴം, പാലുല്‍പ്പന്നങ്ങള്‍ എന്നീ പ്രാഥമിക ഉപഭോഗവസ്തുക്കളുടെ വില ഏതാണ്ട് 7 ശതമാനത്തിലധികം ഉയരുന്നതായാണ് കണക്ക്. നോട്ട് നിരോധനത്തിന്റെയുടനെയുണ്ടായ ചെറിയ വിലക്കറുവ് ക്രയവിക്രയശേഷിയിലുണ്ടായ താല്‍ക്കാലിക കുറവുകൊണ്ടായിരുന്നു. പക്ഷെ, നിരോധിച്ച പണമൊക്കെ തിരികെ എത്തി. 2017 ഓടെ വീണ്ടും പണപ്പെരുപ്പവും വിലക്കയറ്റവും തുടരുകയും ചെയ്തപ്പോള്‍ നോട്ടുനിരോധനത്തിന്റെ ലോജിക് എന്തായിരുന്നു. ഇതിന്റെ ദുരിതമൊക്കെ അനുഭവിച്ചത് മധ്യതല, താഴ്ത്തല പൗരന്മാരായിരുന്നില്ല. പിന്നെ ജിഎസ്ടി വന്നാല്‍ വില കുറയും, ഏകീകൃതമാവുമെന്നൊക്കെ പ്രചരിപ്പിച്ചതിന് വിരുദ്ധമായി ജൂലൈ, ഓഗസ്റ്റ് മാസത്തോടെ ക്രമാതീതമായ വിലക്കയറ്റം ഉണ്ടാവുകയും ചെയ്തു. വില കുറയ്‌ക്കേണ്ട ജിഎസ്ടി വില കൂട്ടി. അതിനും സര്‍ക്കാരിനെന്താണ് മറുപടി. തീര്‍ത്തും പരാജയപ്പെട്ട ഈ രണ്ട് ഭ്രാന്തന്‍ പരിപാടികളെ ഇനിയും മോഡിയും ജെയ്റ്റ്‌ലിയും ന്യായീകരിക്കുന്നത് പരിഹാസ്യമാണ്.
തൊഴിലവസരങ്ങളുടെ വര്‍ധനവായിരുന്നു തിരഞ്ഞെടുക്കപ്പെട്ടയുടന്‍ പ്രഖ്യാപിത നയമായിരുന്നത്. തൊഴിലില്ലായ്മ പൊക്കിക്കാണിച്ചാണ് വോട്ട് തേടിയതും നേടിയതും. എന്നാല്‍ 2013-14 കാലത്തെ 4.9 ശതമാനത്തില്‍ നിന്ന് അത് 5 ശതമാനം ആയി വര്‍ധിച്ചു. അടിസ്ഥാന മേഖലകളിലെ നിക്ഷേപക്കുറവായിരുന്നു ഇതിന് പ്രധാന കാരണം. അത് മറച്ചുവച്ച് നോട്ട് നിരോധനത്തിന്റെ താല്‍ക്കാലിക ഷോക്കാണ് തൊഴിലില്ലായ്മ വര്‍ധനയ്ക്ക് കാരണമെന്ന് പ്രചരിപ്പിച്ചതും അവാസ്തവികമായിരുന്നു. പ്രശ്‌നങ്ങളെ മറച്ചുപിടിക്കലാണിതൊക്കെ.
തീര്‍ന്നില്ല പ്രശ്‌നങ്ങള്‍. നിക്ഷേപ വര്‍ധനവായിരുന്നു മറ്റൊരു വാഗ്ദാനം. കണക്കുകള്‍ നോക്കുമ്പോള്‍ ഈ ഭരണകാലത്ത് നിക്ഷേപ വര്‍ധന 2005-നേക്കാള്‍ കുറവായിരുന്നു. മൂലധന സ്വരൂപണത്തില്‍ വന്‍ തകര്‍ച്ചയുണ്ടായി. അതോടെ കാര്‍ഷിക – വ്യാവസായിക മേഖലകളും മന്ദീഭവിച്ചു. വ്യാവസായികോല്‍പ്പാദന സൂചിക 2017 ജൂണില്‍ പൂജ്യത്തിന് പിന്നിലായി. അങ്ങനെ നോക്കുമ്പോള്‍ മൂലധന സ്വരൂപണം, തൊഴില്‍ സൃഷ്ടിക്കല്‍, വിലക്കയറ്റം തടയല്‍ തുടങ്ങി സകല അടിസ്ഥാന മേഖലകളിലും തകര്‍ച്ചയാണ്. ഇതൊക്കെ താല്‍ക്കാലികമാണെന്നും വെറും ജിഎസ്ടി – നോട്ടുനിരോധനം എന്നിവയുടെ ചില്ലറ ഫലങ്ങളാണെന്നും പറഞ്ഞുതള്ളുകയാണ് സര്‍ക്കാര്‍. വൈകാതെ വരാന്‍പോകുന്ന (2019-ല്‍) പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാജിക് കാണിക്കാമെന്നാണ് മോഡി – ഷാ – ജെയ്റ്റ്‌ലി ത്രിമൂര്‍ത്തികളുടെ ഉറപ്പ്. അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. ഉടന്‍ കയറിപോകാവുന്ന ഗര്‍ത്തത്തിലല്ല നാം വീണുകിടക്കുന്നത്. അഥവാ നാടിനെ വീഴ്ത്തിയത്.
നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കിയാലേ വളര്‍ച്ചയുടെ പാതയിലെത്താനാവൂ. എന്നാല്‍ ഒരു മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യനിക്ഷേപം വേണ്ടത്ര ആത്മവിശ്വാസം കാണിക്കില്ല. ധനശാസ്ത്രസിദ്ധാന്ത പ്രകാരം സ്വകാര്യനിക്ഷേപം മടിച്ചുനില്‍ക്കുമ്പോള്‍ പൊതുനിക്ഷേപം കാര്യമായി ഊര്‍ജ്ജിതമാവണം. കൂട്ടത്തില്‍ സ്വകാര്യനിക്ഷേപകരെ കൂടെ ചേര്‍ക്കുകയും വേണം. ഇത് മോഡി സര്‍ക്കാരിന് ഒരു വെല്ലുവിളിയാണ്. ഇവിടെ ശ്രദ്ധ ആവശ്യമാണ്. പൊതുനിക്ഷേപത്തിലെ വന്‍ വര്‍ധന ആവശ്യമാവുമ്പോള്‍ തന്നെ, സാമ്പത്തിക കമ്മി ക്രമാതീതമായി വര്‍ധിക്കുന്നത് നേരിടാന്‍ ഉല്‍പ്പാദനം സമമായി വര്‍ധിക്കണം. ഈ സന്തുലിതാവസ്ഥ പരിപാലിച്ചില്ലെങ്കില്‍ വിലവര്‍ധനയും തുടര്‍ന്ന് ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ദുരിതവും വര്‍ധിക്കും. ശ്രദ്ധാപൂര്‍വമായൊരു ബാലന്‍സിലൂടെ മാത്രമേ, ഈ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനാവൂ.
ഇന്‍ഫ്രാ സ്ട്രക്ചര്‍ മേഖലയില്‍ കാര്യമായ നിക്ഷേപവര്‍ധനവുണ്ടാവണം. ഒപ്പംതന്നെ കാര്‍ഷിക വ്യാവസായിക മേഖലകള്‍ക്കും നല്ല ‘ഡോസ്’ നിക്ഷേപം ലഭിക്കണം. പൊതുചോദനം വര്‍ധിപ്പിക്കാനാണിത്. ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണിതെന്നോര്‍ക്കുക. പറയാം. പ്രവര്‍ത്തിക്കാന്‍ മോഡി സര്‍ക്കാരിന്റെ വാഗ്‌ധോരണി പോര. കയറ്റുമതി മേഖലയിലെ കഴിഞ്ഞ അഞ്ച് പാദങ്ങളിലെ വിപരീത വളര്‍ച്ചയും തിരിച്ചുപിടിക്കണം. റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷനല്‍ സേവനങ്ങള്‍ എന്നിവയും തുടര്‍ച്ചയായി തളരുകയാണ്. ഉദാരീകരണത്തിന് ഇനിയും ആക്കംകൂട്ടാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപ വര്‍ധനവിലും ശ്രദ്ധിക്കണം. പൊതു-സ്വകാര്യ മേഖലകളില്‍ വന്‍ നിക്ഷേപമിറങ്ങിയാലേ ഒരു കരകയറല്‍ സാധ്യമാവൂ.
പറയാന്‍ ശ്രമിച്ചതിന്റെ പൊരുള്‍ ഇതാണ്. മാന്ദ്യത്തെക്കുറിച്ചുള്ള സകല ചര്‍ച്ചകളും ജിഎസ്ടി – നോട്ട് നിരോധന പ്രമേയങ്ങള്‍ക്ക് ചുറ്റം കിടന്ന് തിരിയുകയാണ്. വേണ്ടത്ര അറിയാന്‍ ശ്രമിക്കാത്തതിന്റെ തെറ്റാണത്. ഇവയെ മാത്രം ചുറ്റിപ്പറ്റി നിന്നാല്‍ ഈ മാന്ദ്യം ഇനിയും വര്‍ധിക്കും.
അതിലുമെത്രയോ അപ്പുറത്താണ് പ്രശ്‌നങ്ങളും അവയുടെ പരിഹാരവും.